വെഞ്ഞാറമൂട്: കാഞ്ഞാംപാറ സംസ്‌കൃതി ക്ലബ്ബിന്റെ മാസക്കൂട്ടായ്മ പുതുമകള്‍കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഒരുമാസത്തില്‍ ഒരുദിവസം നാട്ടുകാര്‍ക്ക് ഒത്തുകൂടാനുള്ളതാണിത്. ഓരോ ഒത്തുകൂടലിലും ക്ലാസുകള്‍, ചര്‍ച്ചകള്‍, ബോധവത്കരണ പരിപാടികള്‍, ശില്പശാലകള്‍...എന്നിങ്ങനെ വേറിട്ട വിഷയങ്ങളാണ് അവതരിപ്പിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യുന്നതിന് ഒരുപ്രതിഭയെയും കൊണ്ടുവരും.

വെറുതെ പ്രഭാഷണം നടത്തുകയല്ല. നാട്ടുകാര്‍ക്ക് ആ വിഷയത്തില്‍ അഭിപ്രായംപറയാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള അവസരവുമുണ്ട്. അവസാനം പൊതു ക്രോഡീകരണം നടത്തി പിരിയും.

നാലുവര്‍ഷമായി മാസക്കൂട്ടായ്മ നടക്കുന്നുണ്ട്. കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് എസ്.ആര്‍.ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ കഥ-കവിത-നാടകം എന്നിവയില്‍ ക്‌ളാസുകള്‍ നയിച്ചിരുന്നു. ബ്ലൂവെയില്‍ പ്രശ്‌നം ചര്‍ച്ചയായപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സൈബര്‍സെല്‍ ഡിവൈ.എസ്.പി. വിനയകുമാര്‍ ശില്പശാല നയിച്ചു.

അവസാനമായി കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മാസക്കൂട്ടായ്മ.

പ്രദേശത്തുനിന്ന് എസ്.എസ്.എല്‍.സി.- പ്ലസ് ടു പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് വഴികാട്ടാനാണ് ക്ലാസ് നടത്തിയത്.

ക്ലബ്ബിനു സ്വന്തമായി ഒരു നല്ല വായനശാലയുമുണ്ട്. മാസക്കൂട്ടായ്മയല്ലാതെ ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങളും നാടിന്റെ നന്മയ്ക്കായി സംസ്‌കൃതി നടത്തിവരുന്നുണ്ട്. മെഡിക്കല്‍ ക്യാമ്പ്, ബോധവത്കരണ ക്ലാസുകള്‍, പ്രതിഭാപുരസ്‌കാരം നല്‍കല്‍, രക്തദാനപ്രവര്‍ത്തനം ഇങ്ങനെ നീണ്ടുപോകുന്നു. അവധിക്കാലത്ത് കുട്ടികള്‍ക്കായി ഇറയം എന്ന അഞ്ചുദിവസത്തെ കൂട്ടായ്മയും നടത്തി.

സംഗീതം, ചെണ്ട, ചിത്രരചന തുടങ്ങിയവയില്‍ കലാപരിശീലനവും നല്‍കുന്നുണ്ട്.

അനഘ, പ്രവീണ്‍ എന്നീ കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പഠനത്തിനു സഹായംനല്‍കിയും ക്‌ളബ്ബ് മാതൃകയായി. വിജയദശമിനാളുകളില്‍ നവരാത്രി കാവ്യോത്സവവും നടത്തിവരുന്നു.

ഓരോ വര്‍ഷം പിന്നിടുമ്പോഴും സംസ്‌കൃതി മികവുകളിലേക്കു ഉയരുകയാണ്.

അനില്‍കുമാര്‍ പ്രസിഡന്റും ലതീഷ് സെക്രട്ടറിയും പ്രശാന്ത് ട്രഷററുമായ മികച്ച ഭരണസമിതിയാണ് ക്ലബ്ബിനെ നയിക്കുന്നത്.

ജൂണിലെ മാസക്കൂട്ടായ്മയില്‍ സംഗീതനാടക അക്കാദമി പുരസ്‌കാരംനേടിയ കണ്ണൂര്‍ വാസൂട്ടിയുമായി നാടകാഭിനയം പങ്കിടുന്ന പരിപാടി നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.