തോണിനിറയെ മീനുമായി വരുന്നവർക്കായുള്ള കാത്തിരിപ്പിന്റെ പകലിരവുകളാണ് വിഴിഞ്ഞത്തിനിപ്പോൾ. കഴിഞ്ഞ ദിവസം ട്രോളിങ് നിരോധനം ആരംഭിച്ചതോടെ തീരത്തെ പരമ്പരാഗത വള്ളങ്ങൾ കടലിൽ ഇറങ്ങിത്തുടങ്ങി. യന്ത്രബോട്ടുകൾക്കിനി ഒന്നരമാസത്തെ വിശ്രമക്കാലം. മീനുകളുടെ പ്രജനനത്തെ ബാധിക്കാതെ വള്ളവും വലയും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം വിഴിഞ്ഞത്തിന് ചാകരക്കാലം കൂടിയാണ്.
സീസണിന്റെ വരവറിയിച്ച് ആദ്യദിവസം കൂടുതലായും വലയിൽ കുരുങ്ങിയത് കൊഞ്ചാണ്. ചൂര, കണവ എന്നീ മത്സ്യങ്ങളും ചെറിയ തോതിൽ കിട്ടി. ഇതുവരെ ചാകരക്കോള് തടഞ്ഞില്ലെങ്കിലും മോശമല്ലാതെ മീൻ കിട്ടുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
രണ്ടു ദിവസമായി വിഴിഞ്ഞത്തിന്റെ ആകാശവും തെളിഞ്ഞ മട്ടാണ്. ഇതോടെ കൂടുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിത്തുടങ്ങി. മറ്റുതീരങ്ങളിൽ നിന്നുള്ള വള്ളങ്ങളും തൊഴിലാളികളും വിഴിഞ്ഞത്ത് കൂടുതലായി എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽനിന്നുള്ള മത്സ്യത്തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്.
ട്രോളിങ് നിരോധനകാലത്ത് മറ്റു സ്ഥലങ്ങളിൽ മത്സ്യബന്ധനം സാധ്യമാകാതെ വരുമ്പോഴാണ് നീണ്ടകര ഉൾപ്പെടെയുള്ള പ്രധാന തീരങ്ങളിൽനിന്ന് തൊഴിലാളികൾ കൂട്ടത്തോടെ വിഴിഞ്ഞത്തെത്തുന്നത്. പുലർച്ചെ മൂന്നുമണിമുതൽക്കാണ് ആദ്യസംഘം കടലിൽ പോയിത്തുടങ്ങുക. ഇവർ ഉച്ചയോടെ മടങ്ങിയെത്തും. ഇതിനുപുറമെ വൈകുന്നേരം പോകുന്ന മറ്റൊരു സംഘവുമുണ്ട്. ഇവർ തിരിച്ചെത്താൻ രാത്രി വൈകും.
കടലിൽ പോയവർ മീൻ കൊണ്ടുവരുന്നത്‌ കാത്ത് ലേലക്കാരും ചെറുകിട മത്സ്യക്കച്ചവടക്കാരും തുറമുഖത്ത് എപ്പോഴും സജീവമായിരിക്കും. ഇത് സീസൺ കാലത്തിന്റെ പ്രത്യേകതയാണ്. സീസൺ തുടങ്ങിയതോടെ തുറമുഖപരിസരത്ത് മറ്റു കച്ചവടക്കാരും നിരന്നുകഴിഞ്ഞു. വരുംദിവസങ്ങളിൽ തീരത്ത് തിരക്കേറും.
  തീരം സീസണിന്റെ ആരവത്തിലാണെങ്കിലും ചില്ലറ ആശങ്കകൾ പങ്കുവെയ്ക്കാതെ തരമില്ലെന്ന് മുതിർന്ന മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞത്തെ സീസൺ കാലത്തിന് പഴയപോലെ ഉണർവില്ലെന്ന് അവർ പറയുന്നു. കാരണം മറ്റൊന്നുമല്ല. പണ്ടത്തപ്പോലെ മീൻ കിട്ടുന്നില്ല. കൃത്രിമ മത്സ്യബന്ധനരീതികൾ മത്സ്യസമ്പത്ത് ഇല്ലാതാക്കിയിട്ടുണ്ട്. പെട്ടെന്ന് ലാഭമുണ്ടാക്കാനുള്ള ചിന്തയിൽ മത്സ്യത്തൊഴിലാളികൾ തന്നെയാണ് കടലിനെയും മത്സ്യങ്ങളെയും ഇല്ലാതാക്കുന്നത്. വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെയും മീൻമുട്ടകളെയും അരിച്ചുപെറുക്കിയെടുക്കുന്ന രീതി ശരിയല്ലെന്ന് പരമ്പരാഗത തൊഴിലാളികൾ പറയുന്നു.
ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ തട്ടുമടി വള്ളങ്ങളും മറ്റും ഉൾക്കടലിൽനിന്ന് വളർച്ചയെത്താത്ത മീനുകളെ കോരിക്കൊണ്ടുവരുന്ന ഏർപ്പാടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ഈ മത്സ്യങ്ങൾ വളത്തിനായാണ് ഉപയോഗിക്കുക. വർഷങ്ങളായി തുടരുന്ന ഈ ഏർപ്പാട് പല മത്സ്യങ്ങളെയും വംശനാശത്തിലെത്തിച്ചിട്ടുണ്ട്. സീസണിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട മത്സ്യങ്ങൾ ഇതോടെ ഇല്ലാതാകുകയും ചെയ്യുന്നു.
സീസൺ കാലത്ത് ട്രോളറുകളെപ്പോലെത്തന്നെ മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്ന കപ്പൽ വള്ളങ്ങളെയും നിരോധിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. അതുപോലെ അന്യസംസ്ഥാന, വിദേശ ട്രോളറുകളെ നിയന്ത്രിക്കുകയും ചെയ്യണമെന്ന് മത്സ്യത്തൊഴിലാളികൾ ആവർത്തിക്കുന്നു.