• പ്രതി എറണാകുളം ബിജു രക്ഷപ്പെട്ടത് നേരത്തേ പറഞ്ഞുറപ്പിച്ചുവന്ന ബൈക്കിൽ
  • പ്രതിയുടെ ഒരു കൈയിലേ വിലങ്ങുണ്ടായിരുന്നുള്ളൂ
  • പ്രതിയെ കൊണ്ടുവന്നത് ബസിൽ, കൂടെ രണ്ടു പോലീസുകാർ മാത്രം

നെയ്യാറ്റിൻകര: വിചാരണകഴിഞ്ഞ് കോടതിയിൽനിന്നു പുറത്തിറങ്ങിയ കൊടുംകുറ്റവാളിയും ജീവപര്യന്ത്യം തടവുകാരനുമായ പ്രതി പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്ത്യം തടവ് അനുഭവിക്കുന്ന എറണാകുളം ബിജു എന്നറിയപ്പെടുന്ന ആര്യനാട് ഉണ്ടപ്പാറ സ്വദേശി നാദിർഖാൻ(38) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര കോടതിയിൽ വിചാരണ കഴിഞ്ഞിറങ്ങുമ്പോഴാണു സംഭവം.

ഇരുന്നൂറ്റമ്പതിലേറെ കേസിലെ പ്രതിയാണ് നാദിർഖാൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം ജീവപര്യന്ത്യം ശിക്ഷ അനുഭവിക്കുകയാണിപ്പോൾ. പ്രതി ജയിൽ ചാടുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പു നിലനിൽക്കെയാണ് ബസിൽ രണ്ടു പോലീസുകാരുെട അകമ്പടിയിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ ഒരു കൈയിലേ വിലങ്ങിട്ടിരുന്നുള്ളൂ. പോലീസിനെ വെട്ടിച്ച് ഓടിയ പ്രതി നേരത്തേ പറഞ്ഞുറപ്പിച്ചുവന്ന ബൈക്കിൽക്കയറി രക്ഷപ്പെടുകയായിരുന്നു.

വെള്ളറടയിൽ മാല പിടിച്ചുപറിച്ച കേസിലെ വിചാരണയ്ക്കായിട്ടാണ് എ.ആർ. ക്യാമ്പിലെ രണ്ടു പോലീസുകാരുടെ സംരക്ഷണയിൽ കോടതിയിൽ കൊണ്ടുവന്നത്. വിചാരണയ്ക്കു കയറുമ്പോൾ വിലങ്ങഴിക്കണം. തിരിച്ചിറക്കിയപ്പോൾ ഒരു കൈയിലേ പോലീസ് വിലങ്ങിട്ടുള്ളൂ. തുടർന്ന് പ്രതിയെയുംകൊണ്ട് പോലീസുകാർ ബസ്‌സ്റ്റോപ്പിലെത്തി. ഇവിടെവെച്ച് പോലീസിനെ പിടിച്ചുതള്ളി പ്രതി ഓടി. ഈസമയം ഒരാൾ ബൈക്കിലെത്തുകയും അതിൽ കയറിപ്പോവുകയുമായിരുന്നു. 

മറ്റൊരു കുറ്റവാളിയായ മാമ്പഴക്കര സ്വദേശി പറക്കുംതളികയെന്ന് അറിയപ്പെടുന്ന ബൈജുവിന്റെ ബൈക്കിലാണ് രക്ഷപ്പെട്ടത്. ഇവർ തിരുവനന്തപുരം ഭാഗത്തേക്കാണു പോയത്. കറുത്ത ടീഷർട്ടും പാന്റ്സുമായിരുന്നു പ്രതിയുടെ വേഷം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴുമാസം മുൻപാണ് പ്രതിയെ ജയിലിലടച്ചത്. തന്നെ പിടിച്ച നാലു പോലീസുകാർക്കെതിേര പ്രതി വധഭീഷണിയും മുഴക്കിയിരുന്നു. പ്രതിക്കായി തിരച്ചിൽ ശക്തമാക്കി. പോലീസിന്റെ വീഴ്ചയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.