പനിപ്പേടിയിലാണ് ഓരോ തലസ്ഥാനവാസിയും. മാരകമായാൽ മരണംവരെ സംഭവിക്കാവുന്ന എലിപ്പനി, ഡെങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നിവയ്ക്ക് ചികിത്സാ സൗകര്യങ്ങളും പ്രതിരോധവും ഒരുക്കുന്നതിൽ നഗരസഭയും ആരോഗ്യവകുപ്പും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. വൈറൽപ്പനി പോലുള്ള പകർച്ചപ്പനി ബാധിച്ച് നഗരത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഓരോ ദിവസവും ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം അനിയന്ത്രിതമാണ്. ഏറ്റവും കൂടുതൽ പേർ ചികിത്സയ്ക്കായെത്തുന്നത് ജനറൽ ആശുപത്രിയിലാണ്. ഫോർട്ട് ആശുപത്രി, തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പേരൂർക്കട ജില്ലാ ആശുപത്രി തുടങ്ങി നഗരത്തിലെ മറ്റു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെല്ലാം പനിബാധിതരുടെ തിരക്കാണ്. വട്ടിയൂർക്കാവ്, ബീമാപ്പള്ളി, വള്ളക്കടവ്, വലിയതുറ, നേമം, വഞ്ചിയൂർ, തിരുവല്ലം, പുത്തൻതോപ്പ്, മണക്കാട്, മുക്കോല, കരകുളം, മലയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത്. ഇവിടങ്ങളിൽ കൊതുകിന്റെ എണ്ണം കൂടുതലാണെന്ന് നേരത്തെ തന്നെ ജില്ലാ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. ജില്ലാ ഹോമിയോ ആശുപത്രി, ആയുർവേദ കോളേജ് എന്നിവിടങ്ങളിലും പനിക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരപരിധിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മുതലെടുപ്പിന് ചിലരും
പനിക്കാലം മുതലെടുത്ത് ചില ചികിത്സകരും രംഗത്തെത്തിയിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർധിപ്പിച്ചു തരാമെന്ന വാഗ്ദാനമാണ് ഇക്കൂട്ടർ നൽകുന്നത്. ഇത് കാണിച്ചുള്ള ബാനറുകളും നഗരത്തിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
തിരക്ക് കുറയ്ക്കാൻ നടപടിയില്ല'
ജനറൽ ആശുപത്രിയിൽ രാവിലെ ആറു മുതൽ രോഗികൾ ഡോക്ടറെ കാണാനായി ഒ.പി. ടിക്കറ്റ് എടുക്കാനെത്തും.
എട്ടു മണിക്ക് ഒ.പി. ടിക്കറ്റ് നൽകാൻ തുടങ്ങുമ്പോഴേക്കും രോഗികളുടെ ക്യൂ അനിയന്ത്രിതമായിട്ടുണ്ടാവും.
ഡോക്ടറെ കാണാൻ മണിക്കൂറുകളോളം ക്യൂ നിൽക്കണമെന്നുള്ളതു കൊണ്ടാണ് പലരും പുലർച്ചെ തന്നെ ആശുപത്രിയിലെത്തുന്നത്. ജനറൽ ആശുപത്രിയിൽ രാവിലെ പനി ക്ലിനിക്കിന് മുന്നിൽ തുടങ്ങുന്ന ക്യൂ രാത്രി ഒമ്പതായാലും തീരാറില്ല.
ഡോക്ടറെ കണ്ടതിന് ശേഷം രക്തപരിശോധനയ്ക്കും മരുന്നു വാങ്ങുന്നതിനുമുള്ള ക്യൂവിലേക്ക് എത്തുമ്പോഴേക്കും പലരും തളർന്നിട്ടുണ്ടാകും.
