1982-ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ അത്‌ലറ്റാണ് പദ്‌മിനി തോമസ്. കേരള സ്‌പോർട്‌സ്‌ കൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ബഹുമതിയും ഈ കോട്ടയംകാരിക്ക്‌ സ്വന്തം. 
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ചേച്ചി കെസിയമ്മയാണ് പദ്‌മിനിയെ നീന്തൽ പഠിപ്പിച്ചത്. കോട്ടയം അയ്‌മനത്തെ  വീടിനടുത്തു കൂടി ഒഴുകുന്ന മീനച്ചിലാറ്റിൽ വാഴപ്പിണ്ടികൾ കൂട്ടിക്കെട്ടിയായിരുന്നു നീന്തൽ പഠനം. എട്ടാം വയസ്സിൽ  മീനച്ചിലാറിനെ കീഴടക്കിയ  കോട്ടയംകാരി പെൺകുട്ടി അവിടെനിന്നും കളം മാറ്റിച്ചവിട്ടിയത് അത്‌ലറ്റിക്‌സിലേക്കാണ്.
 അത്‌ലറ്റിക്‌സിൽ ജില്ലാ ചാമ്പ്യനെന്ന തുടക്കത്തിൽനിന്നും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഇരട്ട മെഡൽ ജേതാവ് എന്ന നിലയിലേക്ക് പദ്‌മിനി വളർന്നു. റെയിൽവേയിൽ ഉദ്യോഗസ്ഥയായും കോച്ചായും കേരള സ്‌പോർട്‌സ് കൗൺസിലിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റായുമൊക്കെ ശോഭിക്കാനും പദ്‌മിനിക്കായി. എട്ടാം വയസ്സിൽ മീനച്ചിലാർ കീഴടക്കിയ അതേ ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ നേരിട്ട പദ്‌മിനി കായികലോകത്തും കായിക ഭരണരംഗത്തും തന്റെ കൈയൊപ്പു ചാർത്തി. ഇതിനിടയിൽ അർജുന അവാർഡും ജി.വി.രാജാ അവാർഡുമടക്കമുള്ള ബഹുമതികളും പദ്‌മിനിയെത്തേടിയെത്തി.
വഴിവിളക്കുകളായി 
അമ്മയും ചേച്ചിയും
വീട്ടിലെ ഇളയമകളായ പദ്‌മിനിക്ക് രണ്ടാം വയസ്സിൽ അച്ഛനെ നഷ്ടമായതാണ്. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ കെ. തോമസ്.  ഒരു ഇടത്തരം കുടുംബത്തിൽ ഭർത്താവിന്റെ വിയോഗത്തിനുശേഷം മറിയാമ്മയെന്ന വീട്ടമ്മ പദ്‌മിനിയെയും ചേച്ചിമാരായ മോളിക്കുട്ടിയെയും  കെസിയമ്മയെയും പ്രതിസന്ധികളെ നേരിട്ടു തന്നെയാണ് വളർത്തിയത്. 
നേരെ മൂത്തയാളായ കെസിയമ്മ സ്കൂളിലെ തിളങ്ങുന്ന അത്‌ലറ്റായിരുന്നു. ചേച്ചി സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്നതു കണ്ടാണ് പദ്‌മിനിയും അത്‌ലറ്റിക്‌സിലേക്ക് തിരിഞ്ഞത്. ചേച്ചി പഠിച്ച കരിപ്പൂത്തട്ട് ഗവ.യു.പി.സ്കൂളിൽ വച്ച് അത്‌ലറ്റിക്‌സിന്റെ ബാലപാഠങ്ങൾ പഠിച്ചു. അവിടത്തെ പണിക്കർ സാറും ലീലാമ്മ ടീച്ചറുമൊക്കെ പ്രോത്സാഹനവുമായി കൂടെ നിന്നു.
