തിരുവനന്തപുരം: ചലച്ചിത്രമേളയുടെ സംഘാടകര്‍ക്ക് ആശംസകളും നല്ല സിനിമകളുമായി അടുത്തവര്‍ഷം കാണാം തുടങ്ങിയ സന്ദേശങ്ങളുമായി ക്ലബ്ബ് എഫ്.എം. മെട്രിക്‌സ് ഇവെന്റ്‌സുമായി ചേര്‍ന്ന് ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ റാലി ഉദ്ഘാടനം ചെയ്തു.

ടാഗോറിലെ പ്രധാനവേദിയില്‍നിന്ന് തുടങ്ങി വെള്ളയമ്പലം, തമ്പാനൂര്‍, ആയുര്‍വേദ ജങ്ഷന്‍, പാളയം, കനകക്കുന്ന് വഴി ടാഗോറില്‍ എത്തിയ റാലിയെ മന്ത്രി കെ.ടി.ജലീല്‍ സ്വീകരിച്ചു. മികച്ച സംഘാടനംകൊണ്ടും നല്ല സിനിമകള്‍കൊണ്ടും ഇപ്രാവശ്യത്തെ ഫെസ്റ്റിവല്‍ സിനിമാപ്രേമികള്‍ അംഗീകരിച്ചതിന്റെ തെളിവാണ് ക്ലബ്ബ് എഫ്.എം. സംഘടിപ്പിച്ച ഈ റാലിയെന്നും മന്ത്രി പറഞ്ഞു.

അക്കാദമി വൈസ് ചെയര്‍മാന്‍ ബീനപോള്‍, സെക്രട്ടറി മഹേഷ്പഞ്ചു, ക്ലബ്ബ് എഫ്.എം. ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വനിതാ റൈഡര്‍ ഷൈനിരാജ്കുമാര്‍ നയിച്ച റാലിയില്‍ റോയല്‍ റൈഡേഴ്‌സ് ടീമംഗങ്ങളും പങ്കെടുത്തു.