ആവശ്യമുള്ള ചേരുവകൾ
1. പച്ചക്കിഴങ്ങ്‌ (മരച്ചീനി) - അരക്കിലോ
2. തേങ്ങ ചിരകിയത്‌ - അരക്കപ്പ്‌
3. പഞ്ചസാര - 400 ഗ്രാം
4. ഏലക്കായ്‌ - 8 എണ്ണം
5. നെയ്യ് - 1 ടീ സ്പൂൺ
6. വാഴയില - ആവശ്യത്തിന്‌
7. കശുവണ്ടി (വറുത്തത്‌) - ആവശ്യത്തിന്‌
തയ്യാറാക്കുന്ന വിധം
പച്ച മരച്ചീനി തൊലി കളഞ്ഞ്‌ വൃത്തിയായി കഴുകി എടുക്കുക. നന്നായി വേവുന്നതും കറ വലിയാത്തതുമായിരിക്കണം എടുക്കേണ്ടത്‌. മരച്ചീനി ഗ്രേറ്റ്‌ ചെയ്ത്‌ (ഉരച്ച്‌) ശേഷം നന്നായി തിരുമ്മി പിഴിഞ്ഞെടുക്കുക. അതിനുശേഷം അതിലേയ്ക്ക്‌ പഞ്ചസാര, ഏലക്കായ പൊടിച്ചത്‌, നെയ്യ്, തേങ്ങ എന്നിവ ചേർത്ത്‌ കുഴയ്ക്കുക. വാഴയിലയെടുത്ത്‌ കുമ്പിളാക്കി അതിലേയ്ക്ക്‌ കുഴച്ചു വച്ചിരിക്കുന്ന മരച്ചീനി കുമ്പിളിലേയ്ക്ക്‌ നിറയ്ക്കുക. 
   കശുവണ്ടി ഒരെണ്ണം മുഴുവനായി മുകളിൽ വയ്ക്കുക. എന്നിട്ട്‌ കുമ്പിൾ പൊതിയുക. പൊതിഞ്ഞ മരച്ചീനി കുമ്പിൾ ആവി പാത്രത്തിൽ കമഴ്‌ത്തി വച്ച്‌ വേവിച്ചെടുക്കുക. ചൂടാറിയശേഷം ഉപയോഗിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വാദേറിയ വിഭവം കൂടിയാണിത്‌.