വെമ്പായം: പ്രകൃതിസൗന്ദര്യത്താല്‍ അത്യപൂര്‍വ വിരുന്നൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ് വെള്ളാണിക്കല്‍ പാറ എന്ന പാറമുകള്‍. മാണിക്കല്‍, പോത്തന്‍കോട്, മുദാക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കൂറ്റന്‍ പാറകളാല്‍ നിലകൊള്ളുന്ന പ്രദേശമാണിത്.

സമുദ്രനിരപ്പില്‍നിന്ന് 500 അടി ഉയരത്തില്‍ വിസ്തൃതമായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയ പ്രദേശം. പച്ചപ്പു നിറഞ്ഞ പുല്‍മേടുകളും കിഴക്കന്‍ കാറ്റും. സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ കാഴ്ചകള്‍ പ്രകൃതിതന്നെ ഒരുക്കിയിരിക്കുന്നു. കുന്നിന്‍മുകളില്‍ നിന്നുകൊണ്ട് ഇളങ്കാറ്റേറ്റ് സൂര്യാസ്തമയം കാണാന്‍ നിരവധി കുടുംബങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്.

എം.സി. റോഡില്‍ വെഞ്ഞാറമൂട്ടില്‍നിന്ന് 15 കിലോമീറ്ററും പോത്തന്‍കോട് ബൈപ്പാസ് റോഡില്‍ കോലിയക്കോട്ടുനിന്ന് 8 കിലോമീറ്ററും സഞ്ചരിച്ചാല്‍ മനോഹരമായ പാറയുടെ മുകള്‍ത്തട്ടില്‍ എത്തിച്ചേരും. ഇവിടെയെത്തുന്നവരില്‍ സാഹസികത ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത് പുലിച്ചാണി ഗുഹയാണ്.

ചെറിയ കവാടത്തില്‍ക്കൂടി ഉള്ളിലേക്കു കയറിയാല്‍ ഒരാള്‍പ്പൊക്കമുള്ള ഗുഹയുടെ ഉള്ളിലെത്താം. ഉള്ളില്‍ മണ്ണിടിഞ്ഞു കിടക്കുന്നതിനാല്‍ ഇപ്പോള്‍ ഗുഹയ്ക്കുള്ളിലേക്കു കയറാന്‍ പ്രയാസമാണ്. ഗുഹയുടെ താഴ്വശത്തായി സര്‍പ്പം പത്തിവിടര്‍ത്തി നില്‍ക്കുന്ന തരത്തിലുള്ള മറ്റൊരു പാറയുണ്ട്.

പാറയിലേക്കു കയറുന്ന കവാടത്തില്‍ നിന്നാല്‍ മദപുരം തമ്പുരാന്‍-തമ്പുരാട്ടി പാറ കാണാന്‍ കഴിയും. സിനിമാ, സീരിയില്‍ ഷൂട്ടിങ് ലൊക്കേഷന്‍കൂടിയാണ് പാറമുകള്‍. എന്നാല്‍, ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാനസൗകര്യ വികസനം നടത്താന്‍പോലും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന എ.പി.അനില്‍കുമാര്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് പാലോട് രവി എം.എല്‍.എ. ആയിരുന്നപ്പോള്‍ അനുവദിച്ച തുകയില്‍നിന്ന് റോഡില്‍നിന്നു പാറയിലേക്കു കയറുന്ന കല്‍പ്പടവ്, പാര്‍ക്കിങ് ഏരിയയുടെ നിര്‍മാണം, കോഫി സെന്റര്‍ എന്നിവ നിര്‍മിച്ചു.

പാറമുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഒരു ടവര്‍ നിര്‍മിച്ച് ദൂരദര്‍ശിനികൂടി സ്ഥാപിച്ചാല്‍ തിരുവനന്തപുരം, കൊല്ലം ഭാഗത്തെ തീരപ്രദേശം കാണാന്‍ കഴിയും.