ചക്രം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പരാജയം മണത്ത് പലായനംചെയ്ത കായംകുളം രാജാവിന്റെ ആയുധങ്ങളില്‍, 'ദേവനാരായണന്‍' എന്ന കുറിമാനം കണ്ടപ്പോഴാണ് അമ്പലപ്പുഴ രാജാവ് കായംകുളത്തെ സഹായിച്ചിരുന്നു എന്ന് രാമയ്യന്‍ദളവാ ഗ്രഹിച്ചത് എന്ന് പറഞ്ഞുവല്ലോ. അമ്പലപ്പുഴ രാജാവ് നമ്പൂതിരി ആയിരുന്നു. കോട്ടയത്തിനടുത്തുള്ള പുളിക്കല്‍ ചെമ്പകശ്ശേരി ഇല്ലത്തെ നമ്പൂതിരിയാണ് പില്‍ക്കാലത്ത് അമ്പലപ്പുഴ അഥവാ ചെമ്പകശ്ശേരി രാജാവായത് എന്നാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞിട്ടുള്ളത്.
വിധവയായ അമ്മയും ഏക പുത്രനായ ഒരു ബാലനും മാത്രം തറവാട്ടില്‍ അവശേഷിച്ചിരുന്ന കാലം. കടുത്ത ദാരിദ്രൃം. ഒരുനാള്‍ കുറെ നായന്മാര്‍ സാമൂതിരിയോട് പരാജയപ്പെട്ട് അവിടെയെത്തി. ഒരുനേരത്തെ ആഹാരം കൊടുക്കാന്‍ ആരുണ്ട് ഗ്രാമത്തില്‍ എന്ന് ചോദിച്ചപ്പോള്‍, ''ദാ ആ വരുന്നവനോട് ചോദിച്ചാല്‍ മതി'' എന്ന് മറുപടി പറഞ്ഞിട്ട് സ്ഥലംവിട്ടുപോയവര്‍ വിശന്ന നായന്മാരെയും വിശപ്പ് മാറ്റാന്‍ വകയില്ലാത്ത ദരിദ്ര നമ്പൂതിരിയെയും ഒരേസമയം കളിയാക്കുകയായിരുന്നു എന്നത് അഭയാര്‍ത്ഥികള്‍ക്ക് മനസ്സിലായില്ലെങ്കിലും ദരിദ്രനാരായണനായ ബ്രഹ്മചാരിക്ക് പിടികിട്ടി. അയാള്‍ കഴുത്തില്‍ക്കിടന്ന പുലിനഖം അഴിച്ചുകൊടുത്തിട്ട് അത് വിറ്റുകിട്ടുന്നതുകൊണ്ട് വിശപ്പടക്കിയ ശേഷം തന്നെ വന്ന് കാണണം എന്നുപറഞ്ഞ് യാത്രയാക്കി. വിശപ്പുമാറി ഉഷാറായപ്പോള്‍ ദാതാവിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ വിവരങ്ങള്‍, അദ്ദേഹത്തിന്റെ ആഢ്യത്വത്തെക്കുറിച്ച് ആ സൈനികര്‍ക്ക് ബോധം നല്‍കി. അവര്‍ തങ്ങളുടെ സേവനം അദ്ദേഹത്തിന് സമര്‍പ്പിച്ചു. അപ്പോള്‍ നമ്പൂതിരി പറഞ്ഞു- ''ഞാന്‍ പരമദരിദ്രനാണ്. നിങ്ങള്‍ വല്ലതും ഉണ്ടാക്കിത്തന്നാലേ എനിക്ക് എന്തെങ്കിലും ഉണ്ടാവൂ. നിങ്ങളെയും എന്നെയും പരിഹസിച്ച ആ ധനാഢ്യരായ നമ്പൂതിരിമാരുടെ ഇല്ലങ്ങള്‍ കൊള്ളയടിക്കുക, ശേഷം പിന്നെ''. അവര്‍ അനുസരിച്ചു. അങ്ങനെ പുളിക്കല്‍ ചെമ്പകശ്ശേരിയിലെ ഉണ്ണിക്ക് പ്രതാപവും സ്വത്തും ഉണ്ടായി.
