കാലത്തിനനുസരിച്ചു മാറിയെങ്കിലും പഴമയുടെ തനിമ നിലനിൽക്കുന്ന ഒരിടമാണ് കൈതമുക്ക്. ഒരുകാലത്ത് തിരുവിതാംകൂർ രാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു കോട്ടയ്ക്കകം. പേട്ടയാകട്ടെ പേരെടുത്ത കച്ചവടകേന്ദ്രവും.
പടിഞ്ഞാറേക്കോട്ട നിർമിച്ചശേഷം കോട്ടയുടെ സമീപത്തുള്ള കിടങ്ങിനുചുറ്റും കൈതയും മറ്റ് മുൾച്ചെടികളും ധാരാളം വെച്ചുപിടിപ്പിച്ചിരുന്നതായി മതിലകം രേഖകളിൽ പറയുന്നുണ്ട്. കൊല്ലവർഷം 922 ലെ ഒരു രേഖയിൽ പടിഞ്ഞാറെക്കോട്ടയ്ക്കു പുറത്തുള്ള കോട്ടക്കുഴിയുടെ കരകളിൽ നട്ടുപിടിപ്പിച്ച കൈതയ്ക്കും മുള്ളിനും ഇഞ്ചയ്ക്കും കഴഞ്ചിക്കും ചൂരലിനും വെള്ളംകോരി സംരക്ഷിക്കാനായി എഴുതിയ ഉടന്പടിയെക്കുറിച്ചും സൂചനയുള്ളതായി ചരിത്രഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോട്ട കെട്ടുന്നതിനുമുമ്പ് ഈ സ്ഥലത്ത് ധാരാളം പുന്നമരങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പ്രദേശം ‘പുന്നപുരം’ എന്നാണ് അറിയപ്പെട്ടിരുന്നത്. 14ാം നൂറ്റാണ്ടിൽ എഴുതിയ ഉണ്ണുനീലിസന്ദേശത്തിൽ ‘പുന്നപ്പൂവിൻ പരിമളഭൃതാം മാരുതേനാനുയാതോ...’ എന്നുതുടങ്ങുന്ന പദ്യഭാഗത്ത് വർണിച്ചിട്ടുള്ള സ്ഥലം പുന്നപുരമാണ്. പടിഞ്ഞാറെക്കോട്ടയുടെ അതേസ്ഥാനം. കാലം ഏറെ പിന്നിട്ടതോടെ പ്രദേശം കൈതമുക്ക് എന്ന് അറിയപ്പെട്ടുതുടങ്ങി. പിൽക്കാലത്ത് കിടങ്ങും മറ്റും അപ്രത്യക്ഷമായെങ്കിലും കോട്ടയുടെ അവശിഷ്ടങ്ങൾ അവശേഷിക്കുന്നുണ്ട്.
ഒരുകാലത്ത് തമിഴ്നാട്ടിൽനിന്നുള്ള വിശ്വകർമജരും സ്വർണപ്പണിക്കാരും നെയ്ത്തുകാരും തമ്പടിച്ചിരുന്ന സ്ഥലം കൈതമുക്കായിരുന്നു. നാഗർകോവിലിൽനിന്നുള്ള വെള്ളാള ചെട്ടിവിഭാഗത്തിൽപ്പെട്ട  കച്ചവടക്കാരുടെ കേന്ദ്രവും ഇവിടമായിരുന്നു. ഇവരുടെ സാന്നിധ്യം പിൽക്കാലത്ത് കൈതമുക്കിന് ഒരു കച്ചവടകേന്ദ്രമെന്ന ഖ്യാതിയേറ്റി. ആയുർവേദമരുന്നുകളുടെയും പ്രധാന കച്ചവടകേന്ദ്രം ഇവിടമായിരുന്നു. 160 വർഷത്തിലേറെ പഴക്കമുള്ള കറാൽക്കട ഇപ്പോഴും കൈതമുക്കിന്റെ കച്ചവടപാരമ്പര്യത്തിന് പെരുമയേറ്റുന്നു. 
സ്വാതിതിരുനാളിന്റെ കാലത്ത് മുറജപം നടക്കുമ്പോൾ അതിൽ പങ്കെടുക്കാനെത്തിയിരുന്ന ബ്രാഹ്മണർക്കും മറ്റ് വൈദികശ്രേഷ്ഠർക്കും സമ്മാനിക്കാനുള്ള മുണ്ടുകൾ സൂക്ഷിക്കുന്നതിന് ഒരുകേന്ദ്രവും കൈതമുക്കിൽ ഉണ്ടായിരുന്നു. ആറ്റിങ്ങൽ അവനവഞ്ചേരിയിൽനിന്നും ബാലരാമപുരത്തുനിന്നും കോട്ടാറിൽ നിന്നുമാണ് 
മുണ്ടുകൾ എത്തിച്ചിരുന്നത്. പുളിയിലക്കരമുണ്ടും തിരുവനന്തപുരത്തിന്റെ തനതായ സോമൻ മുണ്ടുമാണ് മുറജപത്തിനെത്തിയിരുന്നവർക്ക് സമ്മാനിച്ചിരുന്നത്.
പദ്മവിലാസം കൊട്ടാരത്തിലേക്കുള്ള  നാളികേരം സംഭരിച്ച് സൂക്ഷിച്ചിരുന്ന സ്ഥലവും കൈതമുക്കിലായിരുന്നു. തേങ്ങാപ്പുര എന്നായിരുന്നു സംഭരണശാലയുടെ പേര്. അതിന്റെ ഓർമയ്ക്കായി തേങ്ങാപ്പുര ലെയ്ൻ ഇപ്പോഴുമുണ്ട്. ശീവേലിക്കുളം എന്ന് പ്രസിദ്ധമായിരുന്ന ഒരുകുളവും കൈതമുക്കിലുണ്ടായിരുന്നു. പിൽക്കാലത്ത് കുളം നികത്തി. ഇവിടത്തെ മുത്താരമ്മൻ ക്ഷേത്രവും പ്രസിദ്ധമാണ്.
മഹാകവി കുമാരനാശാൻ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയായിരിക്കെ അദ്ദേഹം താമസിച്ചിരുന്നത് കൈതമുക്കിലായിരുന്നു. അന്ന് യോഗം ഓഫീസും പ്രവർത്തിച്ചിരുന്നത് ഇവിടെയാണ്. ഇപ്പോൾ പാസ്പോർട്ട് ഓഫീസുൾപ്പെടെയുള്ള സ്ഥാപനങ്ങൾ കൈതമുക്കിലുണ്ട്.