തിരുവനന്തപുരം: ഓഖി ദുരിതമേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് ആവശ്യപ്പെട്ടു.

ആറുമാസത്തേക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി നല്‍കണമെന്നും ആറുമാസത്തേക്ക് 2000 രൂപ വീതം ദുരന്തനിവാരണ ഫണ്ടില്‍ നിന്നു മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറേഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വിഴിഞ്ഞം അരുള്‍ദാസിന്റെ അധ്യക്ഷതയില്‍ കേരള ജനപക്ഷം ജില്ലാ പ്രസിഡന്റ് കെ.ഒ.രാജന്‍, ജനതാദള്‍ മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മാര്‍ഷല്‍, ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഞ്ചുതെങ്ങ് അനില്‍ ആബേല്‍, വര്‍ക്കല സബേഷന്‍, വിഴിഞ്ഞം പനയടിമ, ജലീല്‍ ചാര്‍ളി എന്നിവര്‍ സംസാരിച്ചു.