മലയാളസിനിമയ്ക്ക് ഒരു നിത്യഹരിത നായകനേയുള്ളൂ. ഏതൊരു മലയാളിയും സിനിമയുടെ ചരിത്രം ഈ നടനുമായി കൂട്ടിച്ചേർത്തേ വായിക്കൂ. പ്രേംനസീറിന്റെ എന്നല്ല, നസീറിന്റെ സിനിമ എന്നേ പറയൂ. മലയാളി അത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നു ആ പേരുമായി. മലയാളം നെഞ്ചേറ്റിയ ആ പേരിന് പക്ഷേ, ഒരു സ്മാരകം ഇന്നേവരെയില്ല.
മലയാളം നെഞ്ചേറ്റിയ ഒട്ടേറെ ഹിറ്റുകൾ ഈ നായകന്റെ സംഭാവനയാണ്. മൂന്നു ദശകത്തിലേറെ നീണ്ട കലാസപര്യയിൽ 750ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ആ സിനിമകളിൽ വലിയൊരു പങ്കും സമൂഹവുമായി നേരിട്ടു സംസാരിച്ചു. നസീർസിനിമകളിലൂടെ ഒട്ടേറെ അനശ്വരഗാനങ്ങൾ മലയാളത്തിനു സ്വന്തമായി. സാംസ്കാരികകേരളത്തിന് ഈ നടനുമായുള്ള ആത്മബന്ധം അത്രയേറെ ഗാഢമാണ്.
നസീറിന്റെ തൊണ്ണൂറാം ജന്മവാർഷികം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തലസ്ഥാനം. ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് പരിപാടി. വെള്ളിയാഴ്ച വൈകീട്ട് 5.45ന് നിശാഗന്ധിയിൽ ആഘോഷപരിപാടികൾക്കു തിരിതെളിയും. മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. 
നസീറിനൊപ്പം സിനിമയിൽ വേഷമിട്ടവരെയും അണിയറപ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. ചലച്ചിത്ര അക്കാദമിയുമായി ചേർന്നാണ് ‘ഓർമകളെ മടക്കിവിളിക്കുന്ന’ പരിപാടികളൊരുക്കുന്നത്. നസീർസിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനമേളയും നൃത്തവുമുണ്ട്. 
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ഷീല, ശാരദ, കെ.ആർ.വിജയ, വിധുബാല, സീമ, അംബിക, ഉഷാറാണി, ടി.ആർ.ഓമന, കെ.പി.എ.സി. ലളിത, കവിയൂർ പൊന്നമ്മ, നെയ്യാറ്റിൻകര കോമളം, ശ്രീലത, മേനക, ത്യാഗരാജൻ, ഹരിഹരൻ, ജോഷി, ശ്രീകുമാരൻതമ്പി, രാമചന്ദ്രബാബു, ആർ.കെ.ബാലചന്ദ്രമേനോൻ, പി.ജയചന്ദ്രൻ, മണിയൻപിള്ള രാജു, ജനാർദ്ദനൻ, കുഞ്ചൻ, നെടുമുടി വേണു തുടങ്ങിയവരെ ആദരിക്കും.
 ഉദയാ സ്റ്റുഡിയോയെ പ്രതിനിധീകരിച്ച് കുഞ്ചാക്കോ ബോബൻ, മെരിലാൻഡിനുവേണ്ടി കാർത്തികേയൻ എന്നിവരുമെത്തും.
ഗാനമേളയിൽ പി.ജയചന്ദ്രൻ, ജി.വേണുഗോപാൽ, മധുബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, സുദീപ് കുമാർ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്മാനന്ദൻ, മധുശ്രീ, അപർണാരാജീവ്, കൃഷ്ണചന്ദ്രൻ, ഹരിശങ്കർ, ബാലചന്ദ്രമേനോൻ തുടങ്ങിയവർ പങ്കെടുക്കും. പാർവതി, അപർണാബാലമുരളി, വിഷ്ണുപ്രിയ എന്നിവരുടെ നൃത്തവുമുണ്ടാകും.

പ്രേംനസീറിന്റെ 
ചലച്ചിത്രജീവിതം

 ചിറയിൻകീഴ് ആക്കോട്ട് തറവാട്ടിലെ ഷാഹുൽഹമീദിന്റെയും അസുമാബീവിയുടെയും മകൻ പേര്: അബ്ദുൽഖാദർ
 പോൾ കല്ലിങ്കൽ നിർമിച്ച് എസ്.കെ.ചാരി സംവിധാനം ചെയ്ത മരുമകൾ (1952) ആദ്യം അഭിനയിച്ച ചിത്രം. ആദ്യം റിലീസ് ചെയ്ത ചിത്രം വിശപ്പിന്റെ വിളി (1952). സംവിധായകൻ കെ.ജെ.മോഹൻ റാവു. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് തിക്കുറിശ്ശി സുകുമാരൻ നായരാണ് അബ്ദുൽഖാദറിന്റെ പേര് പ്രേംനസീർ എന്നു മാറ്റുന്നത്.
  23 തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ 524 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
  ഷീലയ്ക്കൊപ്പം പ്രേംനസീർ 120 ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ 101 ചിത്രങ്ങളിൽ ഇവർ നായികാനായകന്മാരായി.
  ശശികുമാർ സംവിധാനം ചെയ്ത 83 ചിത്രങ്ങളിലും നസീർ അഭിനയിച്ചു.
  പ്രേംനസീർ 81 നായികമാരോടൊപ്പം അഭിനയിച്ചു.
  ഇരട്ടവേഷങ്ങളിൽ മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
  1983-ൽ രാഷ്ട്രം പദ്മഭൂഷൺ നൽകി  ആദരിച്ചു.
  അവസാനമായി അഭിനയിച്ച ചിത്രം ധ്വനി (1988).
  1989 ജനുവരി 16ന് അദ്ദേഹം അന്തരിച്ചു.

ഫോട്ടോപ്രദർശനം തുടങ്ങി 

മലയാളസിനിമയുടെയും പ്രേംനസീറിന്റെയും സ്പന്ദിക്കുന്ന ചരിത്രവുമായി ഫോട്ടോപ്രദർശനം. ആദ്യസിനിമയായ മരുമകൾ മുതൽ അവസാന ചിത്രം ‘ധ്വനി’ വരെയുള്ള മൂന്നരദശാബ്ദത്തിലേറെ നീണ്ട സിനിമാ ജീവിതം പ്രദർശനത്തിലുണ്ട്. 
    പ്രേംനസീറിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തിൽ ആരംഭിച്ച ഫോട്ടോപ്രദർശനം നടി ശാരദ ഉദ്ഘാടനം ചെയ്തു. 
ഹാളിലൊരുക്കിയ പ്രൊജക്ടറിലൂടെ ‘വിലയ്ക്കുവാങ്ങിയ വീണ’ എന്ന സിനിമയുടെ ഭാഗങ്ങൾ ശാരദയ്ക്കായി സംഘാടകർ പ്രദർശിപ്പിച്ചു. ഇതിന്റെ സ്വിച്ചോൺ നിർവഹിച്ച ശേഷം ഏറെ നേരം ഇത് കണ്ടുനിന്നശേഷമാണ് ഫോട്ടോപ്രദർശനം കാണാൻ ശാരദ ഹാളിലേക്ക്‌ കടന്നത്. 
 ‘ഒരുപാട് സന്തോഷമായി. നസീർ എന്ന വ്യക്തിയുടെ മഹത്ത്വത്തിന് മുന്നിൽ കൂപ്പുകൈ. 
ഇത്രയും ജനപ്രിയനായ ഒരു നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യം. ഇത്രയും കാലം കഴിഞ്ഞിട്ടും നസീറിന് ലഭിക്കുന്ന ആദരം അദ്ദേഹത്തിന്റെ മഹത്ത്വത്തെ ഓർമിപ്പിക്കുന്നു’ - ശാരദ പറഞ്ഞു.
നസീറിന്റെ കുടുംബാംഗങ്ങൾ, വിവിധ സിനിമാ സെറ്റുകളിലെ നിമിഷങ്ങൾ, സിനിമാരംഗങ്ങൾ എന്നിവയെല്ലാം ഫോട്ടോപ്രദർശനത്തിലുണ്ട്്.
പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാൻ ജി.സുരേഷ്‌കുമാർ, നടി മേനക, സംവിധായകരായ കെ.മധു, തുളസീദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.