തിരുവനന്തപുരം: ക്രിസ്മസ് ട്രീയും കേക്കും നക്ഷത്രങ്ങളും സാന്താക്ലോസും... ബലൂണുകളുടെ ഇടയില്‍ വെള്ളയുടുപ്പുകളുമായി കുട്ടിക്കൂട്ടം. മന്ത്രിയും ഭാര്യയും കൊണ്ടുവന്ന കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം.

സംസ്ഥാന ശിശുക്ഷേമസമിതിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിലാണ് മന്ത്രി എം.എം.മണിയും ഭാര്യ ലക്ഷ്മിക്കുട്ടിയും എത്തിയത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ തൂവെള്ള നിറത്തിലുള്ള വസ്ത്രത്തിലാണ് മന്ത്രിയും ഭാര്യയും എത്തിയത്. അലങ്കരിച്ച ഹാളിനുള്ളില്‍ ബലൂണുകളുമായി കുഞ്ഞു കസേരകളില്‍ കുട്ടികളും. മന്ത്രി കൊണ്ടുവന്ന കേക്ക് ഭാര്യയും സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക്കും ജി.രാധാകൃഷ്ണനുംചേര്‍ന്ന് മുറിച്ചു നല്‍കി.

കഴിഞ്ഞദിവസം സമിതിയിലെത്തിയ പുതിയ അതിഥിക്ക് ഏയ്ഞ്ചല്‍ എന്നു മന്ത്രി പേരിട്ടു. നാലുദിവസം പ്രായമായ കുഞ്ഞിനെ വ്യാഴാഴ്ച രാത്രി 11.45നാണ് അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ചത്. ദത്തെടുക്കല്‍കേന്ദ്രവും അമ്മത്തൊട്ടിലും മന്ത്രിയും ഭാര്യയും സന്ദര്‍ശിച്ചു. കുട്ടികളോടൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സമിതി ജില്ലാ ട്രഷറര്‍ ജി.എല്‍. അരുണ്‍ ഗോപിയും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും സമിതി ജീവനക്കാരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.