തെക്കുംകൂര്‍ രാജാവിന്റെ കീഴിലായിരുന്നു ആ പ്രദേശം. രാജാവിനെ ഉണ്ണി മുഖംകാണിച്ചു. തനിക്ക് കയറിക്കിടക്കാന്‍ സ്വന്തമായി സ്ഥലമില്ല, താന്‍ ദരിദ്രനാകയാല്‍ വാങ്ങാന്‍ പണവുമില്ല എന്ന് ഉണര്‍ത്തിച്ചു. ''ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നത്ര എടുത്തുകൊള്ളുക'' എന്ന് രാജാവ് അനുവദിച്ചു.
പിറ്റേന്ന് ഒരു വാളുമായി ഇറങ്ങിയ ആ യുവാവ്, സന്ധ്യ വരെ നടന്ന് പുല്‍ത്തലപ്പുകള്‍ വെട്ടി ഒരു വലിയ പ്രദേശം സ്വന്തമാക്കി. അവിടെ ഒരു കൊട്ടാരം പണിത് താമസിച്ചുതുടങ്ങിയതോടെ അദ്ദേഹം ചെമ്പകശ്ശേരി തമ്പുരാന്‍ ആയി അറിയപ്പെട്ടു. നായന്മാര്‍ ഓരോ സ്ഥലങ്ങളില്‍ കൊള്ള തുടര്‍ന്നു. അങ്ങനെ ചെമ്പകശ്ശേരിയുടെ പ്രതാപം വളര്‍ന്നു. തുടര്‍ന്ന് വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെ കര ആ നായര്‍സൈന്യം കീഴടക്കി. ചെമ്പകശ്ശേരി രാജാവിന്റെ രാജധാനിയും സ്ഥിരതാമസവും അവിടെയായി. എന്നാല്‍, അദ്ദേഹം വിവാഹം കഴിച്ച് കുടിവെച്ചത് കുടമാളൂര്‍തന്നെ ആയിരുന്നു. ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാക്കന്മാര്‍ ഒരിക്കലും ധര്‍മ്മദാരങ്ങളെ കായലിനക്കരെ കൊണ്ടുപോയിരുന്നില്ല.
ഇത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഭാഷ്യമാണ്. നാഗമയ്യ പറയുന്നത് മറ്റൊന്നാണ്. കപ്പല്‍ചേതത്തില്‍പ്പെട്ട യൂറോപ്യന്മാരാണ് ഭക്ഷണം തേടിയത് ആ കഥയില്‍. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മന്ത്രശാലയില്‍ ഇരുന്ന് കാര്യവിചാരം നടത്തുന്ന നമ്പൂതിരിപ്രഭുക്കന്മാര്‍ ആയിരുന്നു അക്കാലത്ത് കുട്ടനാട് ഭരിച്ചിരുന്നത്. രാജ്യഭാരവിചാരം കഴിഞ്ഞാല്‍ ചൂതുകളിയും സുരാപാനവും ആയി അവിടെത്തന്നെ കാണും. പരമദരിദ്രനായ ഒരു വൃദ്ധനമ്പൂതിരിയെ ചൂണ്ടിക്കാട്ടി അദ്ദേഹമാണ് രാജാവ് എന്ന് പറഞ്ഞുകൊടുത്തത് അവരാണ്. ശേഷം കഥയില്‍ ഭേദമില്ല. കോട്ടയത്തുകാരനായ ശങ്കുണ്ണിയുടെ പ്രാദേശികാഭിമാനം ആവാം കോട്ടയത്തുകാരനെ അമ്പലപ്പുഴയില്‍ എത്തിച്ച് രാജാവാക്കിയത്. അത് അങ്ങനെ കിടക്കട്ടെ.
