തിരുവനന്തപുരം: യു.ഡി.എഫ്. കോട്ടയെന്നു വിലയിരുത്തിയിരുന്ന വട്ടിയൂര്‍ക്കാവിന്റെ രാഷ്ട്രീയഭൂപടം മാറ്റിവരച്ചാണ് വി.കെ.പ്രശാന്തിന്റെ തേരോട്ടം. ഉപതിരഞ്ഞെടുപ്പില്‍ 14465 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ വി.കെ.പ്രശാന്ത് കോണ്‍ഗ്രസിലെ കെ.മോഹന്‍കുമാറിനെ പരാജയപ്പെടുത്തി. ബി.ജെ.പി.യുടെ എസ്.സുരേഷ് 27453 വോട്ടുനേടി മൂന്നാമതായി.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫ്. മൂന്നാംസ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അട്ടിമറിവിജയം നേടിയാണ് കോര്‍പ്പറേഷന്‍ മേയര്‍ വി.കെ.പ്രശാന്ത് തലസ്ഥാന നഗരത്തില്‍ മറ്റൊരു നിയോജകമണ്ഡലംകൂടി ചുവപ്പണിയിച്ചത്.

ശക്തമായ ത്രികോണമത്സരം പ്രവചിച്ചിരുന്ന മണ്ഡലത്തില്‍ പൂര്‍ണമായും ഏകപക്ഷീയമായ വിജയമാണ് വി.കെ.പ്രശാന്ത് നേടിയത്. കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് 14465 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ്. ഇവിടെ നേടിയത്.

കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷം നല്‍കിയിരുന്ന മണ്ഡലമാണ് ജനകീയനായ കോര്‍പ്പറേഷന്‍ മേയറെ സ്ഥാനാര്‍ഥിയാക്കി എല്‍.ഡി.എഫ്. തിരിച്ചുപിടിച്ചത്.

കഴിഞ്ഞ നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പി.ക്ക് ഇത്തവണ നിറംമങ്ങിയ പ്രകടനത്തോടെ മൂന്നാംസ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. നഗരസഭയുടെ 24 വാര്‍ഡുകളുള്‍പ്പെടുന്ന മണ്ഡലത്തിലെ എല്ലാ മേഖലയിലും പൂര്‍ണ ആധിപത്യം നേടിയാണ് എല്‍.ഡി.എഫിന്റെ വിജയം. സ്ഥാനാര്‍ഥിപ്രഖ്യാപനം മുതല്‍ ലഭിച്ച മേല്‍ക്കൈ തിരഞ്ഞെടുപ്പുവരെ നിലനിര്‍ത്തി വിജയം പിടിച്ചെടുക്കാന്‍ സി.പി.എമ്മിനായി.

മൂന്നാമതില്‍നിന്ന് ഒന്നാമത്

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മൂന്നാംസ്ഥാനത്തെത്തിയ എല്‍.ഡി.എഫാണ് ഇത്തവണ വമ്പന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ വിജയംനേടിയത്. ഇത് മണ്ഡലത്തില്‍ സി.പി.എമ്മിന് രാഷ്ട്രീയമായി പുതുജീവന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

ചിട്ടയായ പ്രവര്‍ത്തനംകൊണ്ട് അഞ്ചുമാസം മുന്‍പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 29414 വോട്ടുകള്‍ നേടിയ സ്ഥാനത്തുനിന്ന് 54830 വോട്ടുകള്‍ എന്ന മികച്ച നിലയിലേക്കെത്താന്‍ എല്‍.ഡി.എഫിനു കഴിഞ്ഞു.

ജാതിസമവാക്യങ്ങള്‍ക്ക് അപ്പുറം

ജാതി, മത സമവാക്യങ്ങള്‍ കണക്കുകൂട്ടിയാണ് വട്ടിയൂര്‍ക്കാവില്‍ എല്ലാത്തവണയും സ്ഥാനാര്‍ഥിനിര്‍ണയത്തിനു മുന്നണികള്‍ മുതിരാറുള്ളൂ. എന്നാല്‍, മണ്ഡലത്തിലെ സമുദായസമവാക്യങ്ങളെ പാടെ അവഗണിച്ചാണ് ഇത്തവണ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയത്. ഇത് വിജയത്തില്‍ നിര്‍ണായകമായി.

