വെഞ്ഞാറമൂട്: നാടിന്റെ വിവിധ ഭാഗങ്ങളില്‍ കതിരുകാളകളൊരുങ്ങി. വേങ്കമല ആദിവാസി ക്ഷേത്രത്തിലെ ഉത്സവത്തിന് 23ന് തുടക്കമാകും.
ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങാണ് കതിരുകാളകെട്ടിയാടല്‍. കാര്‍ഷിക സമൃദ്ധികൊണ്ട് പുകള്‍പെറ്റ പുല്ലമ്പാറയുടെ കാര്‍ഷിക പാരമ്പര്യം വിളംബരം ചെയ്യുന്നതിനു കൂടിയാണ് ഈ നാട്ടില്‍ ഉത്സവത്തിന് കതിരുകാള കെട്ടിയാടുന്നത്. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച നിറകതിരുകളാണ് കതിരുകാള കെട്ടാന്‍ ഉപയോഗിക്കുന്നത്.
കൈയേണിയില്‍ കാളയുടെ രൂപമുണ്ടാക്കി കതിരുകള്‍ പീലികള്‍ പോലെ കെട്ടിയാണ് കതിരുകാളകള്‍ ഒരുക്കുന്നത്. നാലുപേര്‍ കതിരുകാളയെ തോളത്തുവച്ച് നടന്നുനീങ്ങും. ചെണ്ടമേളത്തിനൊത്ത് കതിരുകാളയെ പൊക്കുകയും താഴ്ത്തുകയും മേളത്തിനൊത്ത് പാരമ്പര്യ നൃത്തം ചവിട്ടുകയും ചെയ്യും. കതിരുകാളക്കാരുടെ ചുവടുകള്‍ക്കൊപ്പം ഒപ്പം കൂടുന്നവരും താളം ചവിട്ടുന്നതോടെ കതിരുകാള മേളക്കാഴ്ചയാകും.
റാന്തല്‍ വിളക്കുകള്‍ കൊളുത്തി നാട്ടിടവഴികളിലൂടെയാണ് കതിരുകാളകള്‍ വരുന്നത്. ഓരോ വീടുകളിലും കയറി അല്പനേരം മുറ്റത്തും താളം ചവിട്ടും. നേര്‍ച്ചയായി വീട്ടുകാര്‍ കാണിക്കയും നല്‍കും.
സ്വന്തം നാട്ടിലെ നിറക്കതിരുകളാണ് കതിരുകാളയ്ക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഗ്രാമങ്ങളില്‍ നെല്‍കൃഷി മുടങ്ങാതെ നടത്തുകയും ചെയ്യും.
23ന് രാവിലെ 6ന് പാരമ്പര്യ ചടങ്ങുകള്‍ അനുസരിച്ച് മുടിപ്പുരയ്ക്ക് കാല്‍നാട്ടല്‍ നടത്തും. രാത്രി 7ന് ചാറ്റുപാട്ട് തുടങ്ങും. 7ന് ചെണ്ടമേളം, 9ന് ഗാനമേള.
24ന് രാവിലെ 10 മുതല്‍ അന്നദാനം, വൈകിട്ട് 6ന് ചാറ്റുപാട്ട്, 7ന് ചെണ്ടമേളോത്സവം, 7.30ന് നൃത്തസന്ധ്യ, 9ന് മിമിക്‌സ് പരേഡ്, പുലര്‍ച്ചെ 3ന് നിറപറയും വിളക്കും.
25ന് രാവിലെ 9ന് വേങ്കമല ദേവിക്ക് പൊങ്കാല, രാത്രി 9ന് നാടന്‍പാട്ട് കുങ്കുമപ്പൊട്ട്, പുലര്‍ച്ചെ 1ന് ബാലെ ശ്രീഭദ്രായനം, 2ന് തേരുവിളക്ക്, പുലര്‍ച്ചെ 3ന് പുറത്തെഴുന്നള്ളത്തും താലപ്പൊലിയും.