ഈ രാജാവിന്റെ മകനായിരുന്നു 'പൂരാടം പിറന്ന തമ്പുരാന്‍'. ആള്‍ വലിയ പണ്ഡിതന്‍ ആയിരുന്നു. നിത്യേന ഒരു ബ്രാഹ്മണനെക്കൊണ്ട് മഹാഭാരതം വായിച്ചുകേട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല എന്നൊരു നിഷ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. നീലകണ്ഠ ദീക്ഷിതര്‍ ആയിരുന്നു സ്ഥിരം വായനക്കാരന്‍. ഒരുനാള്‍ തക്കസമയത്ത് വായനക്കാരനെ കണ്ടില്ല. എവിടെനിന്നെങ്കിലും ഒരു ബ്രാഹ്മണനെ കൊണ്ടുവരാന്‍ ഭടന്മാര്‍ ഓടി. വഴിപോക്കനായ ഒരു ബ്രാഹ്മണന്‍ അമ്പലത്തിനകത്ത് ജപിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തെ രാജസന്നിധിയില്‍ ഹാജരാക്കി. 'കൂട്ടിവായിച്ച് ശീലമുണ്ടോ?' എന്ന് രാജാവ്. ഇതിഹാസങ്ങളും പുരാണങ്ങളും വായിച്ചുകേള്‍പ്പിക്കുന്ന പ്രത്യേക രീതിക്കാണ് കൂട്ടിവായന എന്ന് പറയുന്നത്. എം.ടി.വാസുദേവന്‍നായര്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ 'രാമായണം വായിക്കും' എന്ന് മാതുലന്‍ അഭിമാനപൂര്‍വം പരിചയപ്പെടുത്തിയിരുന്നതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായത് ഓര്‍മ്മ വരുന്നു. അതായത് അക്ഷരം അറിയാമെന്നുെവച്ച് കൂട്ടിവായന സാധ്യമാവണമെന്നില്ല. അതുകൊണ്ടാണ് തമ്പുരാന്‍ അങ്ങനെ ചോദിച്ചത്. 'കുറേശ്ശെ പരിചയം ഉണ്ട്' എന്ന് മറുപടി. കര്‍ണ്ണപര്‍വ്വമാണ് വായിച്ചിരുന്നത്. അതില്‍ ''ഭീമസേനഗാത്രസ്താ ദുര്യോധന വരൂഥിനി, ശിഖാ ഖാര്‍വാടകസ്യേവ കര്‍ണ്ണമൂലമുപാശ്രിതാ'' എന്ന് കൂട്ടിവായനക്കാരന്‍ കൂട്ടിച്ചേര്‍ത്ത് വായിച്ചു. അങ്ങനെ ഒരു ശ്ലോകം ഭാരതത്തിലില്ല എന്ന് പണ്ഡിതനായ രാജാവിന് അറിയാമായിരുന്നു. ഭീമസേനനെ ഭയന്ന് ചിതറിയോടിയ ദുര്യോധനസൈന്യം കഷണ്ടിക്കാരന്റെ മുടി കര്‍ണ്ണത്തിനടുത്തേക്ക് എന്നതുപോലെ കര്‍ണ്ണന്റെ സമീപം െചന്നുചേര്‍ന്നു എന്നാണ് ശ്ലോകത്തിന്റെ അര്‍ത്ഥം. അത് തന്റെ കഷണ്ടിയെ പരിഹസിച്ച് ക്ഷണത്തില്‍ നിര്‍മ്മിച്ചതാണ് എന്ന് മനസ്സിലാക്കിയ രാജാവ് അങ്ങ് മേല്പത്തൂര്‍ നാരായണ ഭട്ടതിരിയാണോ? എന്ന് ചോദിച്ചു. അപ്പോള്‍ വന്നു അടുത്ത ശ്ലോകം. 'അവ്യഞ്ജന സ്താര്‍ക്ഷ്യകേതുര്യല്‍പദം ഘടയിഷ്യതി, തത്തേ ഭവതു കല്‍പ്പാന്തം ദേവനാരായണപ്രഭോ.' അങ്ങേക്ക് അരൂപിയായ മഹാവിഷ്ണു കല്പിച്ചുനല്‍കിയ ഈ പദവി കല്പാന്തകാലം നിലനില്‍ക്കട്ടെ. രാജാവിന് സന്തോഷമായി. മേല്പത്തൂരിനെ ഒപ്പമിരുത്തി ഭക്ഷണം കൊടുത്തു. കുേറക്കാലം അവിടെ താമസിപ്പിക്കുകയും െചയ്തു. അക്കാലത്താണ് 'പ്രക്രിയാസര്‍വ്വസ്വം' എന്ന വ്യാകരണഗ്രന്ഥം ഭട്ടതിരി നിര്‍മ്മിച്ചത്. സുഭദ്രാഹരണം, ദൂതവാക്യം തുടങ്ങി പത്ത് ചമ്പുപ്രബന്ധങ്ങള്‍ ഉണ്ടാക്കിയതും അമ്പലപ്പുഴരാജാവിന്റെ ആഗ്രഹപ്രകാരമാണ് എന്ന് ശങ്കുണ്ണി 'ഐതിഹ്യമാല'യില്‍ പറയുന്നുണ്ട്.
