സുരക്ഷയ്ക്ക്‌ 
1500 പോലീസുകാർ
കാര്യവട്ടം സ്പോർട്‌സ് ഹബ്ബിൽ നവംബർ ഒന്നിനു നടക്കുന്ന ഇന്ത്യ-വിൻഡീസ് ഏകദിന ക്രിക്കറ്റ് മാച്ചിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്ക് 1500 പോലീസുകാരെ നിയോഗിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മിഷണർ പി.പ്രകാശ്, ഡി.സി.പി. ആർ.ആദിത്യ എന്നിവരും 8 എസ്.പി.മാരും മേൽനോട്ടം വഹിക്കും. 
18 ഡിവൈ.എസ്‌.പി.മാർ 60 സി.ഐ.മാർ, 140 എസ്.ഐ.മാർ ഉൾപ്പെടെ 1500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക. തിരുവനന്തപുരം റേഞ്ചിനു കീഴിലുള്ള, കൊല്ലം സിറ്റി, കൊല്ലം റൂറൽ, തിരുവനന്തപുരം റൂറൽ എന്നീ സ്ഥലങ്ങളിൽനിന്നുമാണ് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. ഇവരെക്കൂടാതെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
കളി കാണാൻ വരുന്നവർ ശ്രദ്ധിക്കുക
കളി കാണാൻ വരുന്നവർ ഇ-ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും കൊണ്ടുവരണം. പോലീസ് ഉൾപ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ഒരു ഉദ്യോഗസ്ഥരെയും സ്റ്റേഡിയത്തിന്റെ പരിസരത്തോ ഉള്ളിലോ യാതൊരു കാരണവശാലും പ്രവേശിപ്പിക്കുന്നതല്ല. ഉച്ചയ്ക്ക് 12 മുതൽ മാത്രമേ പൊതുജനങ്ങളെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളൂ. 
പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കറുത്ത കൊടി, പടക്കങ്ങൾ, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ യാതൊന്നും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നതല്ല. കളി കാണാൻ വരുന്നവരുടെ മൊബൈൽ ഫോൺ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നതല്ല. ഭക്ഷണസാധനങ്ങളും വെള്ളവും സ്റ്റേഡിയത്തിനുള്ളിൽ കൊണ്ടുവരാൻ അനുവദിക്കുന്നതല്ല.  ഭക്ഷണസാധങ്ങളും വെള്ളവും സ്റ്റേഡിയത്തിലെ കാണികളുടെ ഇരിപ്പിടത്തിനടുത്തായി ലഭ്യമാക്കുന്നതാണ്.
 പാർക്കിങ് 
ദേശീയപാതയിൽനിന്ന്‌ സ്റ്റേഡിയം കവാടംവരെ ഉള്ളിലേക്ക് കാർ പാസ് ഉള്ളവരുടെ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. മറ്റുള്ള ചെറുവാഹനങ്ങൾ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, എൽ.എൻ.സി.പി.ഇ. മൈതാനം, കാര്യവട്ടം സർക്കാർ കോളേജ്, കാര്യവട്ടം ബി.എഡ്. സെന്റർ എന്നിവിടങ്ങളിൽ പാർക്കു ചെയ്യേണ്ടതാണ്. ഇവിടെ പാർക്കു ചെയ്യാൻ സാധിക്കാത്ത മറ്റു വാഹനങ്ങളും ബസുകളും കഴക്കൂട്ടത്തെ അൽസാജ് കൺവെൻഷൻ സെന്ററിലെ ഗ്രൗണ്ടിൽ പാർക്കു ചെയ്യണം. ഇരുചക്രവാഹനങ്ങൾ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറേ റോഡിലുള്ള മൂന്ന് ഗ്രൗണ്ടുകളിലായി പാർക്കു ചെയ്യണം.
മീഡിയ, പോലീസ് വാഹനങ്ങൾ ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പാർക്കിങ്‌ ഗ്രൗണ്ടിൽ പാർക്കു ചെയ്യേണ്ടതാണ്. അധികമായി വരുന്ന വാഹനങ്ങൾ പാർക്കുചെയ്യാൻ തൊട്ടടുത്തുള്ള മുസ്‌ലിം പള്ളിക്കു പുറകുവശത്തുള്ള താത്കാലിക ഗ്രൗണ്ടും ഉപയോഗിക്കാം. കൂടാതെ ടെക്നോപാർക്കിനു പുറകുവശത്തുള്ള കാര്യവട്ടം ഹോസ്റ്റൽ ക്വാർട്ടേഴ്സ് റോഡിന്റെ ഒരു വശത്ത്‌ പാർക്കുചെയ്യാവുന്നതാണ്.
