വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോ ഗാരേജിലെ ജീവനക്കാരുടെ ദുരിതം കണ്ടിട്ടും അധികൃതര്‍ കനിയുന്നില്ല. തൊഴില്‍ യൂണിയനുകളും പേരിനുമാത്രം ഇടപെടല്‍ നടത്തി നില്‍ക്കുന്നു. കാലവര്‍ഷത്തിലെ മുഴുവന്‍ ദുരിതങ്ങള്‍ അനുഭവിച്ച തൊഴിലാളികള്‍ തുലാവര്‍ഷമെത്തിയിട്ടും മോശമായ അവസ്ഥയില്‍ തന്നെയാണ്.

മൂന്നുമാസം മുന്‍പ് ഇവരുടെ ദുരിതകരമായ തൊഴില്‍ജീവിതത്തെ കുറിച്ച് വാര്‍ത്തവന്നപ്പോള്‍ ഉടന്‍തന്നെ പരിഹാരമാകുമെന്ന് മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും പ്രതികരിച്ചിരുന്നു. ചീഫ് ഓഫീസില്‍ നിന്ന് അധികൃതരെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അവയിലൊന്നിനുപോലും പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

അന്‍പതിലധികം തൊഴിലാളികളാണ് രാത്രിയും പകലുമായുള്ള മൂന്ന് ഷിഫ്റ്റുകളില്‍ ഇവിടെ പണിയെടുക്കുന്നത്. ഡിപ്പോയുടെ അറുപത് ബസുകളും കാസര്‍കോടുവരെ പോകുന്ന ബസുകളില്‍ ഓട്ടത്തിനിടയില്‍ തകരാറ് വരുന്നത് നോക്കുന്നതും ഇവിടെയാണ്. ദിവസവും പത്ത് ബസ് നന്നാക്കാനുണ്ടാകും. ഗാരേജില്‍ രണ്ട് ബസ് പണിയാനുള്ള ചെറിയ ഷെഡ്ഡ് മാത്രമാണുള്ളത്. ബാക്കിയുള്ളത് പുറത്തെ ചെളിക്കെട്ടിലിട്ടാണ് പണിയുന്നത്. ചെളിവെള്ളക്കെട്ടില്‍ കിടന്നാണ് ബസിന്റെ യന്ത്രങ്ങള്‍ പണിയുന്നത്. ഈ മുറ്റം കോണ്‍ക്രീറ്റ് ചെയ്തിരുന്നെങ്കില്‍ ഇത്രയും വലിയ ദുരിതം അനുഭവിക്കേണ്ടായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള ഓടപോലും വൃത്തിയാക്കാത്ത തരത്തില്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തിയിരിക്കുന്നത്.

സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങളില്ല. അന്‍പതു പേര്‍ക്കായി ഉള്ളത് വാതില്‍ പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ ഒന്നു മാത്രം. മെക്കാനിക് ജോലി കഴിഞ്ഞാല്‍ വൃത്തിയാകാന്‍ കുളിമുറിയില്ല.

കുടിവെള്ളമില്ലാത്തതും വലിയ പ്രശ്‌നമാണ്. വാഹനം കഴുകാന്‍ ചെറിയ ടാങ്കില്‍ നിറച്ചിരിക്കുന്ന വെള്ളംമാത്രമാണ് എല്ലാ ആവശ്യത്തിനും എടുക്കുന്നത്. തൊഴിലാളികള്‍ക്ക് വസ്ത്രംമാറാന്‍ പോലും സ്ഥലമില്ല. പരാതികള്‍ക്ക് പരിഹാരം കാണാനുള്ള പ്രധാന ഉദ്യോഗസ്ഥനും ഓഫീസില്ല. അദ്ദേഹം പുറത്ത് വാഹനങ്ങളുടെ പഴയ സീറ്റ് കൊണ്ടിട്ടാണ് ഇരിക്കുന്നത്.

വൃത്തിഹീനമായ പരിസരമാണ് മറ്റൊരു പ്രശ്‌നം. ഏതുനിമിഷവും പകര്‍ച്ചവ്യാധി പിടിപെടാനുള്ള സ്ഥിതിയാണ് .

ഈ പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.സ്ഥലം സന്ദര്‍ശിക്കുമെന്ന് സി.എം.ഡി. ഹേമചന്ദ്രന്‍

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഡിപ്പോ ഗാരേജിലെ പ്രശ്‌നങ്ങളെ കുറിച്ചറിയില്ലെന്നും സ്ഥലം സന്ദര്‍ശിച്ചശേഷം നടപടിയെടുക്കാമെന്നും പുതുതായി ചുമതലയേറ്റ സി.എം.ഡി. എ.ഹേമചന്ദ്രന്‍ പ്രതികരിച്ചു.