വര്‍ക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ഇടവ ഗ്രാമപ്പഞ്ചായത്തിലെ പൊഴി പ്രദേശത്തിനടുത്ത് ഇരുന്നൂറോളം കണ്ടല്‍ച്ചെടികള്‍ നട്ടു. യൂണിറ്റിലെ നൂറ് കുട്ടികള്‍ രണ്ട് കണ്ടല്‍ച്ചെടികള്‍ വീതം നട്ടു. കണ്ണൂര്‍ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകനും അറിയപ്പെടുന്ന കണ്ടല്‍ സംരക്ഷകനുമായിരുന്ന കല്ലേന്‍ പൊക്കുടന്റെ മകന്‍ അനന്തന്‍ പൊക്കുടന്‍ മുഖ്യാതിഥിയായി.

കല്ലേന്‍ പൊക്കുടന്‍ മാന്‍ഗ്രോവ് ട്രീ ട്രസ്റ്റ് രണ്ടുലക്ഷം കണ്ടല്‍ച്ചെടി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി. ശ്രീനാരായണ കോളേജ് പ്രിന്‍സിപ്പല്‍ എല്‍.തുളസീധരന്‍, പ്രോഗ്രാം ഓഫീസര്‍ പ്രവീണ്‍കുമാര്‍, ലക്ഷ്മി എസ്. എന്നിവര്‍ കണ്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഇടവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അര്‍ഷാദ്, വാര്‍ഡ് മെമ്പര്‍ രാജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.