വെള്ളറട: ക്ഷീരസംഘങ്ങള്‍ക്കുള്ള വിവിധ ധനസഹായ വിതരണപദ്ധതി പ്രഖ്യാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പുതുതായി നിര്‍മിച്ച മൂന്ന് ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ഉദ്ഘാടനവും നടന്നു. പെരുങ്കടവിള ബ്ലോക്കിലെ മൈലച്ചല്‍ സര്‍വീസ് സഹകരണ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ക്ഷീരസഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി ഈ വര്‍ഷം 28.5 കോടി രൂപയാണ് ധനസഹായമായി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി അധ്യക്ഷയായി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി.ജോസഫ്, എന്‍.രാജന്‍, മുന്‍ എം.എല്‍.എ, ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി.പി.മുരളി, സി.എസ്. ഗീതാരാജശേഖരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അനില്‍, ഐ.ആര്‍.സുനിത, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെസി ചാക്കോ, അയ്യപ്പന്‍നായര്‍, എസ്.ഗിരീഷ് കുമാര്‍, കെ.വി.വിചിത്ര, കെ.കെ.സജയന്‍, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്ഷീരസംഘങ്ങള്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍, പാല്‍സംഭരണ മുറി, മാനേജീരിയല്‍ സബ്‌സിഡി, തീറ്റ വിതരണം, മില്‍ക്ക് റൂട്ട് ധനസഹായം, സംഘങ്ങളുടെ പുനരുദ്ധാരണം, പുതിയ സംഘങ്ങള്‍ രൂപവത്കരിക്കുന്നതിനുള്‍പ്പെടെയുള്ള ധനസഹായ വിതരണം എന്നിവയുടെ പ്രഖ്യാപനമാണ് നടന്നത്. കൂടാതെ പെരുങ്കടവിള ബ്ലോക്കിലെ ആര്യങ്കോട്, ചുള്ളിയൂര്‍, തെള്ളുക്കുഴി ക്ഷീരസംഘങ്ങള്‍ പൂര്‍ത്തീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.