എട്ടാം ക്ലാസ് മുതൽ  കോട്ടയം മെഡിക്കൽ കോളേജ് ഹൈസ്കൂളിൽ. അവിടെ ഗോപാലകൃഷ്ണൻ സാറും ആന്റണി സാറുമൊക്കെ വഴികാട്ടികളായി. സ്കൂളിൽനിന്നും എന്നും ഉച്ചയ്ക്ക് ഇ.എസ്.ഐ. ഗ്രൗണ്ടിലേക്ക് നടന്നുപോയി പരിശീലിക്കും. അങ്ങനെയാണ് മാന്നാനം ബോയ്‌സ് സ്കൂളിലെ കോച്ച് ജോർജ് കരിയത്തറ സാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. നട്ടുച്ചയ്ക്ക് ഓടിപ്പരിശീലിക്കുന്ന എട്ടാം ക്ലാസുകാരി പെൺകുട്ടിക്ക് അ്തലറ്റിക്‌സിനോടുള്ള ആത്മാർപ്പണം മനസ്സിലാക്കിയ അദ്ദേഹവും  എല്ലാ പിന്തുണയുമായി കൂടെനിന്നു.അക്കൊല്ലം ആലുവയിൽ നടന്ന സംസ്ഥാന മീറ്റിൽ ചാമ്പ്യനായി. പിന്നീട് പദ്‌മിനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്കൂൾതലത്തിൽ 100, 200 മീറ്ററുകളിലെല്ലാം ദേശീയതലത്തിൽ തന്നെ വിജയം കൈവരിച്ചു. അമ്മയായിരുന്നു അപ്പോഴെല്ലാം ബലവും പിന്തുണയും.
അൽഫോൻസയിൽ നിന്ന്‌
റെയിൽവേയിലേക്ക്
പത്താം ക്ലാസ് ജയിച്ചതോടെ പദ്‌മിനിയെ ടീമിലെടുക്കാൻ  നിരവധി കോളേജുകളെത്തി. പാലാ അൽഫോൻസയിലാണ് അവർ ചേർന്നത്. ജോസഫ് മനയാനിയായിരുന്നു പരിശീലകൻ. അതും പദ്‌മിനിയുടെ കരിയറിൽ വഴിത്തിരിവായി. ഇന്നത്തേതുപോലെ അന്നും കായിക ഇനങ്ങളിൽ പാലാ അൽഫോൻസയും ചങ്ങനാശ്ശേരി അസംപ്ഷനുമായി മേധാവിത്വത്തിനായി മത്സരമാണ്. രണ്ടും അക്കാദമിക് രംഗത്തും കായിക രംഗത്തും ഒരുപോലെ മുന്നിലുള്ള കോളേജുകൾ. അസംപ്ഷനായിരുന്നു അത്‌ലറ്റിക്‌സിൽ  പലപ്പോഴും ചാമ്പ്യൻ പട്ടം. പദ്‌മിനിയെത്തിയതോടെ മനയാനി സാർ പറഞ്ഞു. ‘‘നീ 400 മീറ്ററിൽക്കൂടി മത്സരിക്കണം.’’ അങ്ങനെ 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 4x100, 4x400 മീറ്റർ റിലേകൾ എന്നിവയിലെല്ലാം പദ്‌മിനി ഇറങ്ങി. വിജയവും കോളേജിന് ചാമ്പ്യൻ പട്ടവും സമ്മാനിച്ചു.
പദ്‌മിനിയെ 400 മീറ്ററിലേക്ക് ശ്രദ്ധകേന്ദ്രീകരിപ്പിച്ചത് മനയാനി സാറാണ്.  ഭാവിയിൽ ഇന്ത്യക്ക് ഒരു ഏഷ്യൻ മെഡലിലേക്കുള്ള തിരിച്ചുവിടലായിരുന്നു അത്. സർവകലാശാലാ തലത്തിലും അന്തസ്സർവകലാശാലാതലത്തിലും  നേട്ടങ്ങൾ ആവർത്തിക്കാൻ പദ്‌മിനിക്കായി. അൽഫോൻസയിലെ പഠനത്തിനിടയിലും അമ്മയാണ് താങ്ങും തണലുമായി നിന്നത്. 
ഹൈദരാബാദിൽനടന്ന സീനിയർ നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പ്രശസ്തതാരം കമൽജിത് സന്ധുവിന്റെ പേരിലുള്ള 400 മീറ്ററിലെ റെക്കോഡ് തകർത്തതോടെ     (1970-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ സ്വർണം നേടിയ കമൽജിത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ഇന്ത്യ ഇന്ത്യൻ വനിതാ അത്‌ലറ്റാണ്) ഏറെ ശ്രദ്ധിക്കപ്പെട്ടു.
വൈകാതെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പിലേക്ക് പദ്‌മിനിക്ക് വിളിവന്നു. പട്യാലയിലായിരുന്നു ക്യാമ്പ്. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി വനിതയായെങ്കിലും മഞ്ഞപ്പിത്തം മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
വൈകാതെ 1979-ൽ ദക്ഷിണ റെയിൽവേയിൽ ജോലികിട്ടി. തിരുവനന്തപുരത്തായിരുന്നു നിയമനം. ജോലിക്കൊപ്പം ഒറ്റയ്ക്ക് പരിശീലനവും തുടങ്ങി. ധനുവച്ചപുരം കോളേജിലെ കായികാധ്യാപകനായിരുന്ന സോമനായിരുന്നു പരിശീലനം നൽകിയത്. നട്ടുച്ചയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. കോട്ടയം ഇ.എസ്.ഐ. ഗ്രൗണ്ടിൽ ഉച്ചയ്ക്ക്‌ ഓടി പരിശീലിച്ച അതേ ഉത്സാഹത്തോടും വാശിയോടും കൂടിയായിരുന്നു  തിരുവനന്തപുരത്തെ പരിശീലനവും. ഇതിനിടെ ദേശീയ മീറ്റുകളിലും റെയിൽവേ മീറ്റുകളിലും പദ്‌മിനി വിജയക്കൊടി പാറിച്ചുകൊണ്ടേയിരുന്നു.
ഏഷ്യൻ ഗെയിംസിലെ 
ഇരട്ട മെഡൽ
1982-ൽ ഏഷ്യൻ ഗെയിംസ് രണ്ടാം വട്ടം ഇന്ത്യയിലെത്തിയപ്പോൾ മലയാളി അത്‌ലറ്റുകളും ആവേശത്തിലായിരുന്നു. സ്വന്തം രാജ്യത്ത് നടക്കുന്ന ഏഷ്യയുടെ മഹാമേളയിൽ പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്യുക ഏതൊരു അത്‌ലറ്റിന്റെയും സ്വപ്‌നസാക്ഷാത്കാരമാണ്. അന്ന് സ്വന്തമായി ഒരു കോച്ചുപോലും പദ്‌മിനിക്കില്ല. ഇന്ത്യൻ ടീമിൽ ഇടം നേടാനള്ള മത്സരത്തിൽ അതൊന്നും തടസ്സമേയായില്ല. അന്നത്തെ പ്രമുഖതാരങ്ങളായ റീത്താ സെന്നിനെയും  ഹമീദാ ബാനുവിനെയും തോൽപ്പിച്ച് പദ്‌മിനി ഒന്നാമതെത്തി. അക്കാലത്ത് നമ്പ്യാർ സാർ നൽകിയ പ്രചോദനങ്ങൾ ഏറെ ആത്മവിശ്വാസം നൽകിയതായും പദ്‌മിനി പറയുന്നു.
ബെംഗളൂരുവിലും പട്യാലയിലുമായി നടന്ന ക്യാമ്പുകൾക്കു ശേഷം ഏഷ്യൻ ഗെയിംസിന് അരങ്ങൊരുങ്ങി. റീത്താ സെന്നിനെയാണ് മെഡൽ പ്രതീക്ഷയായി ഇന്ത്യ കണ്ടിരുന്നത്. ഫൈനലിൽ പ്രതീക്ഷിച്ച ലെയ്ൻ കിട്ടിയില്ലെങ്കിലും ഇതൊന്നും പദ്‌മിനിയുടെ പോരാട്ടവീര്യത്തെ തളർത്തിയില്ല. ജപ്പാൻ താരങ്ങളായ ഹിരോമി ഇസോസാക്കിക്കും യുങ്കോ യോഷിഡയ്ക്കും പിന്നിൽ വെങ്കലവുമായി അവർ ഇന്ത്യയുടെ അഭിമാനമായി. അന്ന് മെഡലുമായി വിക്ടറി സ്റ്റാൻഡിൽ നിന്നപ്പോൾ എന്റെ രാജ്യത്തിനായി ഇത്രയുമെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലായിരുന്നുവെന്ന് പദ്‌മിനി പറയുന്നു.400 മീറ്ററിനു പിന്നാലെ 4x400 മീറ്റർ റിലേയിൽ പദ്‌മിനിയും സംഘവും ഇന്ത്യക്ക് വെള്ളിയും സമ്മാനിച്ചു. എം.ഡി.വത്സമ്മ, റീത്താ സെൻ, ഹമീദാ ബാബു എന്നിവരായിരുന്നു ടീം അംഗങ്ങൾ.ദീർഘകാലത്തെ പ്രണയത്തിനുശേഷം 1983-ൽ അത്‌ലറ്റ് ജോൺ സെൽവനുമായുള്ള വിവാഹം. വിവാഹശേഷം വൈകാതെ അത്‌ലറ്റിക്സ് രംഗത്തുനിന്നു വിടവാങ്ങി. എങ്കിലും ആറു വർഷത്തോളം റെയിൽവേയ്ക്കുവേണ്ടി മത്സരിച്ച്‌ വിജയപരമ്പര തുടർന്നു. പിന്നീട് റെയിൽവേ ടീമിന്റെ പരിശീലകയുമായി.  അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു. ജി.വി.രാജാ അവാർഡും നേടി. ഇതിനിടയിൽ സിനിമയിലും സീരിയലുകളിലും അഭിനയിച്ചു. പഴയ പാട്ടുകളുടെ ആരാധികയായ പദ്‌മിനി പാടുകയും ചെയ്യും.
