വിതുര: മലയോരമേഖലയിലെ ആനപ്പാറ, പൊടിയക്കാല, ബോണക്കാട്, കല്ലാര്‍ തുടങ്ങിയഭാഗങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായി. മൃഗങ്ങളുടെ ആക്രമണങ്ങള്‍ ചെറുക്കാന്‍ അധികൃതരുടെഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം കരടിയുടെ കടിയേറ്റ് മരുതാമല അടിപ്പറമ്പ് സ്വദേശിയും വനംവകുപ്പില്‍ താത്കാലിക ജീവനക്കാരനുമായ ടി.സുരേന്ദ്രന് പരിക്കേറ്റു. ബോണക്കാട് റോഡില്‍ വനംവകുപ്പ് പ്‌ളാന്റേഷന് സമീപത്തായിരുന്നു സംഭവം. കനത്ത മഴയത്ത് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു കരടി ആക്രമിച്ചത്.
 
അടുത്തുള്ള പാറക്കൂട്ടത്തിനുപിന്നില്‍ മറഞ്ഞിരിക്കുകയായിരുന്ന രണ്ടു കരടികളില്‍ ഒന്ന് ചാടിവീഴുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കഴുത്തിനു പരിക്കേറ്റ ഇയാള്‍ വഴിയില്‍ വീഴുകയായിരുന്നു. വിജനമായ പ്രദേശമായതിനാല്‍ രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തിയതിനുശേഷമാണ് ആശുപത്രിയില്‍ പോയത്. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇപ്പോള്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസം ആനപ്പാറ സ്വദേശി മഹേഷിന് കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്കേറ്റിരുന്നു. കഴുത്തിലും കൈയിലും പരിക്കേറ്റ ഇയാളും ചികിത്സയിലാണ്. ഒരു മാസത്തിനുമുന്‍പ് പേപ്പാറ പൊടിയക്കാലയില്‍ വിശ്വനാഥന്‍കാണി കാട്ടാനയുടെ കുത്തേറ്റ് മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഈ ഭാഗങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ആനപ്പാറ മണലിയില്‍ സ്‌കൂള്‍വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരെ കാട്ടാനക്കൂട്ടം ഓടിച്ചിരുന്നു.
 
മാസങ്ങള്‍ക്കുമുന്‍പ് അഗസ്ത്യാര്‍കൂട സന്ദര്‍ശകരെ കാട്ടുപോത്ത് ആക്രമിച്ചിരുന്നു. സംഭവത്തില്‍ വനം വകുപ്പിന്റെ വഴികാട്ടികളിലൊരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആനക്കിടങ്ങുകളും സൗരോര്‍ജവേലികളും തയ്യാറാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. താത്കാലിക ജീവനക്കാര്‍ക്ക് യാതൊരുസുരക്ഷാസംവിധാനവും വനം വകുപ്പൊരുക്കുന്നില്ലെന്നാണ് പരാതി.