തിരുവനന്തപുരം: സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. സ്വകാര്യവാഹനങ്ങളും കെ.എസ്.ആര്‍.ടി.സി.യും നിരത്തിലിറങ്ങി. സ്വകാര്യബസുകളും പണിമുടക്കി. തമ്പാനൂരില്‍ യാത്രക്കാരുമായിവന്ന കാര്‍ സമരാനുകൂലികള്‍ തടഞ്ഞത് നേരിയ വാക്കേറ്റത്തിന് ഇടയായി. സി.ഐ.ടി.യു. ജില്ലാ കൗണ്‍സില്‍ അംഗത്തിന് ചെറിയ പരിക്കേറ്റു. ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.
തടഞ്ഞുവച്ച കാര്‍ പിന്നീട് പോലീസ് ഇടപെട്ട് വിട്ടയച്ചു. ജില്ലയില്‍ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല.
 
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. വ്യാഴാഴ്ച അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി അവസാനിച്ചു. ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. അധിക സര്‍വീസ് നടത്തി. മെഡിക്കല്‍ കോളേജ്, ആര്‍.സി.സി. എന്നിവിടങ്ങളിലേക്കും പ്രത്യേക ബസ് സര്‍വീസ് നടത്തി. ബസ് സ്റ്റാന്‍ഡുകളില്‍ യാത്രക്കാരെ സഹായിക്കാനായി പോലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. തമ്പാനൂരില്‍ സമരാനുകൂലികള്‍ സര്‍വീസ് നടത്തിയ ഓട്ടോ, ടാക്‌സികള്‍ തടഞ്ഞു. പണിമുടക്കില്‍നിന്ന് വിട്ടുനിന്ന ബി.എം.എസ്. യൂണിയനില്‍പ്പെട്ടവരുടെ വാഹനങ്ങള്‍ നിരത്തിലിറങ്ങി.

ചില സ്ഥലങ്ങളില്‍ സര്‍വീസ് നടത്തിയ ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകളെ തടയാന്‍ ശ്രമമുണ്ടായെങ്കിലും പോലീസ് പിന്തിരിപ്പിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തമ്പാനൂരില്‍നിന്ന് എ.ജി. ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. എ.ജി. ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) ജനറല്‍ സെക്രട്ടറി പട്ടം ശശിധരന്‍ അധ്യക്ഷനായിരുന്നു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഷിഹാബുദ്ദീന്‍ കയ്യത്ത് (ഐ.എന്‍.ടി.യു.സി.), എസ്.ഗോപന്‍ (യു.ടി.യു.സി.), വള്ളക്കടവ് ഗഫൂര്‍ (എസ്.ടി.യു), കവടിയാര്‍ ധര്‍മന്‍ (കെ.ടി.യു.സി) എന്നിവര്‍ പങ്കെടുത്തു.