തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായകമായ സംഭാവനകൾ നൽകിയിട്ടുള്ളവരുടെ പേരിൽ അറിയപ്പെടുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ നഗരത്തിലുണ്ട്. രാജഭരണകാലത്തും ജനായത്തകാലത്തും ഇവരിൽ പലരുടെയും പേരിൽ പല പ്രദേശങ്ങളും പ്രസിദ്ധമായിട്ടുണ്ട്. അതിലൊന്നാണ് ബാർട്ടൺ ഹിൽ.
ഹജൂർക്കച്ചേരി (ഇപ്പോഴത്തെ സെക്രട്ടേറിയറ്റ്‌) ഉൾപ്പെടെ ഡച്ച്-റോമൻ ശൈലിയിലുള്ള നിരവധി കെട്ടിടങ്ങളുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച തിരുവിതാംകൂറിലെ ആദ്യ ചീഫ് എൻജിനീയർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വില്യം ബാർട്ടണിന്റെ പേരിലറിയപ്പെടുന്നു ഇവിടം.
ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ക്രാന്തദർശിയായിരുന്ന അന്നത്തെ ദിവാൻ സർ ടി.മാധവറാവുവിന്റെ ശ്രമങ്ങളാണ് സെക്രട്ടേറിയറ്റിന്റെ നിർമാണത്തിനു വഴിയൊരുക്കിയത്. 1865-ൽ തറക്കല്ലിട്ട നിർമാണം 1869-ൽ പൂർത്തീകരിച്ച്‌ ഉദ്ഘാടനം നടത്തി.
  അന്ന് കുന്നുകുഴിയുടെ സമീപത്തുള്ള ഒരു ഉയർന്ന കുന്നിലായിരുന്നു ബാർട്ടൺ  ചെറിയ ടെന്റ്‌ കെട്ടി ആദ്യം താമസിച്ചിരുന്നത്. മനോഹരമായ വയലേലകളും പൊന്തക്കാടുകളും നിറഞ്ഞ പ്രദേശമായിരുന്നു കുന്നിന്റെ അടിവശം. (കുന്നിൻമുകളിൽനിന്ന് ബൈനോക്കുലറുകൊണ്ട്‌ നിരീക്ഷിച്ചാണ് സെക്രട്ടേറിയറ്റ് നിർമാണത്തിനുള്ള നിർദേശങ്ങൾ വില്യം ബാർട്ടൺ നൽകിയിരുന്നതെന്ന് പറയപ്പെടുന്നു.) ജനറൽ ആശുപത്രിക്കെട്ടിടം, യൂണിവേഴ്‌സിറ്റി കോളേജ്, വർക്കല തുരപ്പ്‌ എന്നിവയുടെ നിർമാണച്ചുമതലയും ബാർട്ടണായിരുന്നു.
പിൽക്കാലത്താണ് ഇപ്പോൾ ബാർട്ടൺ ഹില്ലിലുള്ള കെട്ടിടങ്ങൾ നിർമിച്ചത്. ബാർട്ടൺ ഹില്ലിനുസമീപത്തായിരുന്നു പണ്ട് നഗരവാസികളെ സമയം അറിയിക്കാനായി പീരങ്കിവെടിവെച്ചിരുന്നത്. സ്വാതിതിരുനാളിന്റെ കാലത്താണ് ഇതു തുടങ്ങിയത്. അവിടം പിന്നീട് ‘ഗുണ്ടുകാട്’ എന്നറിയപ്പെട്ടുതുടങ്ങി.
പിൽക്കാലത്ത്  ബാർട്ടൺ ഹില്ലിൽ പേവിഷ ഗവേഷണ കേന്ദ്രം ആരംഭിച്ചു. ഇതേത്തുടർന്ന്  പേപ്പട്ടിക്കുന്ന് എന്നും നാട്ടുകാരിൽ ചിലർ വിളിച്ചിരുന്നെന്ന് പഴയ തലമുറയിലെ ആളുകൾ ചൂണ്ടിക്കാട്ടുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇപ്പോൾ ബാർട്ടൺ ഹില്ലിലുണ്ട്. ഗവ. ലോ കോളേജ്, എൻജിനീയറിങ് കോളേജ്, വനിതാ ഇൻഡസ്ട്രിയൽ ട്രെയിനിങ് സ്കൂൾ, എന്നിവ ഇവിടെയാണു സ്ഥിതിചെയ്യുന്നത്.െഎ.എം.ജിയും തൊട്ടടുത്തായുണ്ട്്.