ഇരുപതാം നൂറ്റാണ്ടിന്റെ സംഭവബഹുലമായ രാഷ്ട്രീയചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് ഒക്ടോബറിലെ റഷ്യൻവിപ്ലവം. റഷ്യയിൽ അന്നുപയോഗിച്ചിരുന്ന ജൂലിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 25-നാണ് ഈ ദിനമെങ്കിലും 1918-ൽ റഷ്യ അംഗീകരിച്ച ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1917 നവംബർ ഏഴിനാണ് സംഭവബഹുലമായ ജനകീയമുന്നേറ്റം അവസാനിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടർച്ച എന്ന നിലയിലാണ് നാം റഷ്യൻവിപ്ലവത്തെ നോക്കിക്കാണേണ്ടത്. മുന്നൂറിലധികം വർഷം റഷ്യൻസാമ്രാജ്യത്തെ നിയന്ത്രിച്ചിരുന്ന റൊമാനോവ് ചക്രവർത്തിമാരിലെ അവസാനത്തെ കണ്ണിയാണ് നിക്കോളാസ് രണ്ടാമൻ. 1904-ലെ  ജപ്പാനുമായുള്ള യുദ്ധത്തിലെ പരാജയം, ചക്രവർത്തിയുടെ കഴിവിലുള്ള വിശ്വാസത്തിനു പോറലേൽപ്പിച്ചു. പശ്ചിമ യൂറോപ്പിലെ രാജ്യങ്ങളെയപേക്ഷിച്ച് വികസനത്തിൽ വലിയ മുന്നേറ്റങ്ങൾ നേടാനാവാതെ വലിയൊരു വിഭാഗം കർഷകജനത ദാരിദ്ര്യത്തിൽ മുങ്ങുന്ന കാഴ്ചയാണ് റഷ്യ കണ്ടത്. പഴഞ്ചൻ സമ്പ്രദായങ്ങൾ ഉപയോഗിച്ച ഫാക്ടറികളും നഷ്ടത്തിലേക്കു കൂപ്പുകുത്തി. 
റഷ്യൻ ഓർത്തഡോക്സ് പുരോഹിതനായ ജോർജി ഗാപ്പോണിന്റെ നേതൃത്വത്തിൽ റഷ്യൻ ചക്രവർത്തിയുടെ ഔദ്യോഗികവസതിയായ വിന്റർ പാലസിലേക്കു നടത്തിയ സമാധാനപൂർണമായ പ്രതിഷേധജാഥയെ സൈനികർ നേരിട്ടത് വെടിയുണ്ടകൾ ഉപയോഗിച്ചാണ്. ശക്തമായ പ്രതിഷേധത്തെ തണുപ്പിക്കാനായി ചക്രവർത്തി പരമാധികാരം നിലനിർത്തിക്കൊണ്ട് ‘ഡ്യൂമ’ എന്ന നിയമനിർമാണസഭയ്ക്കു രൂപംനൽകി. എന്നാൽ, പൂർണമായ നിയന്ത്രണത്തിനു വിേധയമാകാതിരുന്ന ഡ്യൂമയെ രണ്ടു തവണ പിരിച്ചുവിട്ടതോടെ നിക്കോളാസിന്റെ ഭരണത്തിലുള്ള വിശ്വാസം നഷ്ടമായിത്തുടങ്ങി. 
ഒന്നാം ലോക മഹായുദ്ധത്തിൽ ആസ്‌ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിനെതിരേ വിജയം ഏ​േറക്കുറേ നേടാനായെങ്കിലും ഒരു സൈനികശക്തി എന്ന നിലയിൽ റഷ്യയുടെ കഴിവുകേട് വെളിവായിത്തുടങ്ങിയിരുന്നു. ഈ യുദ്ധത്തിൽ ശക്തമായ പ്രതിരോധം തീർക്കാൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ ചക്രവർത്തി, ഭരണം തന്റെ ഭാര്യ അലക്സാൻഡ്രയെ ഏല്പിച്ച് യുദ്ധമുന്നണിയിലേക്കു പോയി. പതിനാറ്ു ലക്ഷത്തിലധികം പട്ടാളക്കാരെ കുരുതികൊടുത്ത യുദ്ധം നിക്കോളാസിന്റെ നേതൃത്വത്തിനു പരിഹരിക്കാവുന്നതിനപ്പുറം വഷളായിരുന്നു. ഇതിനൊക്കെയപ്പുറം ജനകീയ പ്രതിഷേധത്തിനിടയാക്കിയത് അലക്സാൻഡ്രയെ നിയന്ത്രിച്ച വിവാദവ്യക്തിത്വം റാസ്പുട്ടിന്റെ സാന്നിധ്യമായിരുന്നു. റഷ്യൻ സാമ്രാജ്യം തകർച്ചയുടെ വക്കിലാണെന്നും ജനാധിപത്യത്തിന്റെ പാത സ്വീകരിക്കുകയാണ്‌ ഉചിതമെന്നുമുള്ള ഡ്യൂമയുടെ നിർദേശം 1916-ൽ നിക്കോളാസ് അവഗണിച്ചു. 
റഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയിലേക്കു നയിച്ച വിപ്ലവം ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. 1917 ഫെബ്രുവരിയിൽ റഷ്യൻ തലസ്ഥാനമായ പെട്രോഗ്രാഡിൽ(ഇന്നത്തെ സെന്റ് പീറ്റേർസ് ബർഗ്) കടുത്ത ഭക്ഷ്യക്ഷാമത്തെത്തുടർന്നു പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. പല വ്യവസായശാലകളും പണിമുടക്കിയതോടെ സംഘർഷത്തെ നിയന്ത്രിക്കാൻ പട്ടാളത്തെ അയയ്ക്കാൻ നിക്കോളാസ് ചക്രവർത്തി തീരുമാനമെടുത്തു. എന്നാൽ, ജനങ്ങൾക്കു നേരേ നിറയൊഴിക്കുന്നതിൽനിന്നു പിൻവാങ്ങിയ സൈനികർ, ഉന്നതോദ്യോഗസ്ഥരെ ആക്രമിക്കുകയും വിപ്ലവത്തിന്റെ ഭാഗമാകുകയും ചെയ്തു. ഒടുവിൽ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നിക്കോളാസ് രണ്ടാമൻ ചക്രവർത്തിപദമൊഴിഞ്ഞു. 