കൊല്ലവര്‍ഷം 735 ആണ് മേല്പത്തൂരിന്റെ ജനനം. 762 വൃശ്ചികത്തിലാണ്  'നാരായണീയം' പൂര്‍ത്തിയായത്. അതായത്, എങ്ങനെ കൂട്ടിയാലും പൂരാടം പിറന്ന തമ്പുരാന്റെ കാലം എട്ടാം നൂറ്റാണ്ടാണ്. 921ലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കുന്നത്. അപ്പോള്‍ രാജ്യസ്ഥാപകന്റെ അഞ്ചാമത്തെയോ ആറാമത്തെയോ തലമുറ ആയിരുന്നിരിക്കണം രാമയ്യനെയും മാര്‍ത്താണ്ഡവര്‍മ്മയെയും നേരിട്ടത്.
മാതുപ്പണിക്കരും തെക്കടത്ത് ഭട്ടതിരിയും ആയിരുന്നു ചെമ്പകശ്ശേരിയുടെ സൈന്യാധിപര്‍. വിഷം പുരട്ടിയ അമ്പ് ആയിരുന്നു അവരുടെ ആയുധത്തിന്റെ പ്രത്യേകത. ഈ വിഷത്തിന്റെ ചേരുവ രാജാക്കന്മാര്‍ മറ്റാര്‍ക്കും പറഞ്ഞുകൊടുത്തിരുന്നില്ല. ആറുദിവസം പൊരുതിയിട്ടും തിരുവിതാംകൂറിന് ആള്‍നഷ്ടം ഉണ്ടായതല്ലാതെ ചെമ്പകശ്ശേരി വീണില്ല. അമ്പലപ്പുഴ ദേവനാരായണന്‍ തന്നെയാണ് എതിര്‍ഭാഗത്ത് എന്ന ധാരണ ഉണ്ടായതോടെ ദേവനാരായണസുരക്ഷയുള്ള ബ്രാഹ്മണരാജാവിനെതിരെ യുദ്ധംചെയ്യാന്‍ നായന്മാരായ സൈനികര്‍ മടിച്ചു. മുസ്ലിം, ക്രിസ്ത്യന്‍ പടയാളികളും ഉണ്ടായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയ്ക്ക്. അവരെ നയിച്ചുകൊണ്ട് ഉടന്‍ പുറപ്പെടണം എന്ന് ഡിലനായിക്ക് കല്പന പോയി.
അതിനിടെ, മാതുപ്പണിക്കരും തെക്കടത്ത് ഭട്ടതിരിയും കൂറുമാറി. രാമയ്യന്‍ദളവയുമായി മാതുപ്പണിക്കര്‍ ഉടമ്പടി ഉണ്ടാക്കി. രാജാവ് കൊട്ടാരത്തില്‍ ചതുരംഗം കളിച്ചുകൊണ്ടിരുന്ന വേളയില്‍ രാമയ്യന്റെ അനുയായികള്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. രാജാവ് കീഴടങ്ങി. ആദ്യം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് കുടമാളൂരിലേക്ക് മാറ്റി. ബ്രാഹ്മണശാപം ഒഴിവാക്കാനായി വലിയ ഒരു അടുത്തൂണ്‍ നല്‍കാനും ഏര്‍പ്പാടാക്കി. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ചുമതല തെക്കടത്ത് ഭട്ടതിരിക്ക് നല്‍കി. മാതുപ്പണിക്കര്‍ക്കും കിട്ടി ഒട്ടേറെ വസ്തുവകകളും ബഹുമതികളും. തെക്കടത്ത് ഭട്ടതിരിപ്പാടിനാണ് ഇന്നും ക്ഷേത്രകാര്യങ്ങളില്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ പ്രതിനിധീകരിക്കാനുള്ള അവകാശം.
