അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർതട്ടി റോഡിലേക്കു വീണ ബൈക്ക് യാത്രക്കാരി പിന്നാലെ വന്ന ലോറികയറി മരിച്ചു. കഴിഞ്ഞയാഴ്ച മണക്കാട് ജങ്‌ഷനു സമീപം ആറ്റുകാൽ പാടശേരി സ്വദേശിനി എസ്.ശോഭനയുടെ ജീവൻ അപഹരിച്ചത് അലക്ഷ്യമായി റോഡിലേക്കു തുറന്ന ഒരു കാറിന്റെ ഡോറാണ്. 
ആദ്യമായല്ല ഇത്തരം അപകടങ്ങൾക്ക്‌ തലസ്ഥാനം സാക്ഷിയാകുന്നത്. ഒന്നരവർഷം മുൻപ്‌ സമാനമായ അപകടം കഴക്കൂട്ടം സ്വദേശിയായ വൈദിക വിദ്യാർഥിയുടെ ജീവൻ അപഹരിച്ചിരുന്നു. കണ്ണാശുപത്രിക്ക് എതിർവശത്തു നടന്ന അപകടത്തിനിടയാക്കിയ കാർ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. 
തിരക്കേറിയ റോഡുകളിലെ അനധികൃത പാർക്കിങ്, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾ, ലൈൻ ട്രാഫിക് പാലിക്കാത്ത ഡ്രൈവിങ് തുടങ്ങി ഇത്തരത്തിൽ അപകടങ്ങളേറെയാണ്.  
ഡോർ തുറക്കാനും 
പഠിക്കണം
കാറിന്റെ ഡോർ തുറക്കാൻ പഠിക്കേണ്ടതുണ്ടോ. പരിശീലനം വേണ്ടതുണ്ടോ. വേണമെന്നാണ് ശോഭനയുടെ ജീവനെടുത്ത അപകടം വിരൽ ചൂണ്ടുന്നത്. 
ഒരു ദിവസം കുറഞ്ഞത് 13 പേരെങ്കിലും സംസ്ഥാനത്തു വാഹനാപകടത്തിൽ മരിക്കുന്നുണ്ട്. അതുകൊണ്ടു വാഹനാ
പകടവും മരണവും മലയാളിക്ക് പുതുമയല്ല. 
എന്നാൽ, അപകടം എങ്ങനെ ഒഴിവാക്കാമെന്നതിൽ പഠനം നടത്തുകയും പരിഹാരമാർഗങ്ങൾ ഫലപ്രദമായി നടപ്പാക്കിയതും നമ്മുടെ മുന്നിലുണ്ട്. 
വോൾവോയും സ്‌കാനിയയും ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങൾ ഈ പഠനങ്ങളുടെ ഫലമാണ്. 
കാറുകളുടെ ഡോർ തട്ടി നിരവധി സൈക്കിൾ യാത്രക്കാർ അപകടത്തിൽപ്പെട്ടപ്പോൾ നെതർലൻഡ്‌സുകാർ അപകടമൊഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. സുരക്ഷിതമായി ഡോർ തുറക്കുന്നതിന് അവർ ഒരു ശൈലി കണ്ടെത്തി.
പതിവുരീതി 
അപകടകരം
ഡോറിനോടു ചേർന്നിരിക്കുന്ന കൈകൊണ്ട് ഹാൻഡിൽ ലോക്ക് മാറ്റി ഡോർ തുറക്കുന്ന രീതിയാണ് നമ്മൾ പിന്തുടരുന്നത്. 
ശരീരം ആയാസപ്പെടാതെ ഡോർ തുറക്കാനാകും. ഈ രീതിയിൽ ഡോർ തുറക്കുമ്പോൾ പാർശ്വഭാഗത്തെ കാഴ്ചകൾ ശ്രദ്ധിക്കില്ല. പിന്നാലെ വരുന്നത് വലിയ വാഹനങ്ങളാണെങ്കിൽ ഡോർ തുറക്കുന്നവർക്കും അപകടമുണ്ടാകാം.
