തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികളെ അന്ധമായി അനുകരിക്കാനാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ ആരോപിച്ചു. ആദ്യകാലത്ത് സി.പി.എം. എതിര്‍ത്തിരുന്ന നയങ്ങളെല്ലാം നടപ്പാക്കാനാണ് പിണറായിസര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ യു.ഡി.എഫ്. സംഘടിപ്പിക്കുന്ന മേഖലാജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്ന സമരങ്ങള്‍ അടിച്ചമര്‍ത്തുകയെന്നത് മാത്രമായിരിക്കുന്നു പോലീസിന്റെ ജോലി. എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമായി. അണികളെ രക്തസാക്ഷികളാക്കി നേട്ടം കൊയ്യാനാകുമോ എന്നാണ് സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പി.യും നോക്കുന്നത്. ഭരണഘടനയുടെ അന്തസത്തയെയും ജനാധിപത്യമൂല്യങ്ങളെയും തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. പഞ്ചായത്ത് രാജിനെ ഇല്ലാതാക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞുവെന്നും സുധീരന്‍ ആരോപിച്ചു.

വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ എം.എല്‍.എ.മാരായ കെ.മുരളീധരന്‍, കെ.എസ്.ശബരീനാഥന്‍, എം.വിന്‍സെന്റ്, വിവിധ കക്ഷിനേതാക്കളായ നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, ബീമാപ്പള്ളി റഷീദ്, എ.എ.അസീസ്, ജോണി നെല്ലൂര്‍, ചാരുപാറ രവി, ജാഥാ ക്യാപ്ടന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. തുടങ്ങിയവര്‍ പങ്കെടുത്തു. ജാഥ 15ന് വൈകീട്ട് 6ന് വാമനപുരം മണ്ഡലത്തിലെ നന്ദിയോട്ട് സമാപിക്കും.