ഇപ്പോള്‍ കുടമാളൂര്‍മഠത്തില്‍ ഉള്ളവര്‍ ദത്തുകയറിയവരാണ് എന്ന് ശങ്കുണ്ണി പറയുന്നുണ്ടെങ്കിലും തിരുവിതാംകൂര്‍ ചതിവില്‍ കീഴടക്കിയ അമ്പലപ്പുഴ രാജാവിന്റെ പിന്മുറക്കാരായ കുടമാളൂര്‍ നമ്പൂതിരിമാരുടെ കൂട്ടത്തില്‍നിന്നാണ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി വിവാഹംചെയ്തിരുന്നത് എന്ന് കൗതുകത്തോടെ ഓര്‍ത്തുപോവുന്നു ഇപ്പോള്‍. കീഴടക്കിയ ആളിന് ദത്ത് വഴി ഉണ്ടായ പിന്‍ഗാമി പുറത്തായപ്പോള്‍ കീഴടക്കപ്പെട്ട ആളിന് ദത്ത് വഴി ഉള്ള പിന്‍ഗാമി അധികാരത്തിലേറി. 'ശ്രീഭൂവിലസ്ഥിര' എന്ന് കവിവാക്യം.
തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവയായിരുന്നു വടക്ക് അവശേഷിച്ചിരുന്ന ചെറിയ രാജ്യങ്ങള്‍. പിന്നെ അങ്ങോട്ടാണ് തിരുവിതാംകൂര്‍ സൈന്യം തിരിഞ്ഞത്. ഇപ്പോള്‍ മനുഷ്യകവചംകൊണ്ട് പ്രതിരോധം തീര്‍ത്തു എന്നൊക്കെ കേള്‍ക്കാറുണ്ടല്ലോ. അതുപോലെ, ഒരു ബ്രാഹ്മണകവചം തീര്‍ത്ത് യുദ്ധം ജയിക്കാമെന്നാണ് തെക്കുംകൂറും വടക്കുംകൂറും കണക്കുകൂട്ടിയത്. രാമയ്യന്‍ വകവെച്ചില്ല. എന്നാല്‍, ബ്രാഹ്മണരെ വെടിവെക്കാന്‍ തിരുവിതാംകൂറിലെ നായര്‍പടയാളികള്‍ വിസമ്മതിച്ചു. അപ്പോള്‍ രാമയ്യന്‍ മുക്കുവരെയും മറ്റ് അവര്‍ണരെയും ഇറക്കി. അയിത്തം ഗൗരവമായി കരുതിയ ബ്രാഹ്മണര്‍ ഓടിക്കളഞ്ഞു. രാജ്യം എങ്ങനെയെങ്കിലും പോകട്ടെ, മുക്കുവരും മറ്റും തൊട്ടാല്‍ ജീവിതം ആകെ ശുനകരസനേന്ദ്രിയ സ്പര്‍ശിതം ആകുമല്ലൊ! ശുനകന്‍= പട്ടി, രസനേന്ദ്രിയം= നാക്ക്, സ്പര്‍ശിതം= സ്പര്‍ശിക്കപ്പെട്ടത്. അതായത്, ജീവിതംതന്നെ നായ നക്കിയതുപോലെ എന്നര്‍ത്ഥം.
ബ്രാഹ്മണകവചം പൊളിഞ്ഞതോടെ രാമയ്യന്റെ ജോലി ലഘുതരമായി. ചങ്ങനാശ്ശേരി രാജാവ് സാമൂതിരിയെ അഭയംപ്രാപിച്ചു. കോട്ടയം രാജാവ് പലായനം ചെയ്തു. തിരുവിതാംകൂര്‍ മൂവാറ്റുപുഴയാര്‍ വരെ വികസിച്ചു.
