നാഗര്‍കോവില്‍: ജന്മനാടിനായി ജീവന്‍ ബലിയര്‍പ്പിച്ച വേലുത്തമ്പി ദളവയുടെ 253-ാംമത് ജന്മവാര്‍ഷികം ഞായറാഴ്ചയാണ്. പക്ഷേ, അദ്ദേഹത്തിന്റെ ജന്മഗൃഹമായ തലക്കുളത്തെ വലിയവീട് സംരക്ഷണമില്ലാതെ തകര്‍ച്ച നേരിടുകയാണ്. കന്യാകുമാരി ജില്ലയിലെ തിങ്കള്‍ച്ചന്തയ്ക്കടുത്താണ് തലക്കുളം.

പന്ത്രണ്ട് മുറികളുള്ള എട്ടുകെട്ടും, കുളവും, കുടുംബ ക്ഷേത്രവും ഉള്‍പ്പെടുന്നതാണ് വലിയവീട്.

ഈ ചരിത്രസ്മാരകം ഇപ്പോള്‍ ചിത്രകലാമണ്ഡലം എന്ന ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. 2009-ല്‍ ചിത്രകലാമണ്ഡലം ഇവിടെ സ്ഥാപിച്ച വേലുത്തമ്പിയുടെ പൂര്‍ണകായ പ്രതിമയുടെ ഉദ്ഘാടനം പോലും നടന്നിട്ടില്ല.

വീടിന് ചുറ്റുമതില്‍ കെട്ടി ചിത്രകലാമണ്ഡലം ചരിത്ര മ്യൂസിയമെന്നു കല്ലില്‍ കൊത്തി സ്ഥാപിച്ചിട്ടുണ്ട്. വീട്ടിലെ ഭദ്രകാളി ക്ഷേത്രത്തില്‍ പതിവു തെറ്റിക്കാതെ മുറ പൂജകള്‍ കുടുംബക്കാര്‍ നടത്താറുണ്ടെന്നും   സ്ഥലവാസികള്‍ പറയുന്നു.

കഴിഞ്ഞവര്‍ഷംമുതല്‍ കന്യാകുമാരി ജില്ലാ ഗ്ലോബല്‍ നായര്‍ സേവാ സമാജം വേലുത്തമ്പി ജന്മവാര്‍ഷികത്തിന് പുഷ്പാഞ്ജലിയും വാര്‍ഷികാചരണവും തലക്കുളത്തെ വലിയ വീട്ടില്‍ നടത്തുന്നുണ്ട്.

2009-ല്‍ 40ലക്ഷം ചെലവില്‍ വീടിന്റെ പരിസരം നവീകരിച്ചിരുന്നു. ശൗചാലയം, വാഹന പാര്‍ക്കിങ് സൗകര്യം, അഞ്ചു കമാനങ്ങള്‍, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും സ്ഥാപിച്ചു. സംരക്ഷണമില്ലാതെ വീടിന്റെ മേല്‍ക്കൂര ഏറിയ ഭാഗവും തകര്‍ന്നനിലയിലായി. ചില ഭാഗങ്ങളില്‍ ചുവരും തകരുന്നു. ഉള്‍ഭാഗം പരിചരണമില്ലാതെ നശിക്കുന്നു. ശൗചാലയം ഉപയോഗിക്കാനാകാത്ത തരത്തിലായി. കുറ്റിക്കാട് പടര്‍ന്നുനില്‍ക്കുന്ന വീടിന്റെ പരിസരം വാര്‍ഷികസമയത്താണ് വൃത്തിയാക്കുന്നത്. ഉറ്റവരുടെ അവഗണന കാരണം തകരുന്ന ചരിത്ര സ്മാരകം സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വലിയവീട്ടില്‍ വള്ളിയമ്മ തങ്കച്ചിയുടെ മകന്‍ വേലായുധന്‍ തമ്പി എന്ന വേലുത്തമ്പി 1802 മുതല്‍ 1809 വരെയാണ് തിരുവിതാംകൂറിന്റെ ദളവാസ്ഥാനം അലങ്കരിച്ചത്. 1799-ല്‍ മുളകുമടിശ്ശീലക്കാരനായി ഔദ്യോഗിക ജീവതം തുടങ്ങിയ വേലുത്തമ്പിക്ക് കഴിവിന്റെ അംഗീകാരമായിട്ടാണ് പരമോന്നത സ്ഥാനമായ ദളവാസ്ഥാനം ലഭിച്ചത്.
 
Content Highlight: Veluthambi dalawa childhood home