തിരുവനന്തപുരത്തെ മാനവീയം വീഥിക്ക്‌ സാംസ്കാരിക ഇടനാഴി എന്ന പേര് ചാർത്തിക്കിട്ടിയിട്ട് അധിക നാളായിട്ടില്ല. പക്ഷേ, ഇവിടത്തെ കലാ-സാംസ്കാരിക മുന്നേറ്റങ്ങൾക്ക് ജീവൻ വെച്ചിട്ട് ഒന്നരപ്പതിറ്റാണ്ട് ആകുന്നു. ‘നിങ്ങളുടെ ഉള്ളിൽ കലാപരമായ കഴിവ് ഉണ്ടെങ്കിൽ, അതു പ്രകടിപ്പിക്കാനുള്ള വേദി ഇല്ലായെന്ന് കരുതരുത്. ആളെക്കൂട്ടാൻ കഴിയില്ല, പണം ഇല്ല എന്നോർത്തും വിഷമിക്കേണ്ട. ഞങ്ങളുടെ ഒപ്പം കൂടാം’...ഇതാണ് മാനവീയം വീഥിയിലെ തെരുവോരക്കൂട്ടം പ്രവർത്തകരുടെ വാഗ്ദാനം. ഈ വാഗ്ദാനം പാലിക്കാൻ കഴിയുന്നുവെന്നതാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. മാനവീയം വീഥിയിലെ തെരുവോരക്കൂട്ടത്തിന്റെ പതിനഞ്ചാം പിറന്നാളാഘോഷം ഒരു വർഷം നീണ്ടു നില്ക്കുന്ന പരിപാടികളുമായി കേമമാക്കാനാണ് ഇവരുടെ തീരുമാനം. ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിലാണ് മാനവീയം വീഥി ഉണരുക. വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടു വരെ ചെറിയൊരു ഉത്സവപ്പറമ്പായി മാറും ഇവിടം. ഓരോ ഞായറാഴ്ച പിരിയുമ്പോഴും അടുത്ത ആഴ്ച കാണാം എന്നത് ഇവരുടെ പ്രതീക്ഷയാണ്.

തുടക്കം
നാടകവുമായി ബന്ധപ്പെട്ട് 1995-ൽ രണ്ടു വർഷത്തോളം യൂറോപ്പിൽ പര്യടനം നടത്തിയപ്പോഴാണ് നാടകപ്രവർത്തകൻ രഘൂത്തമന്റെ മനസ്സിൽ ഇത്തരമൊരു ഇടം നഗരത്തിൽ വേണമെന്ന ചിന്ത ഉണ്ടാകുന്നത്. പാരീസിലെ മെമാത്ര തെരുവിലെ പ്രത്യേക സ്ഥലത്താണ് ചിത്രകാരന്മാർ വരയ്ക്കുന്നത്. അതു കാണാനും ചിത്രങ്ങൾ വാങ്ങാനും തെരുവുകളിൽ വലിയ തിരക്ക്. തിരുവനന്തപുരത്ത് തിരികെ എത്തിയപ്പോൾ ഇവിടത്തെ തെരുവുകൾ ഇത്തരത്തിൽ മാറിയാൽ നല്ലതായിരിക്കുമെന്നു തോന്നി. കാവാലം നാരായണപ്പണിക്കർ അടക്കമുള്ളവരുമായി ഇക്കാര്യം ചർച്ച ചെയ്തു. മാനവീയം വീഥി ഇതിനായി നൽകാൻ സർക്കാരും തയ്യാറായി. ക്രമേണ അഭിനയ നാടകസംഘം ഞായറാഴ്ചകളിൽ മുടക്കമില്ലാതെ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. 2014 ഓടെ രഘൂത്തമൻ വിദേശത്തേക്കുള്ള നാടകയാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് തന്നെ നിൽക്കാൻ തീരുമാനിച്ചു. കുറവൻകോണത്ത് അഭിനയയുടെ നാടകകേന്ദ്രത്തിലായിരുന്ന ഇതിന്റെ പിറവി. തെരുവ് തിരിച്ചുപിടിക്കാനായിരുന്നു മാനവീയത്തിലെ കലാസന്ധ്യകൾ. 2001-ൽ അന്നത്തെ നിയമസഭാ സ്പീക്കർ എം.വിജയകുമാറാണ് മാനവീയം സാംസ്കാരിക വീഥി ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ നാടകം മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിലും ഇപ്പോൾ എല്ലാ കലാരൂപങ്ങൾക്കുമുള്ള വേദിയാണിവിടമെന്നും രഘൂത്തമൻ പറയുന്നു.

