തലസ്ഥാന നഗരത്തിന്റെ അടുത്ത അമ്പതുവർഷത്തേയ്ക്കുള്ള പൊതുഗതാഗത മാർഗ്ഗമാണ് ലൈറ്റ് മെട്രോ. 2012-ൽ ബീജാവാപം ചെയ്ത പദ്ധതി ഇപ്പോഴും ശൈശവദിശയിൽ തന്നെ. ടെക്‌നോ നഗരമായ കഴക്കൂട്ടത്തെയും കരമനയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ലൈറ്റ് മെട്രോയിൽ പ്രതീക്ഷകളേറെ. ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യാനുള്ള തലസ്ഥാനവാസികളുടെ സ്വപ്നമാണ് ലൈറ്റ് മെട്രോ. റോഡിന് മുകളിൽ തൂണുകളിൽ സ്ഥാപിക്കുന്ന ഉയർന്ന ട്രാക്കിൽ വൈദ്യുതിയിൽ ചലിക്കുന്ന ലൈറ്റ് മെട്രോ കോച്ചുകൾക്ക് ഒരു ദിവസം കാൽലക്ഷം പേരെ വഹിക്കാനാകും. പരിസ്ഥിതി മലിനീകരണമില്ലാത്ത, അപകടസാധ്യത കുറഞ്ഞ യാത്രാമാർഗം. അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതിയുടെ പ്രാരംഭ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

വീണ്ടും സാധ്യതാപഠനം

ലൈറ്റ് മെട്രോയെ ടെക്‌നോപാർക്കുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഒരാഴ്ചയ്ക്കുള്ളിൽ സാധ്യതാപഠനത്തിന് ഏജൻസിയെ നിയോഗിക്കും. മൂന്നുമാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് കരാർ. കഴിഞ്ഞ ജൂലായ്‌ 24 ന് ചേർന്ന കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷന്റെ ഭരണസമിതി തീരുമാനമാണ് നടപ്പാക്കുന്നത്.

മെട്രോയെ ലാഭത്തിലാക്കാനുള്ള വഴി തേടുകയാണ്. ടെക്ക്‌നോപാർക്കുമായി ബന്ധിപ്പിക്കാനായാൽ കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് നിഗമനം. ഏതു വിധത്തിൽ ടെക്‌നോപാർക്കിലെ ജീവനക്കാരെ മെട്രോയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പഠനം നടത്തുക. നിലവിലെ പദ്ധതിരേഖയിൽ കാര്യമായ മാറ്റം വരില്ലെന്നാണ് പ്രാഥമിക നിഗമനം. പഠന റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ട് വീണ്ടും കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അന്തിമ അനുമതി കിട്ടിയാൽ മാത്രമേ നിർമാണത്തിലേക്ക് നീങ്ങാനാകുകയുള്ളൂ.

പാലംപണി നീളുന്നു

ട്രാക്കിൽ കയറിയാൽ ലൈറ്റ് മെട്രോ പായുമെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ട്രാക്കിലേക്ക് എത്തിക്കാൻവേണ്ട ഫയൽ നീക്കങ്ങൾ അഴിയാക്കുരുക്കിലാണ്. മെട്രോയുടെ പണി ആരംഭിക്കുന്നതിന് മുമ്പേ തീർക്കേണ്ട മൂന്നു പാലങ്ങളുണ്ട്. ശ്രീകാര്യം, ഉള്ളൂർ, പട്ടം ജങ്‌ഷനുകളുടെ ഗതാഗതക്കുരുക്ക് അഴിക്കാനാണ് ഈ മേല്പാലങ്ങൾ. ലൈറ്റ് മെട്രോ ട്രാക്കിനെ കടത്തിവിടുന്നത് മുൻകൂട്ടി കണ്ടാണ് ഈ പാലങ്ങളുടെ നിർമാണം. 2018-ൽ ആരംഭിക്കേണ്ട പാലം നിർമാണം ഇപ്പോഴും സ്ഥലമേറ്റെടുക്കലിൽ തട്ടിനിൽക്കുകയാണ്. റവന്യുവിനാണ് ഇതിന്റെ ചുമതല. കിഫ്ബിയാണ് തുക അനുവദിക്കേണ്ടത്.

മൂന്ന് സ്ഥലങ്ങളിലും സാമൂഹികാഘാത പഠനങ്ങൾ പൂർത്തിയായി. ശ്രീകാര്യം ജങ്‌ഷനിൽ സ്ഥലമേറ്റെടുക്കൽ നടപടികൾ പ്രാരംഭഘട്ടത്തിലാണ്. ഭൂ ഉടമകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. ഉള്ളൂർ മേല്പാലത്തിന്റെ അന്തിമ രൂപരേഖ 2017 ഡിസംബറിൽ അംഗീകരിച്ചു. പട്ടം മുതൽ പ്ലാമൂട് ജങ്ഷൻവരെ നീളുന്നതാണ് അടുത്ത മേല്പാലം. 2018 ഓഗസ്റ്റിൽ ഭരണാനുമതി നൽകി. മൂന്ന് പാലങ്ങൾക്കുംവേണ്ട സ്ഥലം ഏറ്റെടുത്തുകഴിഞ്ഞാൽ മാത്രമേ ലൈറ്റ് മെട്രോയ്ക്ക് പച്ചക്കൊടി ഉയരുകയുള്ളൂ.

