വീടിന്റെ മട്ടുപ്പാവിൽ മുന്തിരി വിളയിച്ച് വിളവെടുപ്പിനൊരുങ്ങുകയാണ് പാപ്പനംകോട് സത്യൻനഗർ ചവിണിച്ചിവിള പയ്യപ്പിള്ളി ഹൗസിൽ ഷെർലി എന്ന വീട്ടമ്മ. ഒരു വർഷം മുൻപ്‌ തൃശ്ശൂരിലെ മണ്ണുത്തി കാർഷിക കോളേജിൽനിന്ന്‌ സഹോദരൻ ജോസഫ് വാങ്ങി നൽകിയ തൈകളാണ് ഷെർലി കൃത്യമായ പരിപാലനത്തോടെ വിളയിച്ചെടുത്തത്. 
വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി തുടങ്ങിയവയാണ് വളമായി ഉപയോഗിച്ചത്. റോസ് നിറത്തിലുള്ള മുന്തിരിയാണിത്.     മുന്തിരി വള്ളിക്ക് കൂട്ടായി ചുവന്ന നിറമുള്ള പാഷൻഫ്രൂട്ട് എന്നറിയപ്പെടുന്ന ബോഞ്ചിക്കായുമുണ്ട്. 
ഇവയ്ക്ക് പുറമെ മട്ടുപ്പാവിൽ ഗ്രോബാഗിലും ചാക്കിലുമായി കോവയ്ക്ക,  പയർ, ചീര, വെണ്ട തുടങ്ങിയ പച്ചക്കറികളും വിവിധ ഇനത്തിലുള്ള റോസ ചെടികളും പന്ത്രണ്ട് തരം ഓർക്കിഡ് ചെടികളും അടങ്ങിയ പൂന്തോട്ടവുമുണ്ട്.  
    നാലുസെന്റിലുള്ള ഷെർലിയുടെ വീടിനുചുറ്റും അലങ്കാര സസ്യങ്ങളാണ്. വീട്ടുജോലികൾ കഴിഞ്ഞ് കിട്ടുന്ന സമയത്താണ് ഷെർലി കൃഷിയിൽ ശ്രദ്ധിക്കുന്നതും പൂന്തോട്ടം പരിപാലിക്കുന്നതും. അടുക്കളപ്പണികൾക്ക് ശേഷം ലഭിക്കുന്ന സമയത്ത് നടത്തുന്ന കൃഷിപ്പണികൾ മനസ്സിന് സന്തോഷം നൽകുന്നതോടൊപ്പം വീട്ടാവശ്യത്തിന് നല്ല പച്ചക്കറികളും ലഭിക്കുന്നതായി ഷെർലി പറയുന്നു. 
ഭർത്താവ് ടി.പി.ആന്റണിയും എൻജിനീയറിങ് വിദ്യാർഥിയായ മകനും കിട്ടുന്ന സമയങ്ങളിൽ ഷെർലിയെ കൃഷിയിൽ സഹായിക്കും. 
പച്ചക്കറികൾക്കും മുന്തിരിക്കും ഭീഷണിയായി മൂക്കുന്നിമലയിൽനിന്ന്‌ കൂട്ടമായി നാട്ടിലേക്കിറങ്ങിയ കുരങ്ങുകളുടെ ശല്യമുണ്ടെന്ന് ഷെർലി പറഞ്ഞു.