തിരുവനന്തപുരം: മൃഗശാലയിലെ മാലിന്യനീക്കം സ്തംഭിച്ചിട്ട് ഒരുവര്‍ഷം. മൃഗശാലയിലെ മൃഗങ്ങള്‍ സാംക്രമിക രോഗഭീഷണിയില്‍. മൃഗശാലയിലെ ഏക കാണ്ടാമൃഗത്തെ സംരക്ഷിക്കുന്ന കൂടിനു സമീപമാണ് വലിയതോതില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മൃഗശാല സ്ഥിതിചെയ്യുന്ന 35 ഏക്കര്‍ പരിസരത്തെ മാലിന്യങ്ങളാണിവിടെ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങളില്‍നിന്നു വലിയ തോതിലാണ് ദുര്‍ഗന്ധം വമിക്കുന്നുണ്ട്.

കരാര്‍ പുതുക്കാത്തതാണ് മാലിന്യനീക്കം സ്തംഭിക്കാന്‍ കാരണമെന്ന് മൃഗശാലാ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വര്‍ഷങ്ങളായി മ്യൂസിയത്തിലെയും മൃഗശാലയിലെയും മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ സ്വകാര്യവ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിക്കുകയാണ് പതിവ്. എന്നാല്‍, ഒരു വര്‍ഷം മുന്‍പ് മൃഗശാലയെ ഒഴിവാക്കി മ്യൂസിയത്തെ പൂന്തോട്ടത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ മാത്രമാണ് ദര്‍ഘാസ് ക്ഷണിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൃഗശാലയിലെ മാലിന്യം നീക്കം ചെയ്യുന്നതില്‍നിന്നു കരാറുകാരനെ ഒഴിവാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്.

നിലവില്‍ മൃഗശാലയിലെ മാലിന്യം മണ്ണിര കമ്പോസ്റ്റിങ്ങിലൂടെ വളമാക്കി വില്‍ക്കുന്നുണ്ട്. കിലോയ്ക്ക് ആറുരൂപ നിരക്കിലാണ് വളം വില്‍ക്കുന്നത്. വളത്തിന്റെ കച്ചവടം കുറഞ്ഞതോടെ ഉത്പാദനവും ഗണ്യമായി കുറഞ്ഞു. മണ്ണിര കമ്പോസ്റ്റിങ്ങിലൂടെ വളമാക്കി മാറ്റാന്‍ കഴിയാവുന്നതിലും കൂടുതല്‍ മാലിന്യം പ്ലാന്റിലേക്ക് എത്താനും തുടങ്ങി. ഇതോടെയാണ് മൃഗശാലയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയത്.