കാഴ്ചക്കാർ അമരക്കാരായി

കാഴ്ചക്കാരായി ഇവിടെ എത്തിയ പലരും ഇന്നു പല സാംസ്കാരിക സംഘടനകളുടെ അമരക്കാരായി. അങ്ങനെയുള്ള പതിനാലോളം സംഘടനകൾ തെരുവോരക്കൂട്ടത്തോടു ചേർന്നു പ്രവർത്തിക്കുന്നുണ്ട്. കലാകാരന്മാർക്ക് പുതുവഴി കാണിക്കുന്ന പ്രസ്ഥാനമായി മാനവീയം 2001 മുതൽ പ്രവർത്തനം തുടങ്ങി. മുഖ്യധാരയിലേക്ക് വരാൻ കഴിയാത്ത നിരവധി കലാകാരന്മാർ മാനവീയത്തിൽ അരങ്ങേറ്റം നടത്തി. പരിപാടി അവതരിപ്പിക്കാൻ ആർക്കും അയിത്തമില്ല. സർക്കാർ ഓഡിറ്റോറിയത്തിൽ പരിപാടി അവതരിപ്പിക്കണമെങ്കിൽ ഭാരിച്ച ചെലവ് വേണ്ടിവരും. സാധാരണ കലാകരന്മാർക്ക് അത് താങ്ങാനാവില്ല. മാനവീയത്തിൽ പരിപാടി അവതരിപ്പിക്കുന്നത്‌ ചെലവില്ലാതെയാണ്‌. ചെറിയ നാടക സംഘങ്ങൾക്ക് അത് ഉണർവായി. ആദ്യം പന്ത്രണ്ട് പേരോളം സംഘത്തിലുണ്ടായിരുന്നു. പലരും കൊഴിയുമ്പോൾ പുതിയവർ എത്തി. കാവാലത്തിന്റെ സോപാനത്തിലെ കലാകാരന്മാരും സഹായിച്ചു. പരിപാടി കഴിയുമ്പോൾ ജനങ്ങളിൽ നിന്നു ലഭിക്കുന്ന സാമ്പത്തികം കലാകാരന്മാർക്ക് നൽകും. ആരുടെയും സ്പോൺസർഷിപ്പിലല്ല നാടകം നടക്കുന്നത്. ഇവിടെ ആരുടേയും ബാനർ ഉയർത്തികെട്ടാറുമില്ല.        തെരുവോരക്കൂട്ടത്തിന്റെ സെക്രട്ടറി ഷൈലജ പി.അമ്പു ആണ്. വിവിധ സംഘടനകളുടെ ബാനറുകളിലും അല്ലാതേയുമായി അജിത്ത്, കൃഷ്ണൻ ബാലകൃഷ്ണൻ, ഗോപൻ, പ്രകാശ്, ജയൻ ലെയിസിയം, ജിജോ സോമൻ, ശ്രീനിവാസ്, സാം ജോർജ് എന്നിവരാണ് തെരുവോരക്കൂട്ടത്തിന്റെ നിലവിലെ സംഘാടകർ.

