വെള്ളനാട്: അരുവിക്കര-വെള്ളനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂവക്കുടി പാലം മന്ത്രി ജി.സുധാകരന്‍ തുറന്നുകൊടുത്തു. 25.32 മീറ്ററില്‍ നാല് സ്​പാനുകളായി നിര്‍മിച്ച പാലത്തിന് 101.28 മീറ്റര്‍ നീളം. 11.05 മീറ്റര്‍ വീതിയുമുണ്ട്. ഇതില്‍ ഏഴര മീറ്റര്‍ വാഹനഗതാഗതം, ഒന്നരമീറ്റര്‍ നടപ്പാതയും, ശേഷിക്കുന്നത് സംരക്ഷണ ഭിത്തിയുമാണ്. ഇരുവശങ്ങളിലുമായി 300 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിച്ചിട്ടുണ്ട്.

നെടുമങ്ങാട് താലൂക്കിലെ നിലവിലെ ഏറ്റവും വലിയ പാലമാണിത്. പുതിയപാലം വരുന്നതോടെ കാട്ടക്കട, നെടുമങ്ങാട് താലൂക്കിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകും. സമീപകാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പാലമാണ് കൂവക്കുടി പാലം. തകര്‍ച്ച നേരിടുന്ന അരുവിക്കര പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാെണന്ന് മന്ത്രി പറഞ്ഞു.

കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. അധ്യക്ഷനായ സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വെള്ളനാട് ശശി, ഐ.മിനി, ജില്ലാപ്പഞ്ചായത്ത് അംഗം മായാദേവി, പ്രീതാ ജ്യോതിഷ്, ശാലിനി, സജിത എന്നിവര്‍ സംസാരിച്ചു.