സംഘകാലം തൊട്ടേ പ്രസിദ്ധിയാർജിച്ച പ്രദേശമാണ് വിഴിഞ്ഞം. പഴയ കാലത്തെ പ്രധാന വാണിജ്യകേന്ദ്രംകൂടിയായ ഇവിടം ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. പുരാതന തുറമുഖനഗരം എന്ന നിലയിലും വിഴിഞ്ഞത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇക്കാരണങ്ങളാൽ ഇവിടവും പരിസരപ്രദേശങ്ങളും കൈയടക്കുന്നതിന് നിരവധി യുദ്ധങ്ങളും നടന്നിട്ടുണ്ട്. ചോള-പാണ്ഡ്യ രാജാക്കൻമാരുടെ കീഴടക്കലുകൾക്കും പിൽക്കാലത്ത് പോർച്ചുഗീസ്-ഡച്ച് അധിനിവേശങ്ങൾക്കും വിഴിഞ്ഞം സാക്ഷിയായി.
സംഘകാലത്തിന്റെ തുടക്കംമുതൽ എ.ഡി. പത്താം നൂറ്റാണ്ട്‌ വരെ നിലനിന്ന പ്രബലമായ രാജവംശമാണ് ആയ് വംശം. എ.ഡി. രണ്ടാം നൂറ്റാണ്ടിൽത്തന്നെ ഗ്രീക്ക് സഞ്ചാരിയും ഭൗമശാസ്ത്രകാരനുമായ ടോളമി, ആയ് രാജ്യം ബാരിസ്(പമ്പ) നദി മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. ‘പുറനാന്നൂറി’ൽ ആയ് രാജാക്കൻമാരുടെ ആസ്ഥാനം പൊതിയൽ മലയിലെ ആയ്‌ക്കുടി ആണെന്നും അവിടത്തെ രാജാവായ ആയ് ആണ്ടിരനെക്കുറിച്ചും പറയുന്നുണ്ട്. പിന്നീട് തലസ്ഥാനം വിഴിഞ്ഞത്തേക്കു മാറ്റുകയായിരുന്നു. ആയ് രാജാക്കൻമാരായ കരുനന്തടക്കൻ, വിക്രമാദിത്യവരഗുണൻ എന്നിവർ വിഴിഞ്ഞം തലസ്ഥാനമാക്കി ഭരിച്ചിരുന്നവരാണ്. ‘കഴുകുമലൈ’ ലിഖിതത്തിൽ പാണ്ഡ്യരാജാവ് ജതിലവർമൻ പരന്തകന്റെ നേതൃത്വത്തിൽ വിഴിഞ്ഞം പിടിച്ചെടുത്തതായും ഇതേത്തുടർന്ന് പത്തുവർഷത്തോളം ആയ് രാജാക്കൻമാരുമായി യുദ്ധം നടത്തിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ആയ് ഭരണത്തിൻകീഴിലും പിന്നീടും ഒരു പ്രധാന സൈനികകേന്ദ്രംകൂടിയായിരുന്നു വിഴിഞ്ഞം. പാണ്ഡ്യ-ചോള ഭരണത്തിൻകീഴിലും ഇതിനു മാറ്റമുണ്ടായില്ല. പിൽക്കാലത്ത് തിരുവിതാംകൂറിലെ ഭരണാധികാരികളുടെ കീഴിലായപ്പോഴും വലിയൊരു കച്ചവടകേന്ദ്രമായിത്തന്നെ നിലകൊള്ളുകയും ചെയ്തു. അവിടെ അക്കാലത്ത് വലിയൊരു നെൽപ്പുര ഉണ്ടായിരുന്നതായി ‘മതിലകം രേഖ’കളിൽ കാണാം. പോർച്ചുഗീസുകാരുടെ വരവോടെ ധാരാളം കപ്പലുകളും എത്തിത്തുടങ്ങി. പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും വിഴിഞ്ഞത്തിനായുള്ള പറങ്കികളുടെയും ഡച്ചുകാരുടെയും പോരാട്ടവും തുടങ്ങി.
‘വിഴിഞ്ഞത്തുവായ്’ എന്നായിരുന്നു വിഴിഞ്ഞത്തിന്റെ പൂർവനാമമെന്ന് തിരുവിതാംകൂറിലെ ചില രേഖകളിൽ കാണുന്നുണ്ട്. പിൽക്കാലത്ത് ഇതു ലോപിച്ച് വിഴിഞ്ഞമായതാകാമെന്നും പറയുന്നു. പഴയ ഒരു കോട്ടയുടെ അവശിഷ്ടങ്ങളും വിഴിഞ്ഞത്തിനടുത്ത് കാണാം. ഈ പ്രദേശം ഇപ്പോൾ കോട്ടപ്പുറം എന്നാണ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഔവർ ലേഡി പള്ളിയും ഇവിടെയുണ്ട്. സിന്ധുയാത്രാമാതാ പള്ളിയെന്നും ഇതിനു പേരുണ്ട്. ചേരമാൻ പെരുമാളിന്റെ കാലത്ത് അറബികൾ നിർമിച്ചതെന്നു കരുതുന്ന മുസ്‌ലിം പള്ളിയും ഏറെപ്രശസ്തമാണ്. ചൊവ്വരയിലെ ശാസ്താക്ഷേത്രവും ഐതിഹ്യപ്പെരുമയാൽ കേൾവികേട്ടതാണ്. കേരളോല്പത്തികഥയിൽ കടൽ ഉൾവലിഞ്ഞ സ്ഥലത്ത് പരശുരാമൻ ധാരാളം ക്ഷേത്രങ്ങൾ നിർമിച്ചിരുന്നുവെന്നും അതിലൊന്നാണ് ചൊവ്വര ക്ഷേത്രമെന്നും വിശ്വസിക്കപ്പെടുന്നു. ഇതിനടുത്തായി എട്ടു ക്ഷേത്രങ്ങൾകൂടി പരശുരാമൻ പ്രതിഷ്ഠിെച്ചങ്കിലും അവയെല്ലാം കടലെടുത്തതായും പറയപ്പെടുന്നുണ്ട്.
തിരമാലയിൽനിന്ന് ആദ്യമായി സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതി നടപ്പാക്കിയതും വിഴിഞ്ഞത്താണ്. ഇപ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണപ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇതു പൂർത്തീകരിക്കുമ്പോഴേക്കും വിഴിഞ്ഞം പഴയ പ്രതാപത്തിലേക്ക് ഉയരുമെന്നു തീർച്ചയാണ്.