കാഴ്ചയില്ലാത്തവരെ വെളിച്ചത്തിലേക്ക്‌ നയിക്കുകയാണ് ജന്മനാ അന്ധയായ അധ്യാപിക ടിഫാനി ബ്രാർ. ചണ്ഡീഗഢ്‌ സ്വദേശിനിയായ ടിഫാനി ബ്രാർ അന്ധവിദ്യാർഥികൾക്കായി തലസ്ഥാനം കേന്ദ്രീകരിച്ച് ജ്യോതിർഗമയ എന്ന സ്ഥാപനം നടത്തുകയാണ്.
 2012-ൽ ഒരു മൊബൈൽ സ്‌കൂളായാണ് ജ്യോതിർഗമയ പ്രവർത്തനമാരംഭിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കായി വീട്ടിലെത്തി ക്ലാസെടുക്കുന്ന രീതിയാണ് ആദ്യം പിന്തുടർന്നത്. എന്നാൽ ക്ലാസെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകാരണമാണ് പരിശീലനകേന്ദ്രമായി തുടങ്ങിയത്. അമ്പലമുക്ക് മണ്ണടി ലെയ്‌നിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. താമസവും ഭക്ഷണവും അടക്കം സൗജന്യമായാണ് പരിശീലനം നൽകുന്നത്. മൂന്നുമാസമാണ് കോഴ്‌സ് കാലാവധി. 
 ആത്മവിശ്വാസം വർധിപ്പിക്കാനും ദിനചര്യകൾ സ്വന്തമായി ചെയ്യാനും സമൂഹത്തിൽ ഇടപഴകാനുമുള്ള പരിശീലനമാണ് ആദ്യം നൽകുന്നത്. വടി ഉപയോഗിച്ച് പരസഹായമില്ലാതെ നടക്കാനുള്ള മൊബിലിറ്റി ട്രെയിനിങ്ങാണ് അടുത്തത്. പ്രതിധ്വനിയുടെ വ്യത്യാസമളന്ന് ചുറ്റുപാട് മനസ്സിലാക്കാനുള്ള എക്കോലൊക്കേഷനെന്ന വിദ്യയും പകർന്നുനൽകുന്നു. കംപ്യൂട്ടർ,  ഇംഗ്ലീഷ് എന്നിവയിലും പരിശീലനം നൽകുന്നു. വിദേശരാജ്യങ്ങളിൽ പോകാനാഗ്രഹിക്കുന്നവരെയും വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവരെയും മുഖ്യധാരയിലെത്തിക്കുന്നു.
വഴുതക്കാട് വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം പൂർത്തിയാക്കിയ ടിഫാനി മലയാളം, ഹിന്ദി, തമിഴ്, നേപ്പാളി, ഇംഗ്ലീഷ് തുടങ്ങി അഞ്ച് ഭാഷകൾ കൈകാര്യം ചെയ്യും. സ്‌പെഷ്യൽ എജ്യൂക്കേഷനിൽ ബി.എഡ്. നേടിയ ടിഫാനി മാത്രമാണ് പരിശീലക. അച്ഛൻ പട്ടാളത്തിലായിരുന്നതിനാൽ ബാല്യം മുതൽ രാജ്യത്തിന്റെ പലഭാഗങ്ങളിലായാണ് ടിഫാനി വളർന്നത്.  കേരളത്തിലും കുറച്ചുകാലം താമസിച്ചിരുന്നു. കേരളത്തെയും അന്ന് കിട്ടിയ സൗഹൃദത്തെയും മനസ്സിൽ സൂക്ഷിച്ചായിരുന്നു മടക്കം. അമ്മയുടെ മരണവും ജോലിയുടെ ഭാഗമായി അച്ഛൻ കശ്മീരിലേക്ക് പോവുകയും ചെയ്തപ്പോൾ ടിഫാനി കേരളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
 ‘സൗഹൃദപരമല്ലാത്ത റോഡും രാത്രിയായാൽ സുരക്ഷിതമല്ലാത്ത ചുറ്റുപാടുമാണ് ഒറ്റയ്ക്കുള്ള യാത്രയിൽ വെല്ലുവിളി. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ ലഭിച്ചിട്ടില്ല. സംഭാവനകളോ സഹായങ്ങളോ മാത്രമാണ് ഏകആശ്രയം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ടിഫാനി സമൂഹികമാധ്യമങ്ങളിൽ സജീവമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുകയും വിദേശരാജ്യങ്ങളിൽ ക്ലാസെടുക്കുകയും ചെയ്യുന്നു.