തിരുവിതാംകൂർ കണ്ട അതിപ്രഗല്ഭനായ ദിവാൻ സർ ടി.മാധവറാവുവിന്റെ പേരിൽ അറിയപ്പെടുന്ന തലസ്ഥാന നഗരഹൃദയത്തിലുൾപ്പെടുന്ന സ്ഥലമാണ് സ്റ്റാച്യു ജങ്ഷൻ. അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതുമുതലാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന  സ്ഥലത്തിന് സ്റ്റാച്യു ജങ്ഷൻ എന്നു പേരുവന്നതും.
തിരുവിതാംകൂറിലെ ദിവാൻമാരിൽ ഭരണതന്ത്രജ്ഞതയാലും വികസനകാഴ്ചപ്പാടുകൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു ടി.മാധവറാവുവിന്റേത്. സർ, രാജ എന്നീ ബിരുദങ്ങളും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1858 മുതൽ 1872 വരെ അദ്ദേഹം തിരുവിതാംകൂറിലെ ദിവാനായിരുന്നു. മാധവറാവു ചുമതലയേൽക്കുമ്പോൾ തിരുവിതാംകൂർ സാമ്പത്തികഞെരുക്കത്തിൽപ്പെട്ട് ഉഴലുകയായിരുന്നു. ക്രീയാത്മക നടപടികൾ കൈക്കൊണ്ട് രാജ്യത്തെ കടവിമുക്തമാക്കിയതിനുശേഷമാണ് അദ്ദേഹം ദിവാൻ സ്ഥാനത്തുനിന്ന് മാറിയത്. തെക്കൻ തിരുവിതാംകൂറിൽ അക്കാലത്തുണ്ടായ മേൽമുണ്ട് സമരം ഒതുക്കിത്തീർത്തതും മാധവറാവുവിന്റെ നേതൃത്വത്തിലായിരുന്നു.
തിരുവനന്തപുരം ഒരു നഗരരൂപത്തിൽ വികസിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ എന്നിവരുടെ അധ്യാപകനായാണ് മാധവറാവു തമിഴ്നാട്ടിലെ കുംഭകോണം മേഖലയിൽനിന്ന് തിരുവിതാംകൂറിലെത്തുന്നത്. പിന്നീട് റവന്യുവകുപ്പിൽ ഉദ്യോഗത്തിൽക്കയറിയ അദ്ദേഹം ഭരണനിപുണതയാൽ കുറഞ്ഞകാലം കൊണ്ട് ദിവാൻ പദവിയിലേക്ക് ഉയരുകയായിരുന്നു. 1872ൽ വിവിധ ആരോപണങ്ങൾകാരണം ദിവാൻ പദവി രാജിവയ്ക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു.
1891 ഏപ്രിൽ നാലിന് അദ്ദേഹം അന്തരിച്ചു.
ടി.മാധവറാവുവിന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ചാണ് പ്രതിമസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ബന്ധുവായ രാജാറാം റാവുവും ഉൾപ്പെട്ട കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. 4000 രൂപ ജനങ്ങളിൽനിന്ന് പിരിച്ചെടുത്തു. 1889 ൽ 2000 രൂപ പ്രതിമനിർമാണത്തിനായി മഹാരാജാവും അനുവദിച്ചു. ഇംഗ്ളണ്ടിലായിരുന്നു പ്രതിമനിർമാണം. ഇംഗ്ളണ്ടിലെ റോയൽ കോളേജ് ഓഫ് ആർട്സിലെ സ്കൾപ്ചർ വിഭാഗം പ്രൊഫസറായിരുന്ന എഡ്വേർഡ് ലാന്ററൈയാണ് പ്രതിമ നിർമിച്ചത്. എന്നാൽ പ്രതിമയുടെ നിർമാണം സംബന്ധിച്ച് അക്കാലത്ത് ചില വിവാദങ്ങളും ഉയർന്നിരുന്നതായി റോബിൻ ജെഫ്രി ‘പസഫിക് അഫയേഴ്സ് ജേണലി’ൽ  വിവരിച്ചിട്ടുള്ളതായി ഡോ.അച്യുത് ശങ്കർ എസ്.നായർ  ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1893 മെയ് 30ന്  നടന്ന പൊതുസമ്മേളനത്തിൽ കേരളവർമ വലിയകോയിത്തമ്പുരാനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
പണ്ട്  അതിപ്രശസ്തമായ ക്യാപ്പിറ്റോൾ തിയേറ്ററും സ്റ്റാച്യുവിലാണ് സ്ഥിതിചെയ്തിരുന്നത്. 
മലയാളത്തിലെ ആദ്യ ചലച്ചിത്രമായ ജെ.സി.ഡാനിയേൽ സംവിധാനം ചെയ്ത വിഗതകുമാരന്റെ പ്രദർശനം ആദ്യമായി നടന്നതും ക്യാപ്പിറ്റോൾ തിയേറ്ററിലാണ്. ഇന്നും തലസ്ഥാനത്തെ സാഹിത്യകുതുകികളും സഹൃദയരും സായാഹ്നങ്ങളിൽ ഒത്തുചേരുന്ന ഇടംകൂടിയാണ് സ്റ്റാച്യു ജങ്ഷൻ.