വായ്പ സർക്കാർതിരിച്ചടയ്‌ക്കേണ്ടിവരും

പദ്ധതി ലാഭകരമല്ലെങ്കിലും മുതൽക്കൂട്ടാകുമെന്ന റിപ്പോർട്ടാണ് സമിതി നൽകിയത്. തലസ്ഥാന നഗരത്തിന്റെ അടുത്ത 50 വർഷത്തേയ്ക്കുള്ള പൊതുഗതാഗത ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി ലൈറ്റ് മെട്രോയ്ക്കുണ്ട്. തുടക്കത്തിൽ യാത്രക്കാർ കുറവായിരിക്കും. പ്രാരംഭകാലത്തെ പ്രവർത്തനങ്ങൾക്ക് സർക്കാർ സാമ്പത്തികസഹായം അനിവാര്യം. നഷ്ടമില്ലാതെ പ്രവർത്തിക്കാൻ കുറഞ്ഞത് ഒമ്പതുവർഷം വേണം. ഈ കാലയളവിൽ 143 കോടി സർക്കാർ നൽകണം.

പദ്ധതിവിഹിതത്തിന് പുറമെ 3783 കോടി രൂപയും വായ്പയും പലിശയും സർക്കാർ തിരിച്ചടയ്ക്കണം. വായ്പാ തിരിച്ചടവിന് ഏഴ് മുതൽ പത്തുവർഷംവരെ മൊറട്ടോറിയം ഏർപ്പെടുത്തണം. വായ്പ പൂർണമായും തിരിച്ചടയ്ക്കാൻ വേണ്ടത് 30 വർഷം. ലൈറ്റ് മെട്രോയിൽ നിന്നുള്ള ടിക്കറ്റ് വരുമാനം വായ്പാ തിരിച്ചടവിന് തികയില്ല. ഇത് പൂർണമായും സർക്കാർ വഹിക്കേണ്ടിവരും. വരുമാനം വർധിപ്പിക്കാൻ മെട്രോ പാതയ്ക്ക് സമീപം വരുന്ന കെട്ടിടങ്ങളുടെ നികുതിയും ഭൂമിയുടെ രജിസ്‌ട്രേഷൻ തുകയും വർധിപ്പിക്കണം.

ഡി.എം.ആർ.സി.യുടെ റോൾ

തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതിക്ക് കാർമികത്വം വഹിച്ചത്‌ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം.ആർ.സി.യായിരുന്നു. പദ്ധതി നടത്തിപ്പിലെ അനിശ്ചിതത്വം കാരണം ഡി.എം.ആർ.സി. പിൻമാറുകയും ചെയ്തു. എങ്കിലും നിർണായകനേട്ടങ്ങൾ ഈ കാലയളവിലുണ്ടായി. കൺസൾട്ടൻസി കരാർ പ്രകാരം ഡി.എം.ആർ.സി. ചെയ്ത കാര്യങ്ങൾ.

മെട്രോ സ്‌റ്റേഷനുകൾക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പിനുള്ള വിവരങ്ങൾ തയാറാക്കി.

മേല്പാലങ്ങളുടെ രൂപരേഖയും എസ്റ്റിമേറ്റും നൽകി.

പൈപ്പുകളും കേബിളുകളും മാറ്റിസ്ഥാപിക്കുന്നതിനുള്ള രൂപരേഖ നൽകി.

ലൈറ്റ് മെട്രോ കോച്ചുകളുടെ രൂപകല്പനയും ദർഘാസിന്റെ സാങ്കേതികതയും തയാറാക്കി.

കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് സാങ്കേതിക ഉപദേശം നൽകി.

------------------------------------------------------

ഇഴഞ്ഞുനീങ്ങുന്ന നാൾവഴി....

2012 ഒക്ടോബർ

പദ്ധതി നടത്തിപ്പിനായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷൻ ലിമിറ്റഡ് രൂപവത്കരിച്ചു.

2013 ജൂൺ

ജനറൽ കൺസൾട്ടന്റായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) യുടെ സേവനം തേടുന്നു.

2014 ഒക്ടോബർ

ഡി.എം.ആർ.സി. ലൈറ്റ് മെട്രോ രൂപരേഖ സമർപ്പിക്കുന്നു.

2015 സെപ്തംബർ

പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി

2016 ജനുവരി

പ്രാരംഭ നടപടികളുടെ ഇടക്കാല കൺസൾട്ടന്റായി ഡി.എം.ആർ.സി.യുമായി കരാർ ഒപ്പിടുന്നു. 5.2 കോടി രൂപ പ്രതിഫലം.