 
ബൈക്ക് യാത്രികരുടെ ശ്രദ്ധയ്ക്ക് ;
അര മീറ്ററെങ്കിലും അകലം വേണം
നിർത്തിയിട്ടിരിക്കുന്ന കാറുകളോടുചേർന്ന് വാഹനം ഓടിക്കാതിരിക്കുക. കുറഞ്ഞത് അരമീറ്ററെങ്കിലും അകലം പാലിച്ചുവേണം കടന്നുപോകേണ്ടത്. ഹോൺ മുഴക്കുന്നത് കാർ ഡ്രൈവറുടെയോ യാത്രക്കാരന്റെയോ ശ്രദ്ധ ആകർഷിക്കും അപകടം ഒഴിവാകും. പുതിയ തലമുറ കാറുകളിൽ രണ്ടുഘട്ടമായിട്ടാണ് ഡോർ തുറന്ന് വരുന്നത്. ലോക്ക് മാറ്റി ഡോർ തള്ളുമ്പോൾ പകുതി മാത്രമേ തുറക്കുകയുള്ളൂ. വീണ്ടും ശക്തിയോടെ തള്ളിയാൽ മാത്രമേ ഡോർ പൂർണമായും തുറന്നു മാറുകയുള്ളൂ. ഡ്രൈവർക്കോ യാത്രക്കാരനോ പുറത്തിറങ്ങണമെങ്കിൽ ഡോർ പൂർണമായും തള്ളിത്തുറക്കേണ്ടിവരും. നമ്മുടെ റോഡുകളിൽ അനധികൃത പാർക്കിങ് സ്ഥിരമായതിനാൽ റോഡരുകിൽ കാറുകളുടെ നീണ്ടനിര കാണാറുണ്ട്. 
മറ്റു വാഹനങ്ങളുടെ ഇടതുവശത്തുകൂടി മറികടക്കുന്ന പ്രവണത ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്ക് കൂടുതലാണ്. ഭൂരിഭാഗം കാറുകളുടെയും ഡോർ ഹാൻഡിലിനോട് ചേർന്നുവരുന്ന ഭാഗത്തിനാണ് നീളം കൂടുതൽ. ഇത്തരം ഡോറുകൾ തുറന്നുവരുമ്പോൾ നീളം കൂടിയ ഭാഗം ബൈക്ക് ഹാൻഡിലിനു സമാന്തരമായി വരും. ചെറിയ തട്ടുപോലും ബൈക്ക് യാത്രികരുടെ നിയന്ത്രണം നഷ്ടമാക്കും. ബൈക്ക് ഹാൻഡിൽ ഡോറുമായി തട്ടുമ്പോൾ യാത്രക്കാരൻ എതിർദിശയിലേക്കു തെറിച്ച് വീഴാനാണ് സാധ്യത കൂടുതൽ. ഹാൻഡിൽ പെട്ടെന്ന് ഇടത്തേക്കു തിരിയുമ്പോൾ മുന്നിലേക്ക് ആയാനും റോഡിലേക്കുതന്നെ വീഴാനും സാധ്യത കൂടും. വലതുവശത്ത് മറ്റേതെങ്കിലും വാഹനം ഉണ്ടെങ്കിൽ അപകടം ഉറപ്പാണ്. 
 
വാഹനങ്ങളുടെ ഡോർ തട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ മുൻകൈയെടുത്തത് നെതർലൻഡ്‌സുകാരാണ്. ഡോറിനോട് ചേർന്നിരിക്കുന്ന കൈകൊണ്ട് തുറക്കുന്നതിനു പകരം എതിർവശത്തെ കൈ ഉപയോഗിച്ച് ഡോർ തുറക്കുന്നതിനെയാണ് ഡച്ച്‌റീച്ച് രീതി എന്ന് വിളിക്കുന്നത്. എതിർവശത്തെ കൈ ഡോർ ഹാൻഡിലിലേക്ക് എത്തുമ്പോൾ ഡോർ തുറക്കുന്ന വ്യക്തിയുടെ മുഖം വാഹനത്തിന്റെ ഗ്ലാസിനോടു ചേർന്ന് വരും. ഹാൻഡിലും ലോക്കും തുറക്കുമ്പോൾ മുഖം സ്വഭാവികമായി പിന്നിലേക്കു തിരിക്കേണ്ടിവരും. വാഹനത്തിനോടു ചേർന്നുവരുന്ന എന്തും ഉടൻ കണ്ണിൽപെടും. ഇത് ശീലമാക്കുന്നതോടെ അപകടം ഒഴിവാക്കാനാകും.