പള്ളിയ്ക്കല്‍: കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പള്ളിയ്ക്കല്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു പരാതി. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്ലോക്ക് പഞ്ചായത്താണ് പള്ളിയ്ക്കല്‍ പി.എച്ച്.സി.യെ സി.എച്ച്.സി.യാക്കിയത്. എന്നാല്‍, അടിസ്ഥാനസൗകര്യം ഒരുക്കാത്തതിനെതിരേ അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.

സാമൂഹികാരോഗ്യകേന്ദ്രമാക്കിയിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരോ, അനുബന്ധ ജീവനക്കാരോ, കെട്ടിടങ്ങളോ ഇവിടെയില്ല. പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ട് മൂന്നുവര്‍ഷത്തോളമായെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. പള്ളിയ്ക്കല്‍ മേഖലയില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രികളൊന്നുമില്ല. നാട്ടുകാരുടെ ആശ്രയമായ ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി ആധുനികീകരിക്കണമെന്നു വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്.

നാല് ഡോക്ടര്‍മാരുണ്ടെങ്കിലും എല്ലാ സമയത്തും ഇവരുടെ സേവനം ലഭ്യമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പഴയ രണ്ട് കെട്ടിടങ്ങള്‍ മാത്രമേയുള്ളൂ. ലാബ്, എക്‌സ്-റേ, കിടത്തിച്ചികിത്സ എന്നിവയ്‌ക്കൊന്നും സൗകര്യമില്ല.

അശുപത്രിയുമായി ബന്ധപ്പെട്ടുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും തൃപ്തികരമല്ലെന്ന് ആക്ഷേപമുണ്ട്. സമീപത്തെ പഞ്ചായത്തുകളിലെ പി.എച്ച്.സി.കള്‍ ആധുനികരീതിയില്‍ മാറിയിട്ടും പള്ളിയ്ക്കലിലെ ആശുപത്രി ശോചനീയമായ അവസ്ഥയിലാണ്. കിടത്തിച്ചികിത്സയ്ക്കായി കെട്ടിടം പണിയണമെന്നും ഇരുപത്തിനാല് മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പണി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് ഒ.പി. വിഭാഗം മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

ആധുനിക സൗകര്യങ്ങളൊരുക്കും

പുതിയ പദ്ധതി പ്രകാരം പള്ളിയ്ക്കല്‍ സി.എച്ച്.സി.യെ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി മാറ്റും. ആശുപത്രിയില്‍ ശീതീകരിച്ച ഫാര്‍മസി, ആധുനിക സൗകര്യങ്ങളുള്ള ലാബ്, അഞ്ച് നിലകളോടുകൂടിയ ഐ.പി. ബ്ലോക്ക് എന്നിവ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ശ്രീജാഷൈജുദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്