2016 സെപ്തംബർ

ശ്രീകാര്യം, ഉള്ളൂർ, പട്ടം മേല്പാലങ്ങൾക്ക് സർക്കാർ അനുമതി. ധനസഹായം കിഫ്ബിയിൽ നിന്ന്. ഡി.എം.ആർ.സി. സമർപ്പിച്ച അന്തിമ രൂപരേഖ സർക്കാർ അംഗീകരിച്ചു.

2017 ഓഗസ്റ്റ്

കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോ റെയിൽ നയം നിലവിൽവന്നു. പുതിയ നയത്തിന് അനുസൃതമായി ലൈറ്റ് മെട്രോ പദ്ധതി രൂപരേഖയിൽ മാറ്റം വേണം. ഇതിനായി ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്തി.

2017 നവംബർ

പുതുക്കിയ പദ്ധതിരേഖ ഡി.എം.ആർ.സി. സമർപ്പിച്ചു. 4219 കോടി രൂപ പ്രതീക്ഷിച്ചത് 4673 കോടി രൂപയായി വർധിച്ചു. 454 കോടി രൂപയുടെ അധികബാധ്യത. കേന്ദ്രനയപ്രകാരം കുറഞ്ഞതോതിലെങ്കിലും സ്വകാര്യപങ്കാളിത്തം അനിവാര്യം. ഡിസംബർ 12 ന് കെ.ആർ.ടി.എൽ. മേല്പാല നിർമാണങ്ങൾക്ക് ടേൺ കീ അടിസ്ഥാനത്തിൽ സ്ഥാപനത്തെ നിയോഗിക്കുന്നതിന് ടെൻഡർ വിളിച്ചു. മേല്പാലങ്ങളുടെ നിർമാണക്കരാർ ഡിസംബർ 31- നകം ഒപ്പുവയ്ക്കാമെന്ന് ഡി.എം.ആർ.സി.യെ കെ.ആർ.ടി.എൽ. അറിയിച്ചു.

2018 ഫെബ്രുവരി 16

പ്രാരംഭ നടപടികളിലെ അനിശ്ചിതത്വം കാരണം ലൈറ്റ് മെട്രോ പദ്ധതി നടത്തിപ്പിൽനിന്നും പിൻമാറുന്നതായി ഡി.എം.ആർ.സി. മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ സർക്കാരിന് കത്ത് നൽകി. പ്രോജക്ട് ഓഫീസുകൾ അടയ്ക്കാനും തീരുമാനിച്ചു.

2018 ഫെബ്രുവരി

പുതിയ രൂപരേഖ പരിശോധിക്കാൻ ധനവകുപ്പ് സെക്രട്ടറിയുടെ സമിതി. ഒരുമാസത്തിനുള്ളിൽ സമിതി സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.

2018 മെയ്

ലൈറ്റ് മെട്രോയുടെ ഭാഗമായി നിർമിക്കുന്ന മേല്പാലങ്ങളുടെ നിർമാണക്കരാർ നൽകാനുദ്ദേശിച്ച കാലാവധി കഴിഞ്ഞു.

2018 ഒക്ടോബർ

പദ്ധതി രൂപരേഖ പരിശോധിച്ച ധനവകുപ്പ് സെക്രട്ടറിയുടെ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

-------------------------------------------------------------

പദ്ധതിച്ചെലവ്

നിർമാണത്തിന് -4673 കോടി രൂപ

കാലാവധി- 5 വർഷം

സ്ഥലമേറ്റെടുക്കലിന് ചെലവ്- 196 കോടി (സംസ്ഥാന സർക്കാർ വഹിക്കണം)

ശേഷിക്കുന്ന 4477 കോടിയിൽ 60 ശതമാനം വിദേശ- തദ്ദേശ വായ്പവഴി

ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡി.യും പരിഗണനയിൽ

20 ശതമാനംവീതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.

സ്ഥലമേറ്റെടുക്കൽ

മെട്രോ സ്‌റ്റേഷനുകൾക്ക് വേണ്ടത് 1.9893 ഹെക്ടർ

യാർഡിന് 7.91 ഏക്കർ സർക്കാർ ഭൂമി അനുവദിച്ചു.

ആദ്യഘട്ടം 21.821 കിലോമീറ്റർ (ഉയർന്ന തൂണുകളിലെ പാത)

പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന വരെ

രണ്ടാംഘട്ടം ആറ്റിങ്ങലിലേക്ക് നീട്ടാനാകും.

മൂന്നുകോച്ചുള്ള ഒരു റെയിലിൽ 600 യാത്രക്കാർ

സ്‌റ്റേഷനുകൾ: 19

ടെക്‌നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം, കഴക്കൂട്ടം ജങ്‌ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, സെക്രട്ടേറിയറ്റ്, തമ്പാനൂർ, കിള്ളിപ്പാലം, കരമന.