തിരുവനന്തപുരം: മഴ പെയ്യാത്തതോടെ നെയ്യാര്‍, പേപ്പാറ ജലസംഭരണികളില്‍ ജലനിരപ്പ് മുന്‍വര്‍ഷങ്ങളിലേക്കാള്‍ കുറഞ്ഞനിലയില്‍. കാലവര്‍ഷസമയത്തുണ്ടാകുന്ന ജലനിരപ്പിനേക്കാള്‍ അറുപതുശതമാനത്തിലധികം കുറവാണ് ഇരുഡാമുകളിലെയും ജലനിരപ്പെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ വിലയിരുത്തി.

നിലവിലെ സ്ഥിതിയനുസരിച്ച് അറുപതുദിവസത്തേക്ക് മാത്രമുള്ള വെള്ളമാണ് ഡാമുകളിലുള്ളത്. ഭൂഗര്‍ഭജലനിരപ്പും കഴിഞ്ഞവര്‍ഷത്തേക്കാള്‍ താഴ്ന്നനിലയിലാണ്. കുഴല്‍ക്കിണറുകള്‍ റീചാര്‍ജാവുന്ന തരത്തിലുള്ള മഴ ലഭിച്ചിട്ടില്ല. മലയോരത്തും തീരദേശത്തും ഭൂഗര്‍ഭ ജലലഭ്യതയിലും ഗുണമേന്മയിലും പ്രശ്‌നങ്ങളുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്റ്റംബര്‍ മാസത്തെ മഴ ലഭ്യതകൂടി കണക്കിലെടുത്ത ശേഷം ജലവിതരണത്തില്‍ നിയന്ത്രണമുള്‍പ്പെടെ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ എസ്.വെങ്കടേശപതി യോഗത്തില്‍ പറഞ്ഞു.

ജലവിനിയോഗത്തില്‍ ജനങ്ങള്‍ സ്വയം മിതത്വവും നിയന്ത്രണവും പാലിക്കുകയും ജലസ്രോതസ്സുകളുടെ സംരക്ഷണവും റീ ചാര്‍ജിങ്ങും ഉറപ്പുവരുത്തുകയും വേണം. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ അടുത്ത വേനലിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ക്കായി റോഡുപൊളിച്ച് പണി നടത്തുന്ന വകുപ്പുകള്‍ സ്വന്തം ചെലവില്‍ തന്നെ റോഡ് പൂര്‍വസ്ഥിതിയിലാക്കുന്നതിന് ബാധ്യസ്ഥരാണെന്ന് യോഗം വിലയിരുത്തി. അതിനുള്ള തുക കൂടി പദ്ധതിയില്‍ വിലയിരുത്തണം. കുഴിച്ച സ്ഥലം മണ്ണ് ഉപയോഗിച്ച് മൂടുന്നത് മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്നും യോഗം വിലയിരുത്തി. വീഴ്ചവരുത്തുന്ന വകുപ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.