ആ ധികാരികമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത  ഒരു രാജാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ വംശത്തെക്കുറിച്ചുമുള്ള നിരവധി കഥകളാൽ സമ്പന്നമാണ് പുലയനാർകോട്ട. ആക്കുളം കായലിന്റെ തീരത്തുള്ള ഈ പ്രദേശം ചേര പരമ്പരയിൽപ്പെട്ട ഒരു പുലയരാജാവി (മേധാവിയുടെ) ന്റെ കേന്ദ്രമായിരുന്നു. പുലയനാരുടെ കോട്ടയാണ് പുലയനാർകോട്ടയായത്. ‘നാർ’ എന്നത് അക്കാലത്തെ സാമൂഹികപദവി സൂചിപ്പിക്കുന്നതാണെന്നാണ് അനുമാനിക്കുന്നത്.
ഏതാണ്ട് 200 വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്നതായി പറയപ്പെടുന്ന കാളിപ്പുലയൻ എന്ന രാജാവിന്റെ താവളമായിരുന്നു ഇവിടം. സാമുവേൽ മറ്റീറിന്റെ 1883 ൽ പ്രസിദ്ധീകരിച്ച 'നേറ്റീവ് ലൈഫ് ഓഫ് ട്രാവൻകൂർ' എന്ന പുസ്തകത്തിൽ പുലയനാർകോട്ടയെക്കുറിച്ച് പരാമർശമുണ്ട്. വേളിക്കടുത്ത് ഒരുമലയിലുള്ള, 60-70 അടി ഉയരത്തിൽ നിരപ്പായ തറയും അതിനുചുറ്റിനും മണ്ണുകൊണ്ടുള്ള വൻമതിലും കിടങ്ങും ആഴമേറിയ കിണറുമുള്ള കാടുമൂടിയ പ്രദേശമാണ് പുലയനാർകോട്ടയെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അനുകൂലവും വ്യത്യസ്തവുമായ പല  നിരീക്ഷണങ്ങളും പിൽക്കാലത്ത് പുലയനാർകോട്ടയേയും അവിടത്തെ രാജാവിനെക്കുറിച്ചും ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട് . 
ആധികാരികമായ ഒരു രേഖയും അവസാനത്തെ പുലയ രാജാവായിരുന്ന കാളിപ്പുലയനെക്കുറിച്ചില്ല. കാളിപ്പുലയനും ഭാര്യയും അപാരമായ മാന്ത്രികസിദ്ധിയുള്ളവരും ഒടിവിദ്യ വശത്താക്കിയവരുമായിരുന്നു. സ്വയം അപ്രത്യക്ഷമാകാനും മറ്റുള്ളവരെ  അപ്രത്യക്ഷരാക്കാനും കഴിവുള്ള 'ഉണ്ണിത്തൈലം' മന്ത്രസിദ്ധിയാൽ സൃഷ്ടിച്ചെടുത്തിരുന്നു കാളിപ്പുലയനെന്നും പറയപ്പെടുന്നു.
ജാതിവ്യവസ്ഥിതി കൊടികുത്തിവാണ കാലത്ത് ഉണ്ണിത്തെലം ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ കടന്ന് ദർശനം നടത്തി. മാത്രമല്ല മഹാരാജാവിന്റെ ഊട്ടുപുരയിൽ കയറിപ്പറ്റി രാജാവിന്റെ പാത്രത്തിൽനിന്ന് കഞ്ഞി അപഹരിച്ചുകുടിച്ചതായും കഥകളുണ്ട്. ( ഇക്കാര്യം 'വിസ്മൃതനായ പുലയനർകോട്ടയിലെ രാജാവ് ' എന്ന ലേഖനത്തിൽ ഡോ.അച്യുത് ശങ്കർ എസ്.നായർ പറയുന്നുണ്ട്).
കുടിക്കുന്നതിനെക്കാൾ കൂടുതൽ തന്റെ പാത്രത്തിൽനിന്ന് കഞ്ഞി കുറയുന്നുവെന്ന് ബോധ്യമായ രാജാവ് അമ്പരന്നു. ആരോ അദൃശ്യനായി രാജാവിന്റെ ഭക്ഷണം പങ്കിടുന്നതായി കൊട്ടാരം ജോത്സ്യൻ കണ്ടെത്തി. അടുത്തദിവസം ജോത്സ്യന്റെ നിർദേശപ്രകാരം ചൂടേറിയ കഞ്ഞിയാണ് രാജാവിന് വിളമ്പിയത്. കഞ്ഞിയുടെ ചൂടേറ്റ്‌ അദൃശ്യനായിരുന്ന കാളിപ്പുലയൻ നന്നായി വിയർത്തു. അസഹ്യമായപ്പോൾ തോർത്തുകൊണ്ട് മുഖം തുടച്ചു. മുഖത്ത് തേച്ചിരുന്ന തൈലം നഷ്ടമായതിനാൽ പ്രത്യക്ഷരൂപത്തിലായ കാളിയെ  പിന്നീട് രാജാവ് തൂക്കിലേറ്റിയെന്നുമാണ് കഥ.
പരലോകത്തിരുന്നും കാളിപ്പുലയന്റെ ആത്മാവ് രാജാവിനോട്‌ പോരടിച്ചുകൊണ്ടിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കും കൊട്ടാരത്തിലേക്കുമുള്ള ഓട്ടുപത്രങ്ങൾ നിർമിക്കുന്നവരെയും കാളിയുടെ ആത്മാവ് ശല്യപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് പാത്രങ്ങൾ നിർമിച്ചിരുന്ന വിശ്വകർമസമുദായത്തിൽപ്പെട്ടവർ കാളിപ്പുലയന്റെ ആത്മാവിനെ സംതൃപ്തിപ്പെടുത്താൻ പൂജകൾ നടത്തുകയും തുടർന്ന് അട്ടക്കുളങ്ങര ധർമശാസ്താക്ഷേത്രത്തിൽ കുടിയിരുത്തിയതായും  ഡോ.അച്യുത് ശങ്കർ   ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഡയബറ്റീസും നെഞ്ചുരോഗാശുപത്രിയും പ്രവർത്തിക്കുന്നത് പുലയനാർകോട്ടയിലാണ്.