ഇതിനിടെ, അമ്പലപ്പുഴ രാജാവ് കുടമാളൂരില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അദ്ദേഹവും തെക്കുംകൂര്‍, വടക്കുംകൂര്‍ രാജാക്കന്മാരും കൊച്ചി രാജാവിന്റെയും പാലിയത്തച്ചന്‍, കോടഞ്ചേരിക്കര്‍ത്താവ്, കൊരട്ടികയ്മള്‍ തുടങ്ങിയവരുടെയും പിന്‍ബലത്തോടെ ഒരു നാവികയുദ്ധത്തിന് തയ്യാറെടുത്തു. ഡച്ചുകാരില്‍നിന്ന് ഇക്കാര്യം അറിഞ്ഞ മാര്‍ത്താണ്ഡവര്‍മ്മ, അനന്തരവന്‍(ധര്‍മ്മരാജാവ്), രാമയ്യന്‍, ഡിലനായി എന്നിവര്‍ക്കൊപ്പം വടക്കോട്ട് നീങ്ങി. തിരുവിതാംകൂര്‍ ചരിത്രത്തില്‍ പുറക്കാട് യുദ്ധം എന്നറിയപ്പെടുന്ന അവസാനത്തെ പോരാട്ടം ശത്രുക്കളുടെ സമ്പൂര്‍ണ വിനാശത്തില്‍ കലാശിച്ചു. കൊച്ചി രാജാവ് സന്ധിക്ക് അപേക്ഷിച്ചു. കൊച്ചിയിലെ ഡച്ചുഗവര്‍ണറും അത് ശിപാര്‍ശ ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മ സമ്മതിച്ചു. കൊച്ചിയെ ആക്രമിക്കേണ്ടതില്ല എന്ന് നിശ്ചയിച്ചു. അരുക്കുറ്റി തിരുവിതാംകൂറിന്റെ വടക്കെ അതിര്‍ത്തി ആയി.
പാലിയത്തച്ചനും കോടഞ്ചേരി കര്‍ത്താവും ചേര്‍ത്തലത്താലൂക്കിലെ കരപ്പുറം അധീശതയില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചത് തിരുവിതാംകൂറിന്റെ അതിര് അരൂരോളം എത്താനാണ് സഹായിച്ചത്. 1754-ല്‍ വടക്കന്‍ പ്രദേശങ്ങളില്‍ പൊതുവെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഉണ്ടായത് വിശദീകരിക്കുന്നില്ല. എന്നാല്‍, മാര്‍ത്താണ്ഡവര്‍മ്മ ഹൈദരലിയുടെ സഹായം തേടുകയും ആ വിവരം അറിഞ്ഞ വടക്കര്‍ വഴക്കുണ്ടാക്കാന്‍ പോയി കുഴയണ്ട എന്ന് നിശ്ചയിക്കുകയും ഹൈദരലി ഉറപ്പുനല്‍കിയ സഹായം മാറിയ സാഹചര്യത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ നിരസിക്കുകയും ചെയ്ത കൗതുകവാര്‍ത്ത കുറിക്കേണ്ടതുണ്ട്. ഇത് ഹൈദറിനെ ക്രുദ്ധനാക്കിയെന്നും അതോടെയാണ് തിരുവിതാംകൂര്‍ ആക്രമിക്കുന്നതിനെക്കുറിച്ച് മൈസൂര്‍ ചിന്തിച്ചുതുടങ്ങിയത് എന്നും നാഗമയ്യ പറയുന്നുണ്ട്.
