വിതുര: ആദിവാസിമേഖലയിലെ സ്‌കൂളായ ആനപ്പാറ ഗവ.ഹൈസ്‌കൂളിനും എസ്.എസ്.എല്‍.സി.ക്ക് നൂറുശതമാനം വിജയം. ജീവിതസാഹചര്യങ്ങളോട് പടവെട്ടിയാണ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മികച്ചവിജയം നേടിയത്.

ഒരുകാലത്ത് രണ്ടായിരത്തിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഇവിടെ രണ്ടു പതിറ്റാണ്ടായി മുന്നൂറില്‍ത്താഴെ കുട്ടികളാണുള്ളത്.

മണലി, അലത്താര, മൊട്ടമൂട്, കൊമ്പ്രാംകല്ല് മേഖലകളില്‍ നിന്ന് നടന്നാണ് ആദിവാസി കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. വിജയിച്ച 36 പേരില്‍ 12 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. 4 പട്ടികജാതി വിദ്യാര്‍ഥികളും.

1948-ലാണ് സ്‌കൂള്‍ സ്ഥാപിച്ചത്. യാത്രാ-താമസ സൗകര്യങ്ങളില്ലാത്തതിനാല്‍ അധ്യാപകര്‍ സ്ഥിരമായി നില്‍ക്കാത്തത് സ്‌കൂളിന്റെ തകര്‍ച്ചയ്ക്കു കാരണമായി. ഏതാനും വര്‍ഷങ്ങളായി അര്‍പ്പണബോധമുള്ള സ്ഥിരം അധ്യാപകരെത്തിയതോടെ ശാപമോക്ഷമായി. അധ്യാപകര്‍ തന്നെ വീടുകളിലെത്തി നിര്‍ബന്ധിച്ച് കുട്ടികളെ സ്‌കൂളിലെത്തിച്ചു. രാത്രിക്ലാസുകളുള്‍പ്പെടെയുള്ള പഠനസൗകര്യങ്ങളൊരുക്കിയതോടെ വിജയവഴിയിലായി.

സ്‌കൂളിലെത്തുന്ന ആദിവാസി ഊരുകളിലെ കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാണെന്ന് അധ്യാപകര്‍ പറയുന്നു. രാവിലത്തെ ആഹാരം കഴിക്കാതെയെത്തുന്ന കുട്ടികള്‍ പലരും സ്‌കൂളില്‍ കുഴഞ്ഞുവീഴുക പതിവാണ്. യാത്രാസൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ആനയുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളെ ഭയന്നാണ് കുട്ടികള്‍ കാല്‍നടയായി സ്‌കൂളിലെത്തുക.

തകര്‍ന്ന റോഡുകളായതിനാല്‍ വാഹനങ്ങള്‍ പോകില്ല. വാമനപുരമാറിനു കുറുകേയുള്ള പാലം തകര്‍ന്നിട്ടു കാല്‍നൂറ്റാണ്ടായി. ആറിലൂടെ നടന്നാണ് പലരും സ്‌കൂളിലെത്തുക. ആവശ്യത്തിനു വസ്ത്രങ്ങളില്ലാത്തതിനാല്‍ യൂണിഫോം വേണ്ടാത്ത ദിവസങ്ങളില്‍ കുട്ടികള്‍ വളരെ കുറവാണെന്ന് അധ്യാപകര്‍ പറയുന്നു. ഈ പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ചുനേടിയ നൂറുമേനി വിജയത്തിന് മധുരം ഇരട്ടിയാണ്. അധ്യാപകരും പി.ടി.എ. കമ്മിറ്റിയും പിന്തുണ നല്‍കിയതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി നൂറുശതമാനം വിജയം നേടാന്‍ ഇവിടത്തെ കുട്ടികള്‍ക്കു കഴിയുന്നു.