യു.ഡി.എഫിനു ചില സമുദായങ്ങളില്‍നിന്നുള്ള പരസ്യപിന്തുണ ലഭിച്ചെങ്കിലും അതൊന്നും വോട്ടായി മാറിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള നായര്‍ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ യു.ഡി.എഫ്. വിജയിച്ചെങ്കിലും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ മുന്നണിക്കു ദോഷമായതായി നേതൃത്വം വിലയിരുത്തുന്നു. പരമ്പരാഗതമായി യു.ഡി.എഫിന് പിന്തുണ ലഭിക്കുന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഖലകളിലും ഇത്തവണ എല്‍.ഡി.എഫ്. നേട്ടമുണ്ടാക്കി.

നാലാഞ്ചിറയിലും പട്ടത്തും യു.ഡി.എഫ്. പിന്നിലായി

മണ്ഡലത്തില്‍ യു.ഡി.എഫ്. കോട്ടകള്‍ പൂര്‍ണമായും തകര്‍ത്താണ് എല്‍.ഡി.എഫിന്റെ വിജയം. യു.ഡി.എഫിന്റെ സ്ഥിരംകോട്ടയായ നാലാഞ്ചിറ, മണ്ണന്തല, പട്ടം, കേശവദാസപുരം, നന്ത?ന്‍കോട്, കവടിയാര്‍, കുറവന്‍കോണം തുടങ്ങിയ മേഖലകളിലെല്ലാം എല്‍.ഡി.എഫ്. മികച്ച ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ് പരമ്പരാഗതമായി ഭൂരിപക്ഷം നേടുന്ന മേഖലകളൊന്നും ഇത്തവണ കോണ്‍ഗ്രസിനെ തുണച്ചില്ല. കോണ്‍ഗ്രസിന് നഗരസഭാ തിരഞ്ഞെടുപ്പുകളില്‍പ്പോലും എല്ലാക്കാലത്തും വിജയമുറപ്പിക്കുന്ന മേഖലകളാണിത്. ഇവിടങ്ങളില്‍ നിന്നുള്ള വോട്ടുകള്‍കൊണ്ടാണ് മറ്റിടങ്ങളിലെ കുറവ് യു.ഡി.എഫ്. നികത്തുന്നത്.

ആദ്യം മുതല്‍ മുന്നില്‍; വെല്ലുവിളിയില്ലാതെ

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ വി.കെ.പ്രശാന്ത് എതിരാളികളില്ലാതെ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഒരുഘട്ടത്തില്‍പ്പോലും വെല്ലുവിളിയുയര്‍ത്താന്‍ എതിരാളികള്‍ക്കാകാതെയുള്ള മുന്നേറ്റമാണ് വോട്ടെണ്ണലില്‍ ദൃശ്യമായത്.

എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന നാലാഞ്ചിറ മേഖലയാണ് ആദ്യം എണ്ണിയത്. ഇത്തവണ ഇവിടെ എല്‍.ഡി.എഫ്. അറുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. തുടര്‍ന്നങ്ങോട്ട് ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്താന്‍ എല്‍.ഡി.എഫിനായി. പേരൂര്‍ക്കട, കുശവര്‍ക്കല്‍ മേഖലകളിലെത്തിയപ്പോള്‍ ലീഡ് 1500-ലെത്തി. വട്ടിയൂര്‍ക്കാവ്, മണികണ്‌ഠേശ്വരം മേഖലകളിലെണ്ണിയപ്പോള്‍ ലീഡ് 2700 കടന്നു. തുടര്‍ന്ന് മഞ്ചംപാറ, വാഴോട്ടുകോണം എന്നിവിടങ്ങളില്‍ അത് 4900, കുലശേഖരം, കൊടുങ്ങാനൂര്‍ എന്നിവിടങ്ങളിലെത്തിയപ്പോള്‍ 6700-ഉം കടന്നു. വലിയവിള, പി.ടി.പി. മേഖലകള്‍ എണ്ണിയപ്പോള്‍ 8300-ഉം ജവഹര്‍ നഗര്‍, ശാസ്തമംഗലം മേഖലകള്‍ പൂര്‍ത്തിയായപ്പോള്‍ ലീഡ് 9500 കടന്നു. പേരൂര്‍ക്കട, ഊളമ്പാറ എത്തിയപ്പോള്‍ അത് 10000 കടന്നു. പട്ടം മേഖലയിലെത്തിയപ്പോള്‍ 11000, കുറവന്‍കോണം എത്തിയപ്പോള്‍ 12000 കടന്നു. കവടിയാറും നന്തന്‍കോടും പൂര്‍ത്തിയായപ്പോള്‍ ലീഡ് 13000 കഴിഞ്ഞു. അവസാന റൗണ്ടില്‍ എണ്ണിയ പട്ടം, കുന്നുകുഴി മേഖലകളിലും ലീഡ് നേടിയാണ് എല്‍.ഡി.എഫ്. വിജയം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാല് ബൂത്തുകളില്‍ മാത്രം മുന്നിലെത്തിയ എല്‍.ഡി.എഫ്. ഇത്തവണ എല്ലാ മേഖലയിലെയിലെയും മിക്ക ബൂത്തുകളില്‍ ഒന്നാമതെത്തി തിളക്കമാര്‍ന്ന വിജയമാണ് പിടിച്ചെടുത്തത്.

കുലശേഖരം, വട്ടിയൂര്‍ക്കാവ് മേഖലകളില്‍ ബി.ജെ.പി.ക്കു നഷ്ടം

ബി.ജെ.പി. സ്ഥിരമായി മുന്നിലെത്തുന്ന വട്ടിയൂര്‍ക്കാവ്, കുലശേഖരം, വലിയവിള മേഖലകളിലും എല്‍.ഡി.എഫ്. മുന്നിലെത്തി. ബി.ജെ.പി.യുടെ ഒന്‍പത് കൗണ്‍സിലര്‍മാരുള്ള മണ്ഡലത്തില്‍ അവിടങ്ങളില്‍പ്പോലും മികച്ച മുന്നേറ്റം നടത്താന്‍ പാര്‍ട്ടിക്കായില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പകുതിയിലധികം ബൂത്തുകളില്‍ ഒന്നാമതെത്തിയ ബി.ജെ.പി.ക്ക് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.

വട്ടിയൂര്‍ക്കാവിന്റെ ആദ്യ എല്‍.ഡി.എഫ്. വിജയം

വട്ടിയൂര്‍ക്കാവിന്റെ ആദ്യത്തെ എല്‍.ഡി.എഫ്. എം.എല്‍.എ.യാണ് വി.കെ.പ്രശാന്ത്. വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍ വന്ന 2011-ല്‍ കെ.മുരളീധരന്‍ 16167 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി ആദ്യ വിജയം നേടുന്നത്. തുടര്‍ന്ന് 2016-ലും മുരളീധരന്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. കടുത്ത മത്സരത്തില്‍ കുമ്മനം രാജശേഖരനെ 7622 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് രണ്ടാംതവണ മുരളീധരന്‍ ഇവിടെനിന്നു വിജയിച്ചത്.

പോളിങ് കുറഞ്ഞത് നിര്‍ണായകമായി

ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 135720 വോട്ട് പോള്‍ചെയ്ത മണ്ഡലത്തില്‍ ഇത്തവണ 123804 വോട്ടാണ് പോള്‍ചെയ്തത്. കഴിഞ്ഞതവണത്തേക്കാള്‍ 11916 വോട്ടിന്റെ കുറവാണ് ഉണ്ടായത്. കനത്ത മഴയും ഉപതിരഞ്ഞെടുപ്പിനോടുള്ള തണുത്ത പ്രതികരണവും പോളിങ് കുറയാന്‍ കാരണമായി. യു.ഡി.എഫിനെയും ബി.ജെ.പി.യെയുമാണ് പോളിങ് ശതമാനത്തിലെ കുറവ് ബാധിച്ചതെന്നാണ് വിലയിരുത്തല്‍.