മലയിൻകീഴ്: ഏഴുവർഷം മുൻപാണ് വിധി അപകടത്തിലൂടെ അനീതിന്റെ ജീവിതത്തെ മാറ്റിയത്. തന്റെ പുത്തൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ വെള്ളയമ്പലത്തിനടുത്ത് കാറിടിച്ച് അപകടമുണ്ടായി. ഇടതുകാലിനുണ്ടായ ഗുരുതരമായ പരിക്കിൽ മുട്ടിനുമുകളിൽ കാൽ മുറിച്ചുമാറ്റി. 23-ാം വയസ്സിൽ കാൽ നഷ്ടപ്പെട്ടപ്പോൾ പെട്ടെന്നത് താങ്ങാനായില്ലെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. എന്നാലിപ്പോൾ കഠിന പ്രയത്നത്തിലൂടെ ആഗ്രഹിച്ചതെല്ലാം ഒന്നിനുപിറകെ ഒന്നായി നേടിയതിന്റെ സന്തോഷം അനീത് തുറന്നുപറയുന്നു. മലയിൻകീഴ് ശാന്തുമ്മൂല നയനയിൽ എസ്.എസ്.അനീത് (30) ബി.കോം. ബിരുദധാരിയാണ്. മൂന്നുവർഷം മുൻപ് പി.എസ്.സി. പരീക്ഷയിൽ വിജയിച്ച് ജോലി നേടി. സംസ്ഥാന തൊഴിൽ വകുപ്പിൽ എൽ.ഡി. ക്ലാർക്കായി തൊഴിൽഭവനിൽ ജോലി ചെയ്യുന്നു.

ദീർഘകാലത്തെ പ്രണയം അപകടത്തിനുശേഷവും തുടർന്നു. രണ്ടരവർഷം മുൻപ് അഞ്ജു, അനീതിന്റെ ജീവിതസഖിയായി. ഒരുവർഷം മുൻപ് ആരംഭിച്ച കടുത്ത പരിശീലനത്തിനൊടുവിലാണ് അനീത് ഇപ്പോഴത്തെ വിജയം കരസ്ഥമാക്കിയത്. കേരള സ്റ്റേറ്റ് ബോഡി ബിൽഡിങ് അസോസിയേഷൻ അംഗപരിമിതർക്കായി നടത്തിയ ജില്ലാ, സംസ്ഥാനതല ശരീരസൗന്ദര്യ മത്സരത്തിൽ അനീതിനായിരുന്നു ഒന്നാംസ്ഥാനം. ഇക്കഴിഞ്ഞ 10-ന് തൃശ്ശൂർ വാടാനപ്പള്ളിയിലായിരുന്നു സംസ്ഥാനതല മത്സരം. കഴിഞ്ഞ സിവിൽ സർവീസ് ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്തുവെങ്കിലും അവസാന നിമിഷം അംഗപരിമിതർക്ക് മത്സരമില്ലെന്ന കാരണത്താൽ ഒഴിവാക്കി. ശരീര സൗന്ദര്യത്തിനുള്ള പരിശീലനം അനീതിനെ സംബന്ധിച്ച് കടുപ്പമേറിയതാണ്. രാവിലെ രണ്ടുമണിക്കൂറും വൈകീട്ട് മൂന്ന് മണിക്കൂറുമാണ് പരിശീലന സമയം. ശരീരത്തിന്റെ ഭാരം ക്രമീകരിക്കുമ്പോൾ അത് കാലിനെയും സ്വാധീനിക്കുമെന്ന് അനീത് പറയുന്നു. കടുത്ത വേദന സഹിച്ചുതന്നെയാണ് പരിശീലനം തുടരുന്നത്.

പരിശീലകൻ ആനന്ദ് പങ്കജിന്റെയും മലയിൻകീഴിലെ മസിൽഫാക്ടറിയെന്ന സ്ഥാപനത്തിന്റെയും പിന്തുണയാണിതിന് പിന്നിലെന്ന് അനീത്. 2012 ജൂൺ 21-നായിരുന്നു അനീതിന് അപകടം സംഭവിച്ചത്. സ്വകാര്യ സ്ഥാപനത്തിൽനിന്ന്‌ രാത്രി ജോലികഴിഞ്ഞ് വരുമ്പോഴാണ് പെട്ടെന്നു തിരിഞ്ഞ കാറിടിച്ച് അപകടമുണ്ടായത്. കാറോടിച്ചിരുന്ന സ്ത്രീ ഇതുവരെ തന്നെ കാണാൻപോലും കൂട്ടാക്കിയില്ലെന്ന് അനീത് പറയുന്നു. കെ.എസ്.ആർ.ടി.സി. ജീവനക്കാരനായിരുന്ന പരേതനായ സുരേന്ദ്രനാണ് അനീതിന്റെ അച്ഛൻ. അമ്മ: ശശികല. സഹോദരൻ: അനൂപ്. ശരീരസൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പിൽ കൃത്യമായ സമയത്ത് നിയന്ത്രണത്തോടെയുള്ള ആഹാരക്രമം ആവശ്യമാണ്. ജോലിക്കിടയിലും ഇത് കൃത്യമായി നടക്കുന്നത് തന്റെ ഭാര്യയുടെ ശുഷ്‌ക്കാന്തിയാണെന്ന് അനീത് പറയുന്നു. രണ്ടര വർഷം മുൻപാണ് മങ്കാട്ടുകടവ് തൈവിള സ്വദേശിയായ അഞ്ജുവിനെ അനീത് വിവാഹം ചെയ്തത്. പരിമിതികളെ അതിജീവിച്ച് ശരീരസൗന്ദര്യ മത്സരത്തിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ഈ ചെറുപ്പക്കാരൻ.