സാമൂതിരി കേരളചക്രവര്‍ത്തി ആകാന്‍ ഒരു വിഫലശ്രമം നടത്തിയതിനും ആ കാലം സാക്ഷ്യംവഹിച്ചു. പറവൂര്‍, ആലങ്ങാട്, വരാപ്പുഴ, തൃശ്ശൂര്‍ ഒക്കെ സാമൂതിരി പിടിച്ചെങ്കിലും മൈസൂര്‍ സിംഹം മറുവശത്തുനിന്ന് ആക്രമിച്ചതോടെ സാമൂതിരിയുടെ ദക്ഷിണായനം നിലച്ചു. 1757-ല്‍ കൊച്ചിയും തിരുവിതാംകൂറും സന്ധിചെയ്തതോടെ സ്ഥിതിഗതികള്‍ തീര്‍ത്തും ശാന്തമായി എന്ന് പറഞ്ഞുനിര്‍ത്താം.
അങ്ങനെ മാര്‍ത്താണ്ഡവര്‍മ്മ കേരളത്തിലെ ഏറ്റവും വലിയ നൃപന്‍ ആയി. അതിന് കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു. രക്തം ഏറെ ചിന്തി. ബ്രാഹ്മണശാപത്തിന് വക ഏറെ. അതിന് പരിഹാരം തേടുന്നതിനെക്കുറിച്ച് കായംകുളം യുദ്ധം കഴിഞ്ഞപ്പോള്‍ത്തന്നെ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. മലബാറിലെയും തെക്കന്‍ തമിഴ്നാട്ടിലെയും ബ്രാഹ്മണപണ്ഡിതരെ ക്ഷണിച്ചുവരുത്തി വിഷയം ചിന്തിച്ചു. ഭദ്രദീപവും മുറജപവും അതിന്റെ തുടര്‍ച്ചയാണ്. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദിഗ്വിജയങ്ങള്‍ക്കുശേഷം ഈശ്വരപ്രീതിക്കായി നടത്തിയ പ്രാര്‍ത്ഥനകളാണ് മുറജപത്തിന് ഉപയോഗിച്ചത്. ആദ്യത്തെ മുറജപം 1751-ല്‍ നടന്നു. രണ്ട് ലക്ഷം രൂപ ചെലവായി. അതിനുമുമ്പ് 1749-ല്‍ തന്നെ തുലാപുരുഷദാനം കഴിഞ്ഞിരുന്നു. മഹാരാജാവിന്റെ തൂക്കത്തോളം സ്വര്‍ണ്ണനാണയങ്ങള്‍ ബ്രാഹ്മണര്‍ക്ക് നല്‍കുന്നതാണ് തുലാപുരുഷദാനം. 1753-ല്‍ ഒന്നരലക്ഷം രൂപ ചെലവിട്ട് ഷോഡശദാനങ്ങളില്‍ ബാക്കിയുള്ളവയും നിവര്‍ത്തിച്ചു.
പാപപരിഹാരം മാത്രം പോരല്ലോ. തിരുവിതാംകൂര്‍ രാജകുടുംബം ക്ഷത്രിയര്‍ ആയിരുന്നില്ല. കൊച്ചിരാജാവിനൊപ്പം ഇരിക്കാന്‍ അനുവാദം ഇല്ലാത്ത മാര്‍ത്താണ്ഡവര്‍മ്മയോളം പ്രതാപം ഇല്ലാതിരുന്ന കൊച്ചിരാജാവ് നിന്നുകൊണ്ട് കൂടിക്കാഴ്ച നടത്തിയതായി നാം വായിക്കുന്നുണ്ട്. 45 വര്‍ഷം മുമ്പ് ഞാന്‍ കളക്ടര്‍ ആയിരുന്നപ്പോള്‍ പില്‍ക്കാലത്ത് കാതോലിക്കാബാവാമാരായ രണ്ട് ബിഷപ്പുമാര്‍ അങ്ങനെ ചെയ്തത് എന്റെ ഓര്‍മ്മയില്‍ ഉണ്ട്. സ്വസമുദായാംഗം ആകയാല്‍ (അന്നത്തെ രീതിക്ക്) അവൈദികനായ മുപ്പതുകാരന് കസേര കൊടുക്കാനും വയ്യ, കളക്ടര്‍ ആയതിനാല്‍ നിര്‍ത്തിക്കൊണ്ട് സംസാരിക്കാനും വയ്യ, അതുകൊണ്ട് ഇരുവരും നില്‍ക്കുക!
