തിരുവനന്തപുരം : വിനോദസഞ്ചാരവകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന വസന്തോത്സവം പുഷ്പപ്രദര്‍ശനമേള രണ്ടുദിവസത്തേക്കുകൂടി നീട്ടി. ഞായറാഴ്ച വരെ വസന്തോത്സവം നടത്താനാണ് തീരുമാനിച്ചതെങ്കിലും തിരക്ക് കണക്കിലെടുത്ത് 16 വരെ നീട്ടി. കഴിഞ്ഞ ഞായറാഴ്ചയാണ് വസന്തോത്സവം കനകക്കുന്നില്‍ ആരംഭിച്ചത്.

വസന്തോത്സവം അഞ്ചുനാള്‍ പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമായി മാറുകയാണ് മേള. വനംവന്യജീവിവകുപ്പിന്റെയും ഹരിത കേരളമിഷന്റെയും വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍, പുരാതനമായ കാവിന്റെ മാതൃക, ശലഭോദ്യാനം, ബോണ്‍സായികളുടെയും ഓര്‍ക്കിഡുകളുടെയും പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവ മേളയിലെ ഏറെ പ്രിയപ്പെട്ട കാഴ്ചകളായി മാറിക്കഴിഞ്ഞു. വസന്തോത്സവത്തില്‍ നൂറ് ശതമാനം മാലിന്യരഹിത പ്രദര്‍ശനശാലയുമായാണ് തിരുവനന്തപുരം നഗരസഭ എത്തിയിരിക്കുന്നത്. മുളയും പനയോലപായയും മുറങ്ങളുമടക്കം പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ മാലിന്യപരിപാലനപദ്ധതിയായ എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെയും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെയും വിശദാംശങ്ങളും നഗരസഭയുടെ നേട്ടങ്ങളും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ വീടുകളിലും സ്വന്തമായി ഒരു അടുക്കളത്തോട്ടമെന്ന ലക്ഷ്യവുമായാണ് കൃഷിവകുപ്പ് മേളയിലുള്ളത്. അതിന് സഹായകമാകുന്ന വിധത്തിലാണ് കാര്‍ഷിക വിപണന പ്രദര്‍ശനമേള ഒരുക്കിയിരിക്കുന്നത്. തക്കാളി, മുളക്, കാബേജ്, വെണ്ട തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളുടെയും തൈകള്‍ മേളയില്‍ ലഭ്യമാണ്. കൃഷി ഉദ്യോഗസ്ഥര്‍ തന്നെ ഇവ നടുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.

മേളയുടെ ഭാഗമായി നടത്തിയ ഫ്‌ളവര്‍ ഇന്‍സ്റ്റലേഷന്‍ മത്സരത്തില്‍ പൂക്കള്‍ കൊണ്ട് മയിലിനെ നിര്‍മിച്ച ഗോകുലാണ് ഒന്നാംസമ്മാനം നേടിയത്. രണ്ടാം സമ്മാനം വിഷ്ണുവും മൂന്നാം സമ്മാനം ജോയിയും നേടി. കട്ട് ഫ്‌ളവര്‍ മത്സരത്തില്‍ ഒന്നാം സമ്മാനം ദേവിയും രണ്ടാം സമ്മാനം ജോസും മൂന്നാം സമ്മാനം അയ്യപ്പനും കരസ്ഥമാക്കി. വെജിറ്റബിള്‍ കാര്‍വിങ്ങില്‍ ലാലു എം.കെ. ഒന്നാം സ്ഥാനവും വിഷ്ണു രണ്ടാം സ്ഥാനവും ജിത്തു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.