കറുത്തവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിലെ തിളങ്ങുന്ന നാമമാണ് മാൽക്കം എക്സ്. വർണവെറിക്കെതിരെ അമേരിക്കൻ ജനതയെ ഒന്നിപ്പിക്കുന്നതിൽ നിർണായകസ്വാധീനം ചെലുത്തിയ അൽ ഹജ്ജ് മാലിക്ക് അൽ ഷഹ്ബാസ് എന്ന ‘മാൽക്കം ലിറ്റിൽ’ വധിക്കപ്പെട്ടത് 1965 ഫെബ്രുവരി 21 നാണ്.
ചെറുപ്പത്തിലെ അനാഥനായ മാൽക്കത്തിന്റെ ജീവിതം ദാരിദ്ര്യത്തിനെതിരെയും മനുഷ്യാവകാശ ലംഘനത്തിനെതിരെയുമുള്ള സമരത്തിന്റെ കഥ കൂടിയാണ്. മാനസികാരോഗ്യകേന്ദ്രത്തിൽ ജീവിതം ചെലവഴിച്ച അമ്മയുടെ അഭാവത്തിൽ മാൽക്കത്തിന്റെ ബാല്യം ഏകാന്തതയുടേതു കൂടിയായിരുന്നു. 
സ്‌കൂളിൽ പഠിക്കവേ നിയമപഠനത്തിൽ താല്പര്യം ജനിച്ച മാൽക്കത്തിനെ 'നിയമപഠനം കറുത്തവന് സാധിക്കുകയില്ല' എന്ന അധ്യാപകന്റെ വാക്കുകൾ നിരാശയിലാഴ്‌ത്തി പഠനം ഉപേക്ഷിച്ച്‌ ന്യൂയോർക്കിലെത്തിയ മാൽക്കം കുറ്റകൃത്യങ്ങളിലേർപ്പെടാൻ തുടങ്ങി. 1946 ൽ വാച്ച് മോഷണത്തിന് ജയിലിലായ മാൽക്കത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത് ജോൺ ബെമ്പ്രി എന്ന തടവുകാരന്റെ സൗഹൃദമായിരുന്നു. വായനയുടെ ലോകത്തേക്ക്‌ മാൽക്കം ആനയിക്കപ്പെട്ടു. എൽജാ മുഹമ്മദിന്റെ നേഷൻ ഓഫ് ഇസ്‌ലാമിൽ ആകൃഷ്ടനായ മാൽക്കം, മാൽക്കം എക്സ് എന്ന പേര് സ്വീകരിച്ചു. തനിക്കറിയാത്ത യഥാർത്ഥ ആഫ്രിക്കൻ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യാനാണ് 'എക്സ്' എന്ന് പേരിനോടൊപ്പം ചേർത്തതെന്ന്‌  ആത്മകഥയിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. 
നേഷൻ ഓഫ് ഇസ്‌ലാമിന്റെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറുകയായിരുന്നു മാൽക്കം. 1958 ൽ സംഘടനയുടെ പ്രവർത്തകരിലൊരാളായ ബെറ്റി സാൻഡേർഡിനെ അദ്ദേഹം വിവാഹം കഴിച്ചു. ഉജ്ജ്വല പ്രാസംഗികനായിരുന്ന മാൽക്കത്തിന്റെ സംഘാടനമികവ് അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം വർധിപ്പിച്ചു. മാർട്ടിൻ ലൂഥർ കിങ്ങിന്റെ പോരാട്ടങ്ങളോട് പലപ്പോഴും മുഖംതിരിച്ച് നിന്ന അദ്ദേഹം പ്രതിരോധത്തിനായി കറുത്തവർഗ്ഗക്കാർ ഏത് മാർഗ്ഗവും സ്വീകരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. 
മാൽക്കത്തിന് കിട്ടിയ പ്രാധാന്യവും  പ്രശസ്തിയും എൽജാ മുഹമ്മദുമായുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിച്ചു. 1964 ഏപ്രിലിൽ മെക്കയിലേക്ക് തീർത്ഥാടനത്തിനായി പോയ മാൽക്കം ഇതിനിടയിൽ ‘മുസ്‌ലിം മോസ്‌ക്’ എന്ന മതസ്ഥാപനവും 'ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി'യും സ്ഥാപിച്ചു. വിഖ്യാത രാഷ്ട്രത്തലവന്മാരായ ക്വാമെ എൻക്രുമ, ഗമാൽ അബ്ദുൾ നാസർ തുടങ്ങിയ നേതാക്കൾ തങ്ങളുടെ മന്ത്രിസഭയിലേക്ക് മാൽക്കത്തെ ക്ഷണിച്ചു. നേഷൻ ഓഫ് ഇസ്‌ലാമുമായുള്ള ബന്ധം ഇതിനിടയിൽ ശിഥിലമായത് മാൽക്കത്തിന്റെ ജീവൻ അപകടത്തിലാക്കി. 1964 സെപ്തംബറിൽ പ്രസിദ്ധീകരിച്ച എബോണി മാസികയിലെ ചിത്രം തോക്കേന്തി നിൽക്കുന്ന മാൽക്കത്തിന്റേതായിരുന്നു. നേഷൻ ഓഫ് ഇസ്‌ലാം തന്നെ വധിക്കാൻ ശ്രമിക്കുന്നു എന്ന ചിന്ത മാൽക്കത്തിനെ വേട്ടയാടവേ 1965 ഫെബ്രുവരി 21 ന് ന്യൂയോർക്കിലെ ഹാർലെം എന്ന സ്ഥലത്തെ് 'ആഡോബോൻ ഹാളിൽ' വെച്ച് മാൽക്കത്തിന് വെടിയേറ്റു. തൽമാഡ്ജ് ഹേയർ, നോർമൻ, തോമസ് എന്നീ മൂന്നുപേർ പ്രതികളായി. ന്യൂയോർക്കിലെ ഫേൺക്ലിഫ് സെമിത്തേരിയിൽ മാൽക്കത്തെ അടക്കം ചെയ്തു. 
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള ആഫ്രോ അമേരിക്കൻ നേതാക്കളിലൊരാളായി പരിഗണിക്കപ്പെടുന്നു മാൽക്കം എക്സ്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർക്കിടയിൽ ഇസ്‌ലാമിന്റെ പ്രചാരണത്തിന് കാരണമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. ടൈം മാഗസിൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള പത്ത് നോൺഫിക്ഷനുകളിലൊന്നായി തിരഞ്ഞെടുത്തത്. അലെക്‌സ് ഹാലിയോടൊപ്പം അദ്ദേഹം രചിച്ച 'ദ ഓട്ടോബയോഗ്രഫി ഓഫ് മാൽക്കം എക്സ്' എന്ന കൃതിയാണ്.