ശ്രീനാരായണ ഗുരുവിന്റെ നിർദേശപ്രകാരം ആരംഭിച്ച കുളത്തൂരിലെ  ശ്രീനാരായണസ്മാരക ഗ്രന്ഥശാല അടുത്തവർഷം ശതാബ്ദി ആഘോഷങ്ങൾക്കുള്ള  തയ്യാറെടുപ്പിലാണ്. 1920-ൽ കുളത്തൂർ ആറാട്ടുവഴി വീട്ടിൽ പി.കൃഷ്ണൻ സംഭാവനചെയ്ത അഞ്ചു സെന്റ് സ്ഥലത്ത് ശാസ്താംവിളാകത്തുവീട്ടിൽ പി.നാരായണൻ മുതലാളി സ്വന്തം ചെലവിൽ നിർമിച്ചുനല്കിയ താത്കാലിക 
കെട്ടിടത്തിൽ രണ്ടുദിനപത്രങ്ങളും ഒരു മാസികയുമായി ആരംഭിച്ചതാണ് ഈ ഗ്രന്ഥശാല.
ശ്രീനാരായണഗുരു 1925-ൽ ഗ്രന്ഥശാല സന്ദർശിക്കുകയും ‘‘കൊള്ളാം, ഇത്തരം സ്ഥാപനങ്ങളാണ് ഇനി വേണ്ടത്. ഇത് നടത്തണം, നന്നാവും, നല്ല നാളുകൾ സഹായിക്കും” എന്നുപറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. പിന്നീട് താത്കാലിക കെട്ടിടത്തിൽനിന്ന്  ഗ്രന്ഥശാല 1963-ൽ ബഹുനിലക്കെട്ടിടത്തിലേക്കു മാറ്റി.
ഗവർണറായിരുന്ന വി.വി.ഗിരിയാണ് അന്ന് ഉദ്ഘാടനം ചെയ്തത്. കൊച്ചുവീട്ടിൽ ഡോ. എ.രാമകൃഷ്ണൻ, മുൻവിളാകത്തുവീട്ടിൽ എൻ.രാമകൃഷ്ണൻ വാധ്യാർ, ശാസ്താംവിളാകത്തുവീട്ടിൽ കേശവൻ വാധ്യാർ, തെവിളാകത്തുവീട്ടിൽ ജി.വിശ്വംഭരൻ, ആറ്റിൻകുഴി വടക്കേവിളാകം മാധവൻപിള്ള, കുളത്തുർ മൂക്കോലയ്ക്കൽ തോട്ടുംമുഖം വീട്ടിൽ മുഹമ്മദ് ഹനീഫ, തോപ്പിൽ സദാശിവൻ, തോപ്പിൽ ധർമരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ കെട്ടിടത്തിന്റെ നിർമാണം നടന്നത്. ഇപ്പോൾ മൂന്നുനിലയിലായാണ് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്.
ഇപ്പോൾ സൗജന്യ പി.എസ്.സി. കോച്ചിങ് ക്ലാസ്, കരിയർ ഗൈഡൻസ് ക്ളാസുകൾ, കംപ്യൂട്ടർ പരിശീലനം, സെമിനാറുകൾ, ചർച്ചകൾ, സംവാദ സദസ്സുകൾ, മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായി അവധിക്കാല ക്ളാസുകൾ എന്നിവ നടത്തുന്നു. കൂടാതെ ബാലവേദി, വനിതാവേദി, യുവജനവേദി, വയോജനവേദി എന്നീ സംഘടനകളും ഗ്രന്ഥശാലയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. താലൂക്ക് ലൈബ്രറി കലോത്സവത്തിൽ എല്ലാ തവണയും ഒന്നും രണ്ടും സ്ഥാനങ്ങൾ മാറി മാറി നിലനിർത്താറുണ്ട്.
രാവിലെ 6 മുതൽ രാത്രി 10 മണിവരെയാണ് പ്രവർത്തനസമയം. ഗ്രന്ഥശാല സെക്രട്ടറി ജി.ശശിധരനും പ്രസിഡന്റ് ജി.ശിവദാസനുമാണ്. വൈകീട്ട് 5 മുതൽ 7 വരെ പുസ്തകങ്ങൾ എടുക്കാനും വായിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. റഫറൻസ് ഗ്രന്ഥങ്ങളും പഠനഗ്രന്ഥങ്ങളും മലയാള സാഹിത്യം, നോവൽ, കഥ, കവിത, ബാലസാഹിത്യം, കാർഷിക വിഭാഗം, ജീവചരിത്രം തുടങ്ങി  45000 പുസ്തകങ്ങളും 10 ദിനപത്രങ്ങളും 25 ആനുകാലിക പ്രസിദ്ധീകരണവുമായി ലൈബ്രറി കൗൺസിലിന്റെ എ ക്ലാസ് ഗ്രന്ഥശാലയാണിത്.