ജോർജി ലിവോവിന്റെ നേതൃത്വത്തിൽ താത്കാലിക സർക്കാരിനു രൂപംനൽകിയെങ്കിലും കാര്യമായ പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് രാജിവയ്ക്കുകയാണുണ്ടായത്. തുടർന്ന് സോഷിലിസ്റ്റ് നേതാവ് അലക്സാണ്ടർ കെറൻസ്‌കി താത്കാലിക സർക്കാരിന്റെ ഭരണസാരഥ്യമേറ്റെടുത്തു. എന്നാൽ, സ്വിറ്റ്‌സർലൻഡിൽ ഒളിവുജീവിതത്തിലായിരുന്ന ബോൾഷെവിക്ക് പാർട്ടി നേതാവ് വ്ളാഡിമിർ ലെനിന്റെ റഷ്യയിലേക്കുള്ള ട്രെയിൻയാത്ര ചരിത്രത്തെ മാറ്റിമറിച്ചു എന്നുവേണം പറയാൻ. പെട്രോഗ്രാഡിലെ ഫിൻലാൻഡ് സ്റ്റേഷനിലെത്തിയ ലെനിൻ, തന്റെ വിഖ്യാതമായ ‘ഏപ്രിൽ തീസിസിലൂടെ’ നിലവിലുള്ള ബൂർഷ്വാസർക്കാരിനെ പുറത്താക്കാനും അധികാരം സോവിയറ്റുകൾക്കു കൈമാറാനും ആഹ്വാനംചെയ്തു. 
ആയുധമേന്തിയ വിപ്ലവത്തിലൂടെ താത്കാലിക സർക്കാരിനെ  പുറത്താക്കണമെന്ന പ്രസ്താവന ഏറ്റെടുത്ത തൊഴിലാളികൾ, പ്രതിഷേധമാരംഭിച്ചതോടെ അറസ്റ്റ് ഒഴിവാക്കാനായി ലെനിൻ ഫിൻലൻഡിലെ ഹെൻസിങ്കിയിലേക്കു പോയി. മറ്റൊരു നേതാവ് ലിയോൺ ട്രോഡ്‌സ്‌കി അറസ്റ്റിലായി. ‘ജൂലായ് ദിനങ്ങൾ’ എന്നറിയപ്പെടുന്ന ഈ കലാപം താത്കാലിക ഗവണ്മെന്റിന്റെ പതനത്തിന്റെ തുടക്കമായി. 
1917 ഓഗസ്റ്റിൽ സൈനിക അട്ടിമറിക്കു തയ്യാറായി റഷ്യൻ ജനറൽ കോർണിലോവ് പെട്രോഗ്രാഡിലേക്ക്‌ സൈന്യത്തെ അയച്ചു. താത്കാലിക സർക്കാരിനെ ലക്ഷ്യമാക്കിയുള്ള ഈ സൈനികനീക്കത്തെ നേരിടാൻ പെട്രോഗ്രേഡ് സോവിയറ്റ് എന്ന വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘റെഡ് ആർമി’ എന്ന സേന രൂപവത്കരിച്ചു. ട്രോഡ്‌സ്‌കി നേതൃത്വംനൽകിയ ഈ സേന ബോൾഷെവിക്കുകൾക്ക് രാഷ്ട്രീയത്തിലിടപെടാനുള്ള സുവർണാവസരമായി. 
അനുകൂലമായ സാഹചര്യം മനസ്സിലാക്കി പെട്രോഗ്രാഡിൽ തിരിച്ചെത്തിയ ലെനിൻ, നവംബർ നാലിന് ബോൾഷെവിക്ക് പാർട്ടിയുടെ പ്രവർത്തനകേന്ദ്രമായ സ്‌മോൾനി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ െപാളിറ്റ്ബ്യൂറോ യോഗത്തിൽ ഭരണം പിടിച്ചെടുക്കാൻ തീരുമാനിച്ചു. അങ്ങനെ നവംബർ ഏഴിന് അറോറ എന്ന കപ്പലിൽ രാത്രി 9.40-ന് വെടിമുഴങ്ങിയപ്പോൾ ചുവപ്പുസേന ഒരുതുള്ളി രക്തംപോലും ചൊരിയാതെ റഷ്യൻ പരമാധികാരത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. ഒക്ടോബർ വിപ്ലവം ചരിത്രത്തിന്റെ ഭാഗമായി. 
രണ്ടു ഘട്ടങ്ങളിലൂടെ കടന്നുപോയ ഒക്ടോബർ വിപ്ലവം ലോകചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായങ്ങളിലൊന്നാണ്. ഒരു രാഷ്ട്രത്തിന്റെ പരമാധികാരം എന്നും ജനങ്ങൾക്കു സ്വന്തമെന്ന നിതാന്തസത്യം പ്രായോഗികമായി നടപ്പാക്കിയ പ്രതിഭാസമെന്ന നിലയിൽ മാനവരാശിയുടെ ആത്മവിശ്വാസത്തിന്റെ ചൂണ്ടുപലകയായി നവംബറിലെ ഈ ഒക്ടോബർ വിപ്ലവം എന്നും ആവേശംപകരും.