treeവിതുര: ചായം ചാരുപാറ റോഡരികിൽ സ്വരാജ് കവാടത്തിനടുത്തെ മരത്തിലുള്ള തേനീച്ചക്കൂടുകൾ അപകടഭീഷണിയാകുന്നതായി പരാതി. റോഡരികിലെ കൂറ്റൻ ആഞ്ഞിലി മരത്തിലാണ് കൂടുകളുള്ളത്. കാൽനടക്കാരും വാഹനയാത്രക്കാരും ഏറെ ഭീതിയോടെയാണ് ഇതിലേ പോകുന്നത്.

വർഷങ്ങൾക്കു മുമ്പ് ഒന്നോ രണ്ടോ കൂടുകെട്ടിയാണ് തേനീച്ചകൾ മരത്തിൽ പാർപ്പുറപ്പിച്ചത്. ദിവസങ്ങൾ കഴിയവെ എണ്ണം കൂടി. ഇന്ന് വലുതും ചെറുതുമായി കൂടുകൾ 23-ആയി. ദിവസങ്ങൾ കഴിയുമ്പോൾ പുതിയ കൂടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതായി നാട്ടുകാർ പറയുന്നു. തുടക്കത്തിൽത്തന്നെ നശിപ്പിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്.

പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായെടുത്തില്ല. 2018-ൽ ആനപ്പാറ ചിറ്റാറിൽ ഒരാൾ തേനീച്ചക്കുത്തേറ്റ് മരിച്ചിരുന്നു. തുടർന്ന് ചിറ്റാർപ്പാലത്തിനടുത്തെ കൂടുകൾ നശിപ്പിക്കുകയും മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തു. ആ സാഹചര്യത്തിൽ പേരയത്തുപാറയിലെ കൂടുകൾ നശിപ്പിക്കണമെന്ന ആവശ്യം ശക്തമായെങ്കിലും നടപടിയായില്ല. നവീകരിച്ച ചെറ്റച്ചൽ വെള്ളനാട് റോഡരികിലാണ് ഈ സ്ഥിതി.

നിരവധി വാഹനങ്ങളും കാൽനടക്കാരും ദിവസവും ഇതു വഴി പോകുന്നു. സ്വരാജ് കവാടത്തിനോട് ചേർന്ന് കച്ചവട സ്ഥാപനങ്ങളും 100- മീറ്റർ മാറി സ്വകാര്യവിദ്യാലയവുമുണ്ടെന്നത് അപകടസാധ്യത കൂട്ടുന്നു.

ജില്ലാകളക്ടർക്കു നിവേദനം നൽകി

റോഡരികിലെ തേനീച്ചക്കൂടുകൾ നശിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാകളക്ടർക്ക്‌ നിവേദനം നൽകി. പ്രദേശവാസികളായ 122-പേർ ഒപ്പിട്ട നിവേദനത്തിന്റെ പകർപ്പുകൾ തഹസിൽദാർ, പഞ്ചായത്തുസെക്രട്ടറി എന്നിവർക്കും നൽകിയതായി പൊതുപ്രവർത്തകരായ കെ.ആർ.വിജയൻ, വടക്കേവിളകുമാർ, ബി.എൽ.മോഹനൻ, ജോയി.സി എന്നിവർ പറഞ്ഞു.