ഗതാഗത നിയന്ത്രണം 
ശ്രീകാര്യം മുതൽ കഴക്കൂട്ടം വരെ ദേശീയപാതയിൽ ഒരു വാഹനവും പാർക്കുചെയ്യാൻ അനുവദിക്കുന്നതല്ല. ഇതു കൂടാതെ കാര്യവട്ടം മുതൽ പുല്ലാനിവിള വരെയുള്ള റോഡിലും കാര്യവട്ടം മുസ്‌ലിം ജമാ അത്ത് റോഡ് മുതൽ കുരിശ്ശടി വരെയുള്ള റോഡിലും അന്നേദിവസം പാർക്കിങ്‌ അനുവദിക്കുന്നതല്ല. തിരുവനന്തപുരത്തുനിന്നും കൊല്ലം ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഉള്ളൂർ-ആക്കുളം -കുഴിവിള ബൈപ്പാസ്‌ വഴി പോകേണ്ടതാണ്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെട്ടുറോഡിൽനിന്നു തിരിഞ്ഞ്‌ കാട്ടായിക്കോണം-ചെമ്പഴന്തി-  ശ്രീകാര്യം വഴി പോകേണ്ടതാണ്. സ്റ്റേഡിയത്തിലേക്കു വരുന്നവരുടെ വാഹനങ്ങൾ ഉള്ളൂർ, ശ്രീകാര്യം, കാര്യവട്ടം വഴിയാണ് വരേണ്ടതെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

സ്‌പോർട്‌സ് ഹബ്ബ്‌ റെഡി 
ഇന്ത്യ - വിൻഡീസ് ഏകദിന ക്രിക്കറ്റിന് ഇനി രണ്ടു നാൾമാത്രമിരിക്കെ, തിരുവനന്തപുരത്ത് കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബ്ബ്‌ അവസാനവട്ട ഒരുക്കങ്ങളിലാണ്. മത്സരത്തിന്റെ വേദിയൊരുക്കലും അന്താരാഷ്ട്ര നിലവാരത്തിൽത്തന്നെ പുരോഗമിക്കുന്നു. പിച്ചുകളുടെ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.
സ്റ്റേഡിയം വളപ്പിൽ മതിലില്ലാത്ത ഭാഗങ്ങളിൽ ലോഹഷീറ്റുകൾകൊണ്ട് തത്കാല മതിൽ കെട്ടി സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള റോഡുകളിലൂടെയല്ലാതെ മത്സരദിവസം സ്റ്റേഡിയത്തിലേക്ക്‌ അടുക്കാനാവില്ല. മുടക്കം കൂടാതെ വൈദ്യുതി ഉറപ്പാക്കാൻ വലിയ ജനറേറ്ററുകൾ പിടിപ്പിച്ച ലോറികൾ കൊണ്ടുവന്നിട്ടുണ്ട്. മത്സരസംപ്രേഷണത്തിന് വലിയ ഒ.ബി. വാനുകൾ എത്തിച്ചിട്ടുണ്ട്. 
കാണികളെ വരികളിലൂടെ  കടത്തിവിടാൻ സ്റ്റേഡിയം ഗേറ്റുകൾക്കുമുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഗേറ്റുകളിൽ അവയുടെ നമ്പരും മറ്റു സൂചനകളും സ്റ്റിക്കറുകളായി പതിപ്പിച്ചിരിക്കുന്നു. 
 ഗാലറികളിൽ കമ്പനികളുടെ പരസ്യഫലകങ്ങളും ഡിസ്‌പ്ലേ ബോർഡുകളും സ്ഥാപിക്കുന്നുണ്ട്. ഇരിപ്പിടങ്ങൾക്കൊക്കെ നമ്പരുകളിട്ടു. ഗ്രൗണ്ടിലെ പുല്ല് ഒരുക്കി പച്ചവിരിയാക്കി. പിച്ചിന്റെ അവസാന മിനുക്കുപണികൾ കഴിഞ്ഞ ദിവസം നടന്നു. 
വിദേശികൾ അടക്കമുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്. ബൗണ്ടറി അടയാളപ്പെടുത്തൽ, ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയവ കൂടിയാകുമ്പോൾ മത്സരവേദി തയ്യാർ. എന്നാൽ, കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതിനുശേഷം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലേക്ക് പോകാനുള്ള പാത ഇപ്പോഴും തകർന്നുകിടക്കുകയാണ്‌. കയറ്റത്തിലുള്ള ഈ റോഡിൽ ചല്ലി ഇളകിമാറിയ നിലയിലാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഇവിടെ എത്തുന്നവരുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. സ്പോർട്സ് ഹബ്ബ് ആരംഭിച്ചപ്പോൾ മുതൽ ഈ റോഡിന്റെ അവസ്ഥ ഇതാണ്.
വിദ്യാർഥികൾക്കായി 
2000 ടിക്കറ്റുകൾകൂടി 03