കരമന-കളിയിക്കാവിള പാതയിൽ അപകടങ്ങളുടെ തനിയാവർത്തനം. അപകടത്തിൽപ്പെടുന്നതേറെയും കാൽനടയാത്രക്കാരാണ്. ഒരാഴ്ചയ്ക്കിടയിൽ പ്രാവച്ചമ്പലത്തിനും നീറമൺകരയ്ക്കുമിടയിൽ റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചത് രണ്ട് കാൽനടയാത്രക്കാർ.

വ്യാഴാഴ്ച വൈകീട്ട് മരുന്നുവാങ്ങാൻ പുറത്തിറങ്ങിയ വയോധികൻ നേമം ട്രാഫിക് സിഗ്നലിനുസമീപത്ത് വെച്ച് ബൈക്കിടിച്ച് മരിച്ചു. ശനിയാഴ്ചരാത്രി മക്കൾക്ക് ഭക്ഷണം വാങ്ങാൻ റോഡിലെത്തിയ യുവാവ് പാപ്പനംകോടിനു സമീപം തുലവിളയിൽ കാറിടിച്ച് മരിച്ചു. രണ്ട് അപകടങ്ങളിലും വാഹനങ്ങൾ അമിത വേഗതയിലായിരുന്നു.

പല ജങ്ഷനുകളിലും വെളിച്ചക്കുറവുണ്ട്. ഇത് പലേടത്തും അപകടങ്ങളുണ്ടാക്കുന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ വെളിച്ചക്കുറവുകാരണം അമിതവേഗതയിലെത്തുന്ന വാഹനങ്ങൾക്ക് വളരെ അടുത്തെത്തിയാൽ മാത്രമേ ആളെ കാണാൻ കഴിയൂ. ഡ്രൈവർമാരുടെ ശ്രദ്ധകിട്ടുന്ന തരത്തിൽ മീഡിയനുകളിൽ വലിയ റിഫ്ളക്ടറുകൾ ഇല്ലാത്തതും അമിതവേഗത തടയാനും ട്രാഫിക് സിഗ്നലുകൾ ലംഘിച്ച് കടന്നുപോകുന്ന വാഹനങ്ങളെ പിടികൂടാനുമായി നിരീക്ഷണക്യാമറകൾ സ്ഥാപിക്കാത്തതും അപകടങ്ങൾ കൂട്ടുന്നു.

കരമന -കളിയിക്കാവിള പാതയുടെ ഒന്നാം ഘട്ട വികസനം പൂർത്തിയായ പല പോയിന്റുകളും ബ്ലാക്ക് സ്‌പോട്ടായി കണക്കാക്കുന്നു.

വെള്ളായണി ജങ്ഷനിൽ നിന്നും ശാന്തിവിള റോഡിലേക്ക്‌ തിരിയുമ്പോൾ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ പതിവാണ്. അപകടങ്ങളിൽ നിരവധിപേർ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.

വെള്ളായണിയിൽ വാഹനങ്ങൾക്ക് തിരിഞ്ഞുപോകുന്നതിനായി അടുത്തടുത്ത് രണ്ടിടത്താണ് സിഗ്നൽ സ്ഥാപിച്ചിട്ടുള്ളത്.

രാത്രിയിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. അതിനാൽ മീഡിയനുകളിൽ വാഹനം ഓടിക്കുന്നവർക്ക് ശ്രദ്ധകിട്ടുന്ന തരത്തിൽ പ്രകാശമുള്ള ലൈറ്റുകൾ സ്ഥാപിക്കണം. കൂടുതൽ അപകടങ്ങളും നടക്കുന്നത്‌ പാപ്പനംകോട് തുലവിളയ്ക്ക് സമീപത്തെ കല്യാണ മണ്ഡപത്തിനു മുന്നിലാണ്.

ഇവിടെ അശാസ്ത്രീയമായി ഇറക്കത്ത് മീഡിയൻ തുറന്നിരിക്കുകയാണ്. സീബ്രാ ലൈനുമുണ്ട്. സിഗ്നലില്ലാത്തതിനാൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് റോഡുമുറിച്ചുകടക്കുന്നവരെ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. അപകടങ്ങൾ വർധിച്ചതോടെ മീഡിയൻ അടയ്ക്കാൻ പൊതുമരാമത്ത് വിഭാഗം മുമ്പ് ശ്രമിച്ചെങ്കിലും ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് നടക്കാതെ പോയി.

കമ്പിവേലി സ്ഥാപിക്കുക

കാൽനടയാത്രക്കാർക്ക് എവിടെനിന്ന് വേണമെങ്കിലും റോഡ് മുറിച്ചു കടക്കാവുന്ന സ്ഥിതിയാണ്. ഇതൊഴിവാക്കാൻ ഡിവൈഡറുകളിൽ കമ്പിവേലി സ്ഥാപിക്കണം. സിഗ്നലില്ലാത്ത ഭാഗങ്ങളിൽ നിന്നും പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്നവരുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു. നീറമൺകരയ്ക്കും പ്രാവച്ചമ്പലത്തിനുമിടയിൽ നേമം പോലീസ് സ്റ്റേഷനുമുന്നിലും നേമം അടിപ്പാതയ്ക്ക് മുന്നിലും കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് റോഡ് മുറിച്ചുകടക്കാതിരിക്കാൻ ഇരുമ്പിൽ വേലി തീർത്തിട്ടുള്ളത്.

അശ്രദ്ധയും അമിതവേഗതയും

കരമന-കളിയിക്കാവിള പാതയിൽ അപകടങ്ങളിൽ നല്ലൊരു ശതമാനവും അശ്രദ്ധയും അമിതവേഗതയും കാരണമാണ്. ഗതാഗത നിയമലംഘനങ്ങളും നടക്കുന്നുണ്ട്. വാഹനം നിർത്താനുള്ള സിഗ്നൽ തെളിഞ്ഞാലും വകവയ്ക്കാതെ വാഹനങ്ങൾ മുന്നോട്ടെടുക്കുന്നു. കൂടുതലും ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. കാൽ നടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് അശ്രദ്ധമായി മീഡിയന്റെ പല ഭാഗങ്ങളിൽ നിന്നും റോഡ്‌ മുറിച്ചുകടക്കുമ്പോഴാണ്. അടുത്തിടെ അപകടങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 
ബൈജു എൽ.എസ്.നായർ, നേമം പോലീസ് ഇൻസ്‌പെക്ടർ

സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളാണ് പ്രാവച്ചമ്പലം, നേമം, വെള്ളായണി, കാരയ്ക്കാമണ്ഡപം, തുലവിള കല്യാണമണ്ഡപത്തിനു മുൻവശത്തുള്ള തുറന്ന മീഡിയൻ, പാപ്പനംകോട് ജങ്ഷൻ, കൈമനം എന്നിവിടങ്ങൾ.