മാര്‍ത്താണ്ഡവര്‍മ്മ ഇതിന് കണ്ട പ്രതിവിധി ഹിരണ്യഗര്‍ഭം ആയിരുന്നു. സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച പശുവിലൂടെ കടന്നുവരിക, ദ്വിജനായി, ഇനി പൂണൂല്‍ ഇടാം. ഒരു വ്യാഴവട്ടക്കാലം മുമ്പ് മുതല്‍ രാജാവ് േമാഹിച്ചതായിരുന്നവത്രെ ഈ ഹിരണ്യഗര്‍ഭം. ഡച്ചുഗവര്‍ണര്‍ സ്റ്റെയിന്‍വാന്‍ ഗോളെനസ് ചെമ്പകശ്ശേരി നമ്പൂതിരി, പന്തളവും കൊച്ചിയും ക്ഷത്രിയര്‍, തിരുവിതാംകൂറും ഇളയിടത്തുസ്വരൂപവും നായര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനും മുമ്പ്, 1683-ല്‍ കര്‍മ്മലീത്താ മിഷണറി വിന്‍സന്‍സൊ മരിയയും 'സ്വതവേ നായരായ തിരുവിതാംകൂര്‍ രാജാവ് അപഹാസ്യമായ ഒരു അനുഷ്ഠാനത്തിലൂടെ സ്വയം ബ്രാഹ്മണനായി' അവരോധിച്ച കഥ പറഞ്ഞിട്ടുണ്ട്. ഒരു തലമുറയുടെ ബ്രാഹ്മണ്യമാണ് മാര്‍ത്താണ്ഡവര്‍മ്മ ഉറപ്പിച്ചതെങ്കില്‍ കുേറക്കൂടെ വിപുലമായി സമാനകര്‍മ്മം നിര്‍വ്വഹിച്ച് പിന്‍തലമുറകളെയും കൈപിടിച്ച് ഉയര്‍ത്തുന്നതായിരുന്നു ധര്‍മ്മരാജാവിന്റെ ഹിരണ്യഗര്‍ഭം. പശുവിനെ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന സ്വര്‍ണ്ണം അപ്പാടെ ബ്രാഹ്മണര്‍ക്ക് കിട്ടും ഈ പരിപാടിയോടെ എന്ന് എടുത്തുപറയേണ്ടതില്ല. വര്‍മ്മ എന്ന പേര് ക്ഷത്രിയത്വം നല്‍കുന്നില്ല. തെക്കുംകൂര്‍ രാജാവും വടക്കുംകൂര്‍ രാജാവും വര്‍മ്മമാരായിരുന്നു. പൂണൂലിടാതെ നായന്മാരായി അവര്‍ ജീവിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തഞ്ചാവൂര്‍ മാതൃകയില്‍ 'ബായി' ഉപയോഗിച്ചുതുടങ്ങുവോളം റാണിമാരും ഉമയമ്മയും ലക്ഷ്മിയമ്മയും ഒക്കെ ആയിരുന്നു. 
പൂണൂലില്ലാത്തത് പോരായ്മയായി കണ്ട ആദ്യ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയല്ലതാനും. അന്നത്തെ സാഹചര്യങ്ങളില്‍ ഏറ്റവും ബുദ്ധിപൂര്‍വമായ രാജ്യതന്ത്രജ്ഞതതന്നെ ആണ് മാര്‍ത്താണ്ഡവര്‍മ്മയിലും അതിലേറെ 'ഒരിക്കലായി ശാശ്വതരക്ഷ' സാധിച്ച ധര്‍മ്മരാജാവിലും കാണേണ്ടത്.
ഇസ്രയേലിലെ രണ്ടാമത്തെ രാജാവായിരുന്ന ദാവീദിനെപ്പോലെ മാര്‍ത്താണ്ഡവര്‍മ്മ രാജ്യതന്ത്രജ്ഞത പ്രകടിപ്പിച്ച രണ്ട് സംഗതികളാണ് തൃപ്പടിദാനവും ഇംഗ്‌ളീഷുകാരുമായുള്ള ബന്ധവും. ആ ഭാഗം അടുത്ത ലക്കത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കാം.