തിരുവനന്തപുരം: പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം സ്വന്തം കവിതകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും എന്നും സമൂഹത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്ന കവിയാണ് ഒ.എന്‍.വി.യെന്ന് സുഗതകുമാരി പറഞ്ഞു. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെയും സാഹിത്യ അക്കാദമിയുടേയും ഭാരത് ഭവന്റെയും ആഭിമുഖ്യത്തില്‍ രണ്ടുദിവസത്തെ ഒ.എന്‍.വി. സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഉദ്ഘാടന സമ്മേളനത്തില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വി.എന്‍. മുരളി, പ്രമോദ് പയ്യന്നൂര്‍, വി.സീതമ്മാള്‍, പിരപ്പന്‍കോട് മുരളി, പ്രൊഫ. കെ.എന്‍. ഗംഗാധരന്‍, പി.എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഒ.എന്‍.വി.യുടെ മകന്‍ രാജീവ് ഒ.എന്‍.വി.യും ചെറുമകള്‍ അപര്‍ണയും കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഒ.എന്‍.വി.യുടെ കവിതകള്‍, ചലച്ചിത്രഗാനങ്ങള്‍, നാടകഗാനങ്ങള്‍ എന്നിവയില്‍ സ്‌കൂള്‍, കോളേജ്തലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മത്സരങ്ങള്‍ നടന്നു.
 
ഒ.എന്‍.വി.സ്മൃതിയില്‍ ഞായറാഴ്ച രാവിലെ പത്തിന് 'ഒ.എന്‍.വി.യും പുരോഗമനസാഹിത്യവും' എന്ന വിഷയത്തില്‍ പ്രമുഖ സാഹിത്യകാരന്മാര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഭാരത് ഭവനില്‍ നടക്കും. വൈകുന്നേരം സമാപനസമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.