ആശുപത്രിയുടെ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളടക്കമുള്ളവർ വിശ്രമിക്കാൻ കിടക്കുന്നത് ഇപ്പോൾ ജനറൽ ആശുപത്രിയിലെ പതിവ് കാഴ്ചയാണ്. മെഡിക്കൽ കോളേജിൽ പുതുതായി തുടങ്ങുന്ന പനിവാർഡിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും.
പനിബാധിതരുടെ തിരക്ക് കൂടിയതോടെ നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിനായി ഒ.പി. ടിക്കറ്റ് പോലും നൽകുന്നില്ല.
പനിബാധിച്ചെത്തുന്നവരെ അഡ്മിറ്റ് ചെയ്യാനുള്ള പരിധി കഴിഞ്ഞതായും സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നു.
പൈപ്പുപൊട്ടലും
ഡ്രെയിനേജ് ചോർച്ചയും
വെള്ളക്കെട്ടും
ഉറവിട കൊതുകുനശീകരണമാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത് കുറയ്ക്കുന്നതിനായുള്ള മാർഗം. എന്നാൽ നഗരത്തിൽ പലയിടത്തും കുടിവെള്ള പൈപ്പുകളും ഡ്രെയിനേജും പൊട്ടിയൊഴുകി വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇവയുടെ തകരാറുകൾ യഥാസമയം പരിഹരിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നില്ല. ഫോഗിങ്ങും സ്‌പ്രേയിങ്ങും നടത്തുന്നതായി നഗരസഭ അവകാശപ്പെടുന്നുണ്ടെങ്കിലും കൊതുക് പെരുകുന്നതിൽ ഒരു കുറവുമില്ല.
ആശുപത്രികളോട് ചേർന്ന് മലിനജലം കെട്ടിക്കിടക്കുന്ന കാഴ്ചയ്ക്കും കുറവില്ല. ഫോർട്ട് ആശുപത്രിയിലെ പൊതുപൈപ്പിനോട് ചേർന്നുള്ള ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു. ജനറൽ ആശുപത്രിയിൽ മുപ്പത്തഞ്ചിലധികം ഡോക്ടർമാർക്ക് ഡെങ്കിബാധിച്ചത് തന്നെ ഇതിന് തെളിവാണ്. ആശുപത്രിയിലെ കൊതുകുശല്യം കുറയ്ക്കുന്നതിനായി കാര്യക്ഷമമായ ശുചീകരണ പ്രവർത്തനങ്ങൾ ഇതുവരെ നടന്നിട്ടില്ലെന്നതും അധികൃതരുടെ അനാസ്ഥ വെളിവാക്കുന്നു.
ഇടതടവില്ലാതെ
അവലോകനയോഗങ്ങൾ..പക്ഷേ
പനിബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം കണ്ടെത്താൻ അവലോകനയോഗങ്ങൾ ചേരുന്നത് മാത്രമാണ് കാര്യക്ഷമമായി നടക്കുന്നത്. വീടുകൾതോറും കയറിയിറങ്ങി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കണമെന്നുമാണ് നിർദേശം. എന്നാൽ ഇവ എത്രത്തോളം നടപ്പാകുന്നുവെന്ന കാര്യം അധികൃതർ ശ്രദ്ധിക്കാറില്ല.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാല വർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കിയില്ല. ഇടയ്ക്ക് തല കാണിച്ച് കാലവർഷം മടങ്ങിയിട്ടും ബാക്കി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മയും മാലിന്യ നിർമാർജനത്തിലെ പരാജയവും നഗരത്തിൽ പനിബാധിതരുടെ എണ്ണത്തിൽ വർധനവിന് കാരണമെന്നും ആക്ഷേപമുണ്ട്.
തൊണ്ടോടുകൂടിയ കരിക്ക്, പ്ലാസ്റ്റിക് കുപ്പി എന്നിവ ആശുപത്രികളിൽ കയറ്റരുതെന്ന് കർശന നിർദേശമുണ്ട്. ഇതും പൂർണമായി ആരും പാലിക്കാറില്ല.