സ്‌പോർട്‌സ് കൗൺസിലിന്റെ 
ആദ്യ വനിതാ പ്രസിഡന്റ്
കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന വിശേഷണവുമായാണ് പദ്‌മിനി ചുമതലയേറ്റത്. കായികതാരമെന്ന നിലയിൽ സ്കൂൾ തലം മുതലുള്ള അനുഭവങ്ങൾ പുതിയ ചുമതലയിൽ ഗുണകരമായി. കായികതാരങ്ങളോട് അനുഭാവപൂർണമായ സമീപനത്തോടെ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു. റെയിൽവേയിലെ ഔദ്യോഗിക അനുഭവസമ്പത്തും വിവിധ സംഘടനകളിൽ പ്രവർത്തിച്ചതുമെല്ലാം പുതിയ ചുമതലയിൽ പദ്‌മിനിയെ സഹായിച്ചു.
2015-ൽ കേരളം ആതിഥേയരായ ദേശീയ ഗെയിംസ് വിജയകരമായി നടത്താനായി. മറ്റു സംസ്ഥാനങ്ങളിൽ ജോലിചെയ്തിരുന്ന താരങ്ങളെ കേരളത്തിനുവണ്ടി മത്സരിപ്പിക്കാനായി. ഇത് മെഡൽവേട്ടയിൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഒന്നാമതെത്താൻ കേരളത്തെ സഹായിച്ചു. ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളിൽ ഭൂരിഭാഗത്തിനും സർക്കാർ ജോലി ലഭിച്ചതും ഏറെ സന്തോഷം നൽകിയ അനുഭവമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം കോളേജ് ഗെയിംസ് പുനരാരംഭിക്കാനും സാധിച്ചു.
തിരുവനന്തപുരം ഇഷ്ടം...
1979-ൽ തിരുവനന്തപുരത്തെത്തിയതാണ് പദ്‌മിനി. വിവാഹത്തോടെ തിരുവനന്തപുരത്തിന്റെ മരുമകളായി. നഗരത്തിന്റെ പച്ചപ്പാണ് ഏറെ ഇഷ്ടപ്പെടുന്നത്. പുലർച്ചെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ എക്സർസൈസ് ചെയ്തും അവിടത്തെ മരങ്ങളിലെ ചില്ലകളിലിരിക്കുന്ന പക്ഷികളുടെ മധുരസ്വരം കേട്ടും പാളയം പള്ളിയിൽ നിന്നും സി.എസ്.ഐ. പള്ളിയിൽ നിന്നുമുയരുന്ന മണിനാദത്തിൽ അലിഞ്ഞും  രാവിലെ നിയമസഭാമന്ദിരത്തിൽ ദേശീയ പതാക ഉയരുന്നതുകണ്ടും പദ്‌മിനി തിരുവനന്തപുരവുമായുള്ള ഇഷ്ടം തുടർന്നുകൊണ്ടേയിരിക്കുന്നു. ജീവിതത്തിലെന്നും തുണയായിനിന്ന അമ്മ അന്ത്യവിശ്രമംകൊള്ളുന്നത് പാറ്റൂരിലാണ്.  ജന്മനാടായ കോട്ടയത്തെ ഏറെ ഇഷ്ടമാണെങ്കിലും തിരുവനന്തപുരം ഹൃദയം കീഴടക്കിക്കഴിഞ്ഞു. റെയിൽവേയിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറാണ് ഇപ്പോൾ പദ്‌മിനി. ഭർത്താവ് ജോൺ സെൽവൻ അടുത്തിടെ റെയിൽവേയിൽ നിന്നും ചീഫ് ടിക്കറ്റ് എക്‌സാമിനറായി വിരമിച്ചു. മകൾ ഡയാനയും മകൻ ഡാനിയും മരുമകൻ കെ.ജെ.ക്ലിന്റണും കായിക താരങ്ങളായിരുന്നു. ഡയാനയും ക്ലിന്റണും റെയിൽവേയിൽ ഉദ്യോഗസ്ഥരാണ്. മരുമകൾ നിമ്മി എൽസ മോൺലി. വഴുതക്കാട് രാജീവ് നഗറിലാണ് താമസം.