വൈവിധ്യം
പരിപാടികളിലെ വൈവിധ്യമാണ് ഇവരുടെ മുഖമുദ്ര. അന്യംനിന്നു പോകുന്ന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇവർ ചെയ്യുന്നതൊക്കെ ഫലപ്രദമായി മാറുന്നുണ്ട്. പുതുതലമുറയ്ക്ക് കാക്കാരിശ്ശി നാടകം പരിചയപ്പെടുത്തിക്കൊടുക്കാനും നാടൻപാട്ടിന്റെ താളത്തിൽ ചലിപ്പിക്കാനും തെരുവോരക്കൂട്ടത്തിനായി. തെരുവുനാടകങ്ങൾ, തെരുവു മാജിക്ക് എന്നിവയും ഈ വീഥിയിൽ അരങ്ങേറി. ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ചലച്ചിത്ര പ്രദർശനത്തിന്റെ കർട്ടൻ റെയ്‌സർ നടന്നതു മാനവീയം വീഥിയിലായിരുന്നു. മഴയത്ത് ഇരുന്നും അന്ന് കലാപ്രേമികൾ സിനിമ കണ്ടു. ജി.ശങ്കപ്പിള്ളയുടെ ‘ചിറകടിയൊച്ചകൾ’, ‘അവനവൻ കടമ്പ’, ‘ഗദ്ദികക്കാരന്റെ തീപ്പന്തം’ തുടങ്ങിയ നാടകങ്ങൾക്കൊപ്പം പാർവതി ബൗളിന്റെ ബാവുൾ സംഗീതത്തിന്റെ അവതരണത്തിനു വരെ മാനവീയം വേദിയായി. കലാപ്രവർത്തനങ്ങൾക്ക് അപ്പുറത്ത്‌ രക്തദാനം ഉൾപ്പെടെയുള്ള പ്രവൃത്തികളും ഇവർക്കുണ്ട്.

മരങ്ങളുടേയും വീഥി
എഴുത്തുകാരും കലാകാരന്മാരും മരങ്ങളായി പുനർജനിക്കുന്ന കാലത്തിലേക്കുള്ള ദൂരം വിദൂരമല്ല. മാനവീയത്തിലെ തെരുവോരക്കൂട്ടം മരങ്ങളുടെ കാവലാളായി മാറുന്നത് 2015 മുതലാണ്. ജി.ശങ്കരപിള്ളയുടെ ജന്മദിനത്തോടനുബന്ധിച്ച് വീഥിയുടെ ഓരത്തായി തെരുവോരക്കൂട്ടം പ്രവർത്തകർ മരത്തൈ നട്ടു. വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, കടമ്മനിട്ട രാമകൃഷ്ണൻ, ലളിതാംബിക അന്തർജനം, മാധവിക്കുട്ടി, ഒ.എൻ.വി.കുറുപ്പ്, കലാഭവൻ മണി എന്നിവർക്കൊക്കെ ഇവിടെ മരങ്ങളുണ്ട്. ആൽമരത്തിൽ ഒ.എൻ.വി. മാനവീയത്തിൽ പുനർജനിക്കുന്നു. ഒ.എൻ.വി. കുറുപ്പിന്റെ സഹസ്രപൂർണിമാഘോഷം നടന്ന സമയം സുഗതകുമാരിയുടെ കൈയിൽ അദ്ദേഹമൊരു ആൽമരത്തിന്റെ തൈ ഏല്പിച്ചു. ഇത് അനുയോജ്യമായ ഇടത്ത് നടണമെന്നായിരുന്നു സുഗതകുമാരിക്ക്‌ ഒ.എൻ.വി.കുറുപ്പ് അന്നു നൽകിയ നിർദേശം. ഇതിനായി തിരഞ്ഞെടുത്തത് മാനവീയം വീഥി ആയിരുന്നു എന്നത് തെരുവോരംകൂട്ടം സുഹൃത്തുക്കൾ അഭിമാനത്തോടെ ഓർക്കുന്നു. ഇവ നശിച്ചു പോകാതെ സംരക്ഷിക്കപ്പെടാൻ ഇൻഡസ് സൈക്ലിങ്ങിന്റെ നേതൃത്വത്തിൽ വാട്ടറിങ്‌ സൈക്ലിങ്‌ നടത്തുന്നുണ്ട്. എല്ലാ പ്രഭാതങ്ങളിലും ഇത്തരത്തിൽ വീഥിയിലെ മരങ്ങൾക്ക് വെള്ളം ലഭിക്കും. 

