വീട്ടമ്മമാർക്ക് പാചകകലയിലെ കഴിവുകൾ വരുമാനത്തിന് കൂടി ഉപയോഗിക്കാവുന്ന മൊബൈൽ അപ്പുമായി ടെക്കികൾ. ടെക്നോപാർക്കിലെ തുടക്കക്കാരായ പെൻസ്റ്റോവ് എന്ന കമ്പനിയാണ് ഇത്തരം ഒരാശയവുമായി എത്തിയിട്ടുള്ളത്.  പാചകം ഇഷ്ടമുള്ളവർക്ക് അവരുടെ ദൈനംദിന പാചകത്തോടൊപ്പം മറ്റുള്ളവരുടെ ആവശ്യാനുസരണം വീട്ടിലെ ഭക്ഷണം തയ്യാറാക്കി നൽകാനുള്ള അവസരമാണ് ഒരുക്കുന്നത്.

തൊഴിലില്ലാതിരിക്കുന്ന വീട്ടമ്മമാർക്ക് വീട്ടിലിരുന്നുതന്നെ കടുംബത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും കഴിയുന്നു. പെൻസ്റ്റോവ് എന്ന അപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വീട്ടിലുണ്ടാക്കുന്ന ഏതു വിഭവും ആപ്പിൽ രജിസ്റ്റർ ചെയ്യാം. ചിത്രവും വിലയും സമയവും ഓർഡർ ലഭിച്ചാൽ എത്ര സമയംകൊണ്ട് ഭക്ഷണം ലഭ്യമാകും എന്നതെല്ലാം അപ്പിലുണ്ടാകും.

ഇതു കണ്ടശേഷം ആപ്പിലൂടെ തന്നെ ഓർഡർ ചെയ്യാം. വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷണം കമ്പനിയുടെ പ്രതിനിധികൾ ശേഖരിച്ച് ഉപഭോക്താക്കൾക്ക് എത്തിക്കുകയും ചെയ്യും. ഇതുവഴി വീടുകളിലെ അടുക്കളകളിലെ തനത് രുചി ഭക്ഷണപ്രിയർക്ക് ലഭിക്കുകയും ചെയ്യും. 


നൂതന സാങ്കേതികവിദ്യ  തൊഴിൽരഹിതരായ സാധാരണക്കാർക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഒരാശയം ഉരുത്തിരിഞ്ഞതെന്ന് പെൻസ്റ്റോവ് ഡയറക്ടറായ അനീഷ് പറയുന്നു. വീട്ടിലിരുന്നുതന്നെ സ്ഥിരവരുമാനം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രധാന ഉപയോഗം. ഭക്ഷണത്തിന്റെ വില നിശ്ചയിക്കുന്നതും ഉത്‌പാദകൻ തന്നെയാണ്.

മറ്റ് ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ പരിശോധിച്ചശേഷം ഹിറ്റായ വിഭവങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടാകും. ഓൺലൈനായാണ് പണം നൽകേണ്ടത്. വീടുകളിൽ ഭക്ഷണമുണ്ടാക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതി പത്രം ലഭിക്കാനും കമ്പനി അധികൃതർ സഹായിക്കും.

തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവമാണ് ഈ അപ്ലിക്കേഷൻ വഴി ഉണ്ടായതെന്ന് വീട്ടമ്മയായ പരുത്തിപ്പാറ സ്വദേശി ഡാലിയ തോമസ് പറയുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചുകൊണ്ട് തന്നെ വരുമാനമുണ്ടാക്കാനായിയെന്ന് പട്ടം സ്വദേശിനി നിനിത ഷാഹിനും ചൂണ്ടിക്കാട്ടുന്നു. കേക്കുകളും ഉണ്ണിയപ്പവും മുതൽ വ്യത്യസ്തമായ നിരവധി മത്സ്യവിഭവങ്ങൾ വരെയുള്ള വീട്ടമ്മമാരുടെ കൈപ്പുണ്യം ഇപ്പോൾ തന്നെ ഈ ആപ്പിൽ ലഭ്യമാണ്.