കോവളത്തെ തീരത്തോടടുത്ത കടലിൽ കടൽപ്പായലുകളുടെ കോളനി കണ്ടെത്തി. പഡിന എന്ന ജനുസ്സിൽപ്പെട്ട ടെട്രാസ്‌ടോമാറ്റിക്ക എന്നയിനം കടൽപ്പായലുകളുടെ കോളനിയാണിത്. ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫിന്റെ (എഫ്.എം.എൽ) പഠനസംഘം കണ്ടെത്തിയ ഈ കോളനി അടുത്തടുത്തായുള്ള എട്ട് പാറകളിലായാണ് പടർന്നുകിടക്കുന്നത്. 
 ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്ന, ഉറച്ച അടിത്തറയുള്ള കടൽഭാഗത്താണ് സാധാരണയായി കടൽപ്പായലുകൾ കാണപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിൽ കോവളം മുതൽ ചൊവ്വര വരെയുള്ള ഭാഗത്ത് ഇവ ധാരാളമുണ്ടായിരുന്നു. 
  2014-15 ൽ നടത്തിയ  പഠനത്തിൽ ഈ മേഖലയിൽനിന്ന് മുപ്പതോളം ഇനം കടൽപ്പായലുകളെ കണ്ടെത്തിയിരുന്നു. തവിട്ടുനിറത്തിലുള്ള സർഗാസ്സം, പഡിന എന്നീയിനങ്ങളും പച്ചനിറത്തിലുള്ള  അൾവാ എന്നിവയുമായിരുന്നു ഇവയിൽ പ്രധാനം.  എന്നാൽ വിഴിഞ്ഞം തുറമുഖനിർമാണത്തിനായുള്ള ഡ്രെഡ്ജിങ് കാരണം ഇവയുടെ ആവാസയിടങ്ങൾ പലതും നശിച്ചതായി എഫ്.എം.എൽ. കോ-ഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു. 
  ഇപ്പോൾ കണ്ടെത്തിയ കോളനിക്കും ഭീഷണിയുണ്ട്. അടുത്തിടെ എഫ്.എം.എൽ. കണ്ടെത്തിയ ഉപദ്രവകരമായ മഞ്ഞുപാളി പവിഴപ്പുറ്റുകൾക്ക് (സ്‌നോ ഫ്ളേക് കോറൽ) അഞ്ഞൂറ് മീറ്റർ അടുത്താണ് ഇവ. ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും റോബർട്ട് പനിപ്പിള്ള പറഞ്ഞു. കരയിലെപ്പോലെ സമുദ്രപരിസ്ഥിതിയുടെയും സംരക്ഷണത്തിന് അടിയന്തര  ഇടപെടൽ വേണമെന്നും എഫ്.എം.എൽ. ആവശ്യപ്പെടുന്നു. 
 പഡിന പോലുള്ള കടൽപ്പായലുകളിൽ ഉള്ള അൽജിനെറ്റിന്റെ എന്ന ജൈവരാസ സ്വഭാവമുള്ള പദാർത്ഥം മനുഷ്യശരീരത്തിൽ രോഗം പരത്തുന്ന ബാക്ടിരീയകൾക്കെതിരേയും കാൻസർ തടയുന്ന ആന്റി ഓക്‌സിഡന്റായും പ്രവർത്തിക്കാൻ ശേഷിയുള്ളതാണെന്ന് മറൈൻ ബയോളജിസ്റ്റ് അനീഷ അനി ബെനഡിക്ട് പറഞ്ഞു. 
 മനുഷ്യശരീരത്തിന് ഊർജം നൽകുന്ന പോളി സാക്കറൈഡ്‌ ഇവയിൽ കൂടുതലായുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹം ചെറുക്കാനുള്ള ഭക്ഷണ പദാർത്ഥമായും ഉപയോഗിക്കാം. ഇവയെ സംരക്ഷിക്കാനും മനുഷ്യന് പ്രയോജനകരമായ ഉത്പന്നങ്ങൾ നിർമിക്കാൻ വിദഗ്ധ പഠനങ്ങൾ നടത്താൻ സമുദ്ര ഗവേഷണ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് ആവശ്യപ്പെട്ടു. 
 ഒട്ടേറെ സമുദ്രജീവികളുടെ ആവാസകേന്ദ്രം കൂടിയായ കടൽപ്പായലുകൾക്ക് സമുദ്ര പരിസ്ഥിതിയിൽ വലിയ പ്രാധാന്യമുണ്ട്.  വർണമത്സ്യങ്ങൾ, ഞണ്ടുകൾ തുടങ്ങി നിരവധി മത്സ്യങ്ങൾ പ്രജനനം നടത്തുന്നത് ഇവിടെയാണ്.
 കടലിലെ ഒരിനം ചിറ്റാ കൊഞ്ചുകൾ പഡിന ഇലകൾ ഭക്ഷണമാക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികളും പറയുന്നു. 
 ഓക്‌സിജന്റെ അളവ് നിലനിർത്തുന്നതിൽ  ഭൂമിയിലെ മഴക്കാടുകൾക്കൊപ്പം പ്രാധാന്യമുണ്ട് കടലിലെ ഈ കോളനികൾക്കും. കരയിലെ മരങ്ങളെയും കണ്ടൽക്കാടുകളെയുംപോലെ സംരക്ഷിക്കപ്പെടേണ്ടവയാണ് കടലിലെ സസ്യങ്ങളും.