ചുവരെഴുത്തുകൾ
തെരുവുകളിൽ ചുവരെഴുത്തുകൾ സംരക്ഷിക്കപ്പെടുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. മാനവീയംവീഥിയിലെ ചുവരുകളിൽ വരയ്ക്കാൻ ആർട്ടിസ്റ്റ് നമ്പൂതിരി അടക്കമുള്ള പ്രഗല്‌ഭർ എത്തിയിട്ടുണ്ട്‌. ചുവരൊപ്പുകളാണ് മറ്റൊന്ന്. സന്ദർശകരായി എത്തിയ എല്ലാവരുടേയും ഒപ്പും അവിടത്തെ ചുവരുകൾ പേറുന്നുണ്ട്. കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’യെന്ന നാടകത്തിന്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആർട്ടിസ്റ്റ് നമ്പൂതിരി, ഫ്രാൻസിസ് കോടംകണ്ടത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിസ്മയ മാക്സിലേയും നിഷിലേയും വിദ്യാർഥികൾ മാനവീയം വീഥികളിലെ ഭിത്തിയിൽ അവനവൻ കടമ്പയുടെ ദൃശ്യങ്ങൾ പകർത്തി. ചിത്രകാരി സജിത ശങ്കർ ചുവർചിത്രം വരയ്ക്കാൻ ഇവിടെ എത്തിയിട്ടുണ്ട്.മാനവീയം തെരുവിൽ വീൽചെയറിൽ ജീവിക്കുന്നവരുടെ കലാപരമായ കഴിവുകളുടെ പ്രദർശനം നടത്തി. ചായവും ബ്രഷും ആർട്ട് പേപ്പറുകളുമായി നിരവധി പേർ വീൽ ചെയറിലെത്തി. പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ ഇവിടെ കലാപരിപാടികൾ നടത്തുന്നുണ്ട്. 

ഇനിയും മുന്നോട്ടു പോകണം
നിശാഗന്ധിപോലെ മാനവീയവും കലാപരിപാടികൾ നടത്തുന്നതിനുള്ള വേദിയായി പരിവർത്തനം ചെയ്യണം. അതിന് സർക്കാറിന്റെ പിന്തുണയുണ്ടാവണം. കലാരംഗത്ത് സാന്നിധ്യം ഉറപ്പിച്ച സ്ഥിരം പ്രഫഷണലുകളുടെ വേദിയല്ല മാനവീയം. എന്നാൽ, അവർക്കും ഇവിടെ വരാം. കലാ-സാംസ്കാരിക ഇടമായി പേരെടുത്ത മാനവീയം വീഥി പ്രതിഷേധസമരക്കാരുടെ വേദിയായും മാറി.  ഇവിടെ മരങ്ങൾ വെച്ചുപിടിപ്പിക്കണം. മഴ പെയ്താൽ നനയാതിരിക്കാൻ വേണ്ട ചെറിയൊരു സംവിധാനം, കലാകാരന്മാർക്ക് ഡ്രസ്സ് മാറ്റാനും ടോയ്‌ലറ്റിനു വേണ്ടിയുമുള്ള സൗകര്യം ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഭാവിയിൽ
മധുസൂദനൻ നായരുടെ മലയാളം പള്ളിക്കൂടവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നു തെരുവോരക്കൂട്ടം ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ ആദ്യഘട്ട ചർച്ചകളും നടന്നു കഴിഞ്ഞു. തെരുവുകളെ പ്രമേയമാക്കിയുള്ള ചലച്ചിത്രങ്ങളുടെ പ്രദർശനം, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്നവരെ ഉൾപ്പെടുത്തിയുള്ള സ്ട്രീറ്റ് ഫെസ്റ്റും ഇവരുടെ മനസ്സിലുണ്ട്. വിവിധ രാജ്യങ്ങളിലെ തെരുവുകളിലെ കലാകാരന്മാരെ സംഘടിപ്പിച്ചു കൊണ്ടുള്ള അന്തർദേശീയ സ്ട്രീറ്റ് ഫെസ്റ്റാണ് ഇവരുടെ ചിന്തയിലുള്ള മറ്റൊന്ന്. ഡിസംബറിൽ നടത്തുന്ന കാർണിവലോടെ പതിനഞ്ചാം വാർഷികം പൂർത്തിയാക്കണമെന്നും ഇവർ കരുതുന്നു.