കിളിമാനൂർ: കാരേറ്റ് ടയർ റിപ്പയറിങ്‌ കടയിൽ ആയുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, കട അടിച്ചുതകർക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ.

വാമനപുരം ധനവർഷിണിയിൽ ധനീഷ് (30), നെല്ലനാട് അമ്പലംമുക്ക് ലക്ഷ്മി വിലാസത്തിൽ ഗോകുൽ (25), കണിച്ചോട് വലിയവിളാകത്ത് വീട്ടിൽ അനുരാഗ് (28), അമ്പലംമുക്ക് പടിപ്പുര വീട്ടിൽ പ്രിൻസ് (29), അമ്പലംമുക്ക് സുനിത ഭവനിൽ കൃഷ്ണ (20) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വിവിധ അടിപിടി കേസുകളിൽ പ്രതിയായ ഇവർ ഇക്കഴിഞ്ഞ 31-ന് വാമനപുരം പാലത്തിന് സമീപത്തെ ബാർ ഹോട്ടലിന് സമീപമുള്ള ടയർ കടയിൽ മാരകായുധങ്ങളുമായി ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയും കടയിൽ കയറി ജീവനക്കാരനായ അരുൺകുമാറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

കിളിമാനൂർ സി.ഐ. കെ.ബി. മനോജ് കുമാർ, എസ്.ഐ.അഷറഫ്, അബ്ദുള്ള, ഷാജി, അബ്ദുൽ സലാം, കൃഷ്ണൻകുട്ടി ,സുനിൽകുമാരി, സി.പി.ഒ. മാരായ സോജു, ബിനു, വിനീഷ്, മോഹനൻ, അജോ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.