തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തെത്തുടര്‍ന്ന് ജില്ലയില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതിനും സംഘര്‍ഷമുണ്ടാക്കിയതിനും മറ്റുമായി ഏതാനുംപേരെ അറസ്റ്റ് ചെയ്തു.

കശ്മീരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന സന്ദേശമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സാമൂഹികമാധ്യമ കൂട്ടായ്മയുടെ പേരിലാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. പാളയത്ത് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. നാലുപേരെ അറസ്റ്റുചെയ്തു.

നെടുമങ്ങാട്, ബാലരാമപുരം മേഖലകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കടകള്‍ അടപ്പിക്കാനുള്ള ശ്രമംനടന്നു. നെടുമങ്ങാട്, പനവൂര്‍, പാലോട്, ചുള്ളിമാനൂര്‍, തൊളിക്കോട് മേഖലകളില്‍ നിര്‍ബന്ധിപ്പിച്ച് ഒരു സംഘമാളുകള്‍ കടകള്‍ അടപ്പിച്ചു. ആര്യനാട്, വെള്ളനാട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇന്ധനം നിറയ്ക്കാനെത്തിയവര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് പമ്പുകള്‍ പിന്നീട് തുറന്നു. ഈ മേഖലകളില്‍ രാവിലെ ഏഴുമുതല്‍ ഒന്‍പതുമണിവരെ കെ.എസ്.ആര്‍.ടി.സി. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞത് യാത്രാക്ലേശമുണ്ടാക്കി. പലയിടത്തും സംഘര്‍ഷത്തിലേക്ക് നീങ്ങിയത് പോലീസ് ഇടപെട്ട് നിയന്ത്രിച്ചു.

വാഹനങ്ങള്‍ തടഞ്ഞതിനും റോഡ് ഉപരോധിച്ചതിനും മറ്റുമായി 12 പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. കന്യാകുളങ്ങര, വെമ്പായം എന്നിവിടങ്ങളിലും ഒരു സംഘമാളുകള്‍ കടകളും മറ്റു സ്ഥാപനങ്ങളും നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചു. ഉച്ചയോടെ പല കടകളും തുറന്നു. ഈ മേഖലയിലും സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടയാന്‍ ശ്രമമുണ്ടായി.

ബാലരാമപുരം പ്രദേശത്തും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ഹര്‍ത്താലായി മാറി. സവാരിനടത്താന്‍ ശ്രമിച്ച രണ്ട് ഓട്ടോറിക്ഷകള്‍ക്കുനേരേ അക്രമമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ബാലരാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ പ്രദേശത്ത് പൊതുചന്ത പ്രവര്‍ത്തിക്കുന്നതും ഒരു സംഘമാളുകള്‍ തടഞ്ഞു. പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പിന്നീട് കടകള്‍ തുറന്നു.

തലസ്ഥാന നഗരത്തിലും വിവിധയിടങ്ങളില്‍ ഹര്‍ത്താലിന്റെ പേരില്‍ കടകളടപ്പിച്ചു. പാളയത്ത് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. സാഫല്യം കോംപ്ലക്‌സിലുള്ള കടകള്‍ അടപ്പിക്കുന്നതു തടഞ്ഞ പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ ശ്രീജിത്ത്, എ.ആര്‍. ക്യാമ്പിലെ നന്ദു എന്നിവര്‍ക്ക് പരിക്കേറ്റു. പട്ടികക്കഷണം കൊണ്ടുള്ള അടിയേറ്റാണ് ഇവര്‍ക്ക് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. പാളയത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് മുഹമ്മദ് ഷാന്‍, റമീസ്, തയ്യിബ്, മുഹമ്മദ് നിഹാസ് എന്നിവരെ അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. തകരപ്പറമ്പ്, ചാല, മണക്കാട് പ്രദേശങ്ങളിലും ഹര്‍ത്താലെന്ന പേരില്‍ ഒരു സംഘം കടകളടപ്പിച്ചു.

ഹര്‍ത്താല്‍ അനുകൂലികളെന്നപേരില്‍ ഒരു സംഘം ആളുകള്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് തങ്ങളെന്നും അവര്‍ അറിയിച്ചു. നഗരത്തില്‍ അടപ്പിച്ച പല കടകളും പിന്നീട് തുറന്നു.