തിരുവനന്തപുരം: ജില്ലയില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന രണ്ടുപേര്‍കൂടി മരിച്ചു. പട്ടം സ്വദേശിയായ എം.ജി. കോളേജ് അവസാനവര്‍ഷ എം.കോം. വിദ്യാര്‍ഥിയായിരുന്ന അനുശ്രീ (22), പാളയംകുന്ന് സ്വദേശി ജാന്‍(40) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 20 ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുശ്രീ വ്യാഴാഴ്ച രാവിലെ 5.10നാണ് മരിച്ചത്. ബുധനാഴ്ചയാണ് ജാന്‍ മരിച്ചത്. ബുധനാഴ്ച ജില്ലയില്‍ അഞ്ചുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.

പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസവും കുറവുണ്ടായില്ല. വിവിധ ആശുപത്രികളിലായി 3284 പേരാണ് വ്യാഴാഴ്ച ചികിത്സ തേടിയത്.

വ്യാഴാഴ്ച 78 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 219 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ഡെങ്കി ബാധിതര്‍ തിരുവനന്തപുരത്താണ്. തമ്പാനൂര്‍, തിരുമല, വള്ളക്കടവ്, ആറ്റുകാല്‍, ബീമാപ്പള്ളി, വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കാലടി, കമലേശ്വരം, കരിക്കകം, കരുമം, മണക്കാട്, നേമം, പേരൂര്‍ക്കട, പൂന്തുറ തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലയില്‍ ഏറ്റവുമധികം ഡെങ്കിബാധിതരുള്ളത്.

ജില്ലയില്‍ എട്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം എലിപ്പനി സ്ഥിരീകരിച്ചു. 12 പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്. ബീമാപ്പള്ളി, കരകുളം, നേമം, തോന്നയ്ക്കല്‍, വട്ടിയൂര്‍ക്കാവ്, വിളപ്പില്‍ എന്നിവിടങ്ങളിലാണ് എലിപ്പനി കണ്ടെത്തിയത്. വയറിളക്കവും അനുബന്ധ അസുഖങ്ങളും ബാധിച്ച് 198 പേരാണ് വ്യാഴാഴ്ച ചികിത്സ തേടിയത്.

ആരോഗ്യമേഖലയിലെ വിദഗ്ധര്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം കൂടി പകര്‍ച്ചപ്പനി നിയന്ത്രണത്തിനായുള്ള നടപടികളെടുക്കുന്നുണ്ടെന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രി മേധാവികളുടെ പനിചികിത്സയുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എച്ച് വണ്‍ എന്‍ വണ്‍ ചികിത്സയ്ക്കാവശ്യമായ ഒസല്‍ട്ടാമിവിര്‍ ഗുളികകള്‍ സ്വകാര്യ ആശുപത്രികളില്‍ കൂടി എത്തിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

പകര്‍ച്ചപ്പനി: ജില്ലാതല യോഗം ഇന്ന് കളക്ടറേറ്റില്‍

തിരുവനന്തപുരം: പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ വെള്ളിയാഴ്ച ജില്ലാതല യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ എസ്.വെങ്കടേശപതി അറിയിച്ചു. എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അലോപ്പതി - ആയുര്‍വേദ - ഹോമിയോ ഡി.എം.ഒ.മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരും ആരോഗ്യവകുപ്പും ചേര്‍ന്നു പ്രവര്‍ത്തിക്കുംതിരുവനന്തപുരം: പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിനായി സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കളക്ടര്‍ എസ്.വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ വിവിധ സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ അടിയന്തര യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളിലും രോഗം വന്നവരുടെ ചികിത്സയിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും പി.ജി. വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുക്കും.

ഡി.എം.ഒ. ജോസ് ജി. ഡിക്രൂസ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ തോമസ് മാത്യു, വട്ടപ്പാറ എസ്.യു.ടി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോയ് ഫിലിപ്പ്, ഗോകുലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ഗിരിജ, കാരക്കോണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.വി.ഇന്ദിര, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സ്വപ്‌ന, എ.ഡി.എം. ജോണ്‍ വി. സാമുവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജനറല്‍ ആശുപത്രിയില്‍ പനി ക്ലിനിക്ക് തുടങ്ങിതിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഐ.എം.എ. ജനറല്‍ ആശുപത്രി കാമ്പസില്‍ പനി ക്ലിനിക്ക് തുടങ്ങി. മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്തു. ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിനുസമീപം ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് പനി ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ഐ.എം.എ.യുടെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

പകര്‍ച്ചപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ സഹായിച്ചുകൊണ്ട് ഐ.എം.എ. ചെയ്യുന്ന സേവനം മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു.

ഡി.എം.ഒ. ഡോ. ജോസ് ഡിക്രൂസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. വനജ, ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ഡോ. ജി.എസ്.വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഐ.എം.എ. തയ്യാറാക്കിയ നയരേഖ ഐ.എം.എ. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍.കുമാര്‍ മന്ത്രിക്ക് കൈമാറി.

കൊതുകുനിവാരണം അനിവാര്യം- ഐ.എം.എ.തിരുവനന്തപുരം: കൊതുകുനിവാരണ മാര്‍ഗങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം വിദഗ്ധസമിതി വിലയിരുത്തി. കൊതുകുനിയന്ത്രണ മാര്‍ഗരേഖയ്ക്കു രൂപരേഖ നല്‍കാന്‍ ഐ.എം.എ. പ്രത്യേക സമിതിയെ നിയോഗിച്ചു. ജൂണ്‍ 28-ന് കൊതുകുനിവാരണ ദിനമായി ആചരിക്കാന്‍ ഐ.എം.